കോട്ടയം ഏറ്റുമാനൂരിൽ ട്രെയിൻ തട്ടി പാറോലിക്കൽ സ്വദേശിയായ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്. ഇവർ ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്നാണ് ഇടിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റ് പറയുന്നത്. ഹോൺ അടിച്ചിട്ടും ഇവർ മാറിയില്ലെന്നും ലോക്കോ പൈലറ്റ് റെയിൽവേ പൊലീസിന് മൊഴി നൽകി.
പുലര്‍ച്ചെ 5.30ന് കോട്ടയം – നിലമ്പൂർ എക്‌സ്‌പ്രസിന് മുന്നിലേക്ക് ചാടിയാണ് ഇവർ ജീവനൊടുക്കിയത്. സംഭവത്തിന് ശേഷം ലോക്കോ പൈലറ്റ് റെയിൽവേ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പൊലീസിനെയും അറിയിച്ചു. പൊലീസെത്തിയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് മാറ്റിയത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാൽ തിരിച്ചറിയാനായിരുന്നില്ല. വസ്‌ത്രവും ചെരുപ്പും കണ്ടിട്ടാണ് ഒരു സ്‌ത്രീയും രണ്ട് പെൺകുട്ടികളുമാകാം ഇതെന്ന നിഗമനത്തിലെത്തിയത്.
എന്നാൽ, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപവാസികളായ അമ്മയും മക്കളുമാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഇവരുടെ ആത്മഹത്യയിൽ ഷൈനിയുടെ ഭർത്താവിന് നേരെ ആരോപണം ഉയർന്നിട്ടുണ്ട്.
തൊടുപുഴ ചുങ്കം സ്വദേശിയായ ഭർത്താവ് നോബിയുമായി കുറച്ചുകാലങ്ങളായി അകന്നു കഴിയുകയായിരുന്നു ഷൈനിയേയും മക്കളേയും ഇയാൾ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.രാവിലെ പള്ളിയിൽ പോകുന്നു എന്ന് പറഞ്ഞാണ് ഏറ്റുമാനൂരിലെ വീട്ടിൽ നിന്നും ഇവർ ഇറങ്ങിയത്. ഇവരുടെ മകൻ എഡ്വിൻ കൊച്ചിയിലെ സ്പോർട്സ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഏറ്റുമാനൂർ പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.