Logo Below Image
Friday, July 4, 2025
Logo Below Image
Homeകേരളം450 ഫാർമസികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

450 ഫാർമസികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) ഭാഗമായി സംസ്ഥാനം ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ മെഡിക്കൽ സ്റ്റോറുകളിൽ വിൽക്കാൻ പാടില്ല എന്ന സർക്കാർ നിർദ്ദേശം ഏതാണ്ട് പൂർണമായി നടപ്പാക്കാൻ കഴിഞ്ഞു. ഇതിന്റെ ഭാഗമായി 450 ഫാർമസികളുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയും 5 എണ്ണം ക്യാൻസൽ ചെയ്യുകയും ചെയ്തു.

ശക്തമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടായി എന്നുമാത്രമല്ല ഉപയോഗിക്കപ്പെടുന്നത് തന്നെ താരതമ്യേന ഭീഷണി കുറഞ്ഞ ആന്റിബയോട്ടിക്കുകളാണ് എന്ന് ഉറപ്പാക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ നേതൃത്വത്തിൽ എഎംആർ ഉന്നതതലയോഗം ചേർന്നു. പാല്, ഇറച്ചി, മീൻ എന്നിവയിൽ ആന്റിബയോട്ടിക് അവശിഷ്ടം കണ്ടെത്തുന്നതിന് പരിശോധനകൾ ശക്തമാക്കാൻ യോഗം നിർദേശം നൽകി. കാലിത്തീറ്റകളിലേയും,കോഴിത്തീറ്റകളിലേയും ആന്റിബയോട്ടിക്കുകളുടെ അളവ് കുറയ്ക്കാൻ സമഗ്രമായ നടപടി സ്വീകരിക്കാനും നിർദേശം നൽകി.

കേരളത്തിലെ എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കുന്നതിന്റെ ഭാഗമായി ഒരു കളർ കോഡിംഗ് കൊണ്ടുവരാനും തീരുമാനമായി.

3 മാസത്തിനുള്ളിൽ എല്ലാ ആശുപത്രികളും ഇത് നടപ്പിലാക്കണം. ആന്റിബയോട്ടിക് സാക്ഷരതയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങൾക്കുള്ള മാർഗരേഖ പുറത്തിറക്കാനും നിർദേശം നൽകി. ഈ മാർഗരേഖ അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കളർകോഡ് ചെയ്യും. ഈ കളർകോഡിന്റെ അടിസ്ഥാനത്തിൽ മൈക്രോ പ്ലാൻ രൂപീകരിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ആന്റിബയോട്ടിക്-സ്മാർട്ട് ആക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണം.

ഇനിമുതൽ നിർബന്ധമായും ആന്റീബയോട്ടിക്കുകൾ തിരിച്ചറിയാനായി നീലക്കവറിൽ മാത്രമേ നൽകാൻ പാടുള്ളൂ. എല്ലാ ആശുപത്രികളും മെഡിക്കൽ സ്റ്റോറുകളും ഫാർമസികളും ഇത് നടപ്പിലാക്കണം.

കൂടുതൽ ആശുപത്രികളെ ആന്റീബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഐഎംഎ, എപിഐ, ഐഎപി, സിഐഡിഎസ് തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ സ്വകാര്യ മേഖലയിലേയും പ്രവർത്തനം ശക്തിപ്പെടുത്തും. 4 ലക്ഷത്തിലധികം വീടുകളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തി അവബോധം നൽകി. ഈ വർഷം ഡിസംബറോടെ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കാനാണ് ലക്ഷ്യമിടുന്നത്.

രാജ്യത്ത് ആദ്യമായി എറണാകുളം ജില്ല പുറത്തിറക്കിയ ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയിലുള്ള ജില്ലാതല ആന്റിബയോഗ്രാം മറ്റ് ജില്ലകളും ഘട്ടംഘട്ടമായി പുറത്തിറക്കാൻ മന്ത്രി നിർദേശം നൽകി.

കാലഹരണപ്പെട്ടതും ഉപയോഗ ശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് കോഴിക്കോട് നടപ്പിലാക്കിയ എൻപ്രൗഡ് സംസ്ഥാന വ്യാപകമാക്കുന്നതാണ്. 2018ൽ ഒരു എഎംആർ ലാബ് മാത്രമാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവർഷം കൊണ്ട് എല്ലാ ജില്ലകളിലും എഎംആർ ലാബുകൾ സ്ഥാപിക്കാനായി.

ഈ ലാബുകളിലൂടെ ഓരോ മാസവും 10,000 ഓളം സാമ്പിളുകൾ ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയിൽ പരിശോധിച്ചു വരുന്നു. ഇതിലൂടെ സംസ്ഥാനമൊട്ടാകെ 185 ഓളം സ്പോക്ക് ആശുപത്രികളിൽ നിന്ന് കൾച്ചർ സാമ്പിളുകൾ ജില്ലാ എഎംആർ ലാബുകളിൽ പരിശോധിക്കുന്നുണ്ട്.

ആന്റിബയോട്ടിക്ക് മരുന്നുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ കേരളം മാതൃകയെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റർ ഫോർ സയൻസ് എൻവയൺമെന്റ് (സിഎസ്ഇ) അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ദ്വിതീയ തലത്തിലേയും പ്രാഥമിക തലത്തിലേയും എഎംആർ സർവൈലൻസ് നടത്തുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം. 59 ത്രിതീയ ആശുപത്രികളിൽ കാർസ്നെറ്റ് ശൃംഖല വ്യാപിപ്പിക്കാൻ സാധിച്ചു.

മുഖ്യമന്ത്രിയുടെ സയന്റിഫിക് അഡൈ്വസർ ഡോ. എം.സി. ദത്തൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, മറ്റ് വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ