അംബേദ്ക്കര്‍ വിഷയത്തിലെ ആഭ്യന്തരമന്ത്രി അമിത്ഷായുടെ പരാമര്‍ശത്തിന്റെ പേരില്‍ പ്രതിപക്ഷകക്ഷികളായ ഇന്‍ഡ്യാ മുന്നണിയുടേയും ഭരണകക്ഷികളായ എന്‍ഡിഎയുടെയും പ്രതിഷേധം. എന്‍ഡിഎയുടേയും ഇന്‍ഡ്യാ സഖ്യത്തിന്റെയും എംപിമാര്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം വിളിച്ചതോടെ പാര്‍ലമെന്റ് വളപ്പില്‍ സംഘര്‍ഷ അന്തരീക്ഷം ഉടലെടുത്തു. പ്രതിഷേധവുമായി ഇരുപക്ഷവും മുഖാമുഖം വന്നതോടെ പാര്‍ലമെന്റ് വളപ്പില്‍ സംഘര്‍ഷാന്തരീക്ഷമായി.
രാജ്യസഭയില്‍ ഭരണഘടനാ ചര്‍ച്ചയ്ക്കിടെ ഡോ ബിആര്‍ അംബേദ്കറുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. അംബേദ്ക്കര്‍ പരാമര്‍ശത്തിന്റെ പേരില്‍ അമിത്ഷാ മാപ്പുപറയണമെന്നും ആഭ്യന്തരമന്ത്രിസ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ല്‍മെന്റ് കോംപ്ലക്‌സിലെ അംബേദ്ക്കര്‍ പ്രതിമയ്ക്ക് മുന്നില്‍ ഇന്‍ഡ്യ മുന്നണി അംഗങ്ങള്‍ പ്രതിഷേധമാര്‍ച്ച് നടത്തി.
രാജ്യസഭയില്‍ ബിആര്‍ അംബേദ്കറിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യാ സംഘം മകരദ്വാറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അതേസമയം കോണ്‍ഗ്രസാണ് അംബേദ്ക്കറിനെ അപമാനിച്ചതെന്ന് ആരോപിച്ച് ബിജെപി എംപിമാരും പാര്‍ലമെന്റിനുള്ളില്‍ പ്രതിഷേധിച്ചു. പ്രതിപക്ഷ പാര്‍ട്ടി ക്ലിപ്പുചെയ്ത വീഡിയോകള്‍ പ്രചരിപ്പിച്ച് വിലകുറഞ്ഞ തന്ത്രങ്ങള്‍ കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഇരുകൂട്ടരും അംബേദ്ക്കറിന്റെ ഫോട്ടോ പതിച്ച പ്ലക്കാര്‍ഡുമായാണ് പ്രതിഷേധിക്കുന്നത്. തന്റെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് വളച്ചൊടിച്ചെന്നാണ് ഷായുടെ വാദം.
ബിആര്‍ അംബേദ്കറുടെ ഫോട്ടോയില്‍ കൃത്രിമം കാണിച്ച് ബി.ജെ.പി സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇത് ബാബാ സാഹിബിനോടുള്ള അപമാനമാണെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബാബാ സാഹിബിന്റെ പ്രതിമകള്‍ നശിപ്പിക്കുന്ന ഇതേ മാനസികാവസ്ഥയാണ് ബാബാ സാഹിബിനെ അപമാനിക്കുന്നതെന്നും ഇത് ഭരണഘടനാ ശില്പിയോടുള്ള അവഹേളനമാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.