കണ്ണൂർ : കണ്ണൂർ എ ഡി എം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സി.ബി.ഐ അന്വേഷണമാവശ്യമില്ലെന്ന് ഹൈക്കോടതി. പ്രത്യേക സംഘം കുടുംബത്തിന്റെ ആക്ഷേപങ്ങൾ കൂടി പരിഗണിക്കണമെന്ന് ഉത്തരവ്. കുടുംബത്തിന്റെ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി നടപടി.
സി.ബി.ഐയ്ക്ക് കൈമാറണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂർ ഡിഐജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അന്തിമ വിധിയല്ലെന്ന് മഞ്ജുഷ പറഞ്ഞു. അപ്പീലുമായി മുന്നോട്ടുപോകും മഞ്ജുഷ വ്യക്തമാക്കി. പിന്മാറാന്‍ ഉദേശിക്കുന്നില്ല. ഏതറ്റം വരെയും മുന്നോട്ടുപോകാനാണ് തീരുമാനം. അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഹര്‍ജി കൃത്യമായി പരിഗണിച്ചില്ലെന്ന് മഞ്ജുഷ പറഞ്ഞു. പിന്നോട്ട് മാറാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മഞ്ജുഷ വ്യക്തമാക്കി.
ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. നവീൻ ബാബുവിന്റേത് കൊലപാതകം ആണെന്നതടക്കം സംശയിക്കുന്നതിനാൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം ശരിയായ രീതിയിലാണെന്നും, അതിനാൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട്. ഹർജിയിൽ ആരോപണങ്ങൾ മാത്രമാണ് ഉയർത്തുന്നതെന്നും, വസ്തുതകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചിരുന്നു. കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ നിലപാട് അറിയിച്ചിരുന്നു.