പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു. ഗുണ്ഡിച്ച ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടം. പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ രണ്ട് സ്ത്രീകളും 70കാരനും ഉൾപ്പെടുന്നു. ശാരദാബലി ഭാഗത്ത് പുലർച്ചെ നാലരയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള ഗുണ്ഡിച്ച ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ ജഗന്നാഥൻ, ബലദ്രൻ, സുഭദ്ര എന്നിവരുടെ പേരിലുള്ള മൂന്നു രഥങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിൽ ബലഭദ്ര ഭഗവാന്റെ രഥം വലിക്കാൻ വൻ ജനക്കൂട്ടം എത്തിയതിനെ തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്.
രഥയാത്ര ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ ആയിരക്കണക്കിന് ഭക്തർ ജഗന്നാഥനെ ദർശിക്കാൻ തള്ളിക്കയറിയതാണ് അപകടത്തിനിടയാക്കിയത്. ക്ഷേത്ര കവാടങ്ങൾക്ക് സമീപം പെട്ടെന്നുണ്ടായ ജനപ്രവാഹം പരിഭ്രാന്തി പരത്തുകയായിരുന്നു.