കൊച്ചി : ആദ്യം കുറ്റിക്കാട്ടില്‍ കിടന്നിരുന്ന തെരുവുനായ നായ്ക്കളെ കടിച്ചു, പിന്നെ ഒരു പൂച്ചയെയും കടിച്ചുപറിച്ചു. ഇതു കഴിഞ്ഞ് ടെസ്റ്റ് ഗ്രൗണ്ടിലേക്കും പിന്നീട് റോഡിലേക്കും കയറിയിറങ്ങി ഓടിനടന്ന് ആളുകളെ കടിച്ചുകീറി.
ഇന്നലെ രാവിലെ എട്ടരയോടെ തൃക്കാക്കര മുനിസിപ്പല്‍ ഗ്രൗണ്ടിന് സമീപത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലും പരിസര പ്രദേശത്തും അലഞ്ഞുതിരിയുന്ന നായ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റത് എട്ടുപേര്‍ക്ക്. തിരച്ചിലിനൊടുവില്‍ ആക്രമണം നടത്തിയ നായയെ പോലീസ് ക്വാര്‍ട്ടേഴ്സിനുസമീപം ചത്തനിലയില്‍ കണ്ടെത്തി. ടെസ്റ്റിനെത്തിയ തമ്മനം സ്വദേശിനി ദിയ സുചിത്ര കൃഷ്ണ (19), ഫ്രന്‍ഡ്‌സ് ഡ്രൈവിങ് സ്‌കൂള്‍ പരിശീലകന്‍ ആല്‍ഫി (28), ഡ്രൈവിങ് ടെസ്റ്റിനെത്തിയ ആളുടെ കൂടെയുണ്ടായിരുന്ന ഷാലു (32), തൃക്കാക്കര കാര്‍ഡിനല്‍ സ്‌കൂളിലെ വിദ്യാര്‍ഥി അഭിഷേക് അഭിലാഷ് (17), കാക്കനാട് സ്വദേശികളായ റഹിം (22), ഫാറൂഖ് (25), സിജു വര്‍ഗീസ് (47), കാക്കനാട് സ്വദേശിയായ വീട്ടമ്മ എന്നിവരെയാണ് കടിച്ചത്.
പേവിഷ ബാധയുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് തൃക്കാക്കര നഗരസഭാ അധികൃതര്‍ ചത്തനായയെ തൃശ്ശൂര്‍ മണ്ണുത്തി ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് കൈമാറി.മോട്ടോര്‍ വാഹനവകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ പറമ്പില്‍നിന്ന് മറ്റ് നായ്ക്കളെ കടിച്ചെത്തിയ തെരുവുനായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ‘എട്ടും എച്ചും’ എടുപ്പിക്കുന്ന സമയത്തായിരുന്നു ആക്രമണം നടത്തിയത്. ‘എച്ച്’ എടുക്കാന്‍ തന്റെ ഊഴം കാത്ത് ക്യൂവില്‍നിന്ന തമ്മനം സ്വദേശിനി ദിയയുടെ മുട്ടിനുതാഴെയാണ് നായ കടിച്ചത്. ഇത് ഓടിവന്നു തടയാന്‍ ശ്രമിച്ച സ്‌കൂള്‍ പരിശീലകന്‍ ആല്‍ഫിക്ക് നേരേയായി പിന്നെ നായയുടെ ആക്രമണം.
ഇദ്ദേഹത്തിന്റെ കാലില്‍ കടിച്ചെങ്കിലും ജീന്‍സാണ് കടിച്ച് പറിച്ചത്. തുടര്‍ന്ന് ഗ്രൗണ്ടില്‍ കണ്ടവരെയൊക്കെ കടിക്കാന്‍ നോക്കിയെങ്കിലും പലരും ഓടിമാറി. ഇതിനിടെയാണ് ഗ്രൗണ്ടിനുസമീപം നിന്നിരുന്ന ഷാലുവിന് കടിയേറ്റത്.തുടര്‍ന്ന് ഗ്രൗണ്ടിനുസമീപത്തെ വീട്ടില്‍നിന്ന് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന വീട്ടമ്മയെ ആക്രമിച്ചു. നായ ഓടിപ്പോയ വഴിയിലൂടെ കാല്‍നടയായി പോകുമ്പോഴായിരുന്നു സ്‌കൂള്‍ വിദ്യാര്‍ഥി അഭിഷേക്, റഹിം, ഫാറൂഖ്, സിജു വര്‍ഗീസ് എന്നിവര്‍ക്ക് കടിയേറ്റത്.
പോലീസ് ക്വാര്‍ട്ടേഴ്സ് ഭാഗത്തേക്കുപോയ നായ പിന്നീട് ഒരു കാറിനുസമീപം ചത്തനിലയില്‍ കാണപ്പെടുകയായിരുന്നു.