Monday, November 25, 2024
Homeകേരളംവെള്ളക്കെട്ടിന് വീണ്ടും ഒരു ഇര കൂടി: കൃത്യസമയത്ത് ചികിത്സ കിട്ടാതെ വയോധികൻ മരിച്ചു.

വെള്ളക്കെട്ടിന് വീണ്ടും ഒരു ഇര കൂടി: കൃത്യസമയത്ത് ചികിത്സ കിട്ടാതെ വയോധികൻ മരിച്ചു.

തിരുവല്ല: അപ്പർ കുട്ടനാട്ടിൽ പതിവാകുന്ന വെള്ളക്കെട്ടിന് വീണ്ടും ഒരു ഇര കൂടി. നെഞ്ചുവേദനയെ തുടർന്ന് കൃത്യസമയത്ത് ചികിത്സ കിട്ടാതെ വയോധികൻ മരിച്ചു. കേവലം രണ്ട് ദിവസം കനത്ത മഴപെയ്താൽ വെള്ളത്താൽ ചുറ്റപ്പെട്ട് ഒറ്റപ്പെടുന്ന പെരിങ്ങര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന ഗണപതിപുരം നിവാസിയായ ആര്യ ഭവനിൽ പ്രസന്നകുമാറാണ് (68) യഥാസമയം ചികിത്സ ലഭിക്കാതെ വ്യാഴാഴ്ച രാത്രി മരിച്ചത്. കാവുംഭാഗം – ചാത്തങ്കരി റോഡിലെ ഗണപതിപുരം ജംഗ്ഷനിൽ നിന്നും നെടുംമ്പ്രം പഞ്ചായത്തിലെ വൈക്കത്തില്ലത്തേക്ക് പോകുന്ന പ്രധാന റോഡിൽ ഗണപതിപുരം പാലം മുതൽ ഉള്ള 500 മീറ്ററോളം വരുന്ന വെള്ളക്കെട്ടാണ് പ്രസന്നകുമാറിനെ യഥാസമയം ആശുപത്രിയിൽ എത്തിക്കുവാൻ കാലതാമസം ഉണ്ടാക്കിയത്.

വ്യാഴാഴ്ച രാത്രി പത്തരയോടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രസന്നകുമാറിനെ സമീപവാസികളായ നാലുപേർ ചേർന്ന് മൂന്നടിയിലേറെയുള്ള വെള്ളക്കെട്ടിൽ കൂടി കയ്യിൽ ചുമന്ന് ഗണപതിപുരം ജംഗ്ഷനിൽ എത്തിച്ച് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കാനുള്ള കാലതാമസം മൂലം യാത്രാമധ്യേ തന്നെ പ്രസന്നകുമാർ മരിച്ചു. ശക്തമായ മഴപെയ്താൽ പെരിങ്ങര തോട്ടിൽ നിന്നും ഗണപതിപുരം ഭാഗത്തേക്ക് വെള്ളം കയറുന്ന അവസ്ഥയാണുള്ളത്. വൈക്കത്തില്ലം ഭാഗത്തേക്കുള്ള റോഡിൽ കുണ്ടേച്ചിറ ഭാഗത്തും ഏതാണ്ട് 300 മീറ്ററോളം ഭാഗത്തും ഗണപതിപുരത്തിന് സമാനമായ തരത്തിലുള്ള വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.

റോഡിൽ വെള്ളം കയറുന്നതോടെ പ്രദേശവാസികളുടെ യാത്രാ മാർഗ്ഗങ്ങൾ എല്ലാം തന്നെ അടയും. സ്ത്രീകളും വയോധികരും കുട്ടികളും ഉൾപ്പെടെയുള്ളവർ ഏറെ യാത്രാദുരിതം ആണ് ഇത് മൂലം അനുഭവിക്കുന്നത്. മഴ പെയ്യുന്നതോടെ റോഡിലുണ്ടാവുന്ന വെള്ളക്കെട്ട് മൂലം കുട്ടികൾക്ക് സ്കൂളിൽ പോകാൻ സാധിക്കാത്ത സാഹചര്യവും ഉണ്ട്. വർഷങ്ങളായി ഇവിടെ പതിവാവുന്ന വെള്ളക്കെട്ട് മൂലം നിരവധി പേരാണ് നെഞ്ചുവേദന അടക്കമുള്ള അസുഖങ്ങൾ ബാധിച്ച് ആശുപത്രിയിൽ എത്തിക്കാൻ ആവാതെ പാതിവഴിയിൽ മരണപ്പെട്ടിട്ടുള്ളത്. റോഡിൽ വെള്ളക്കെട്ട് പതിവാകുന്ന ഭാഗങ്ങൾ ഉയർത്തി നിർമിച്ച് തങ്ങളെ ദുരിതക്കയത്തിൽ നിന്നും കരകയറ്റണം എന്നതാണ് പ്രദേശവാസികളുടെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments