കൊൽക്കത്ത: അച്ഛൻ വീട്ടിൽ നിന്ന് പുറത്തുപോയി തിരികെ വന്നപ്പോൾ ഏഴാം ക്ലാസുകാരിയെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ. കൊൽക്കത്തയിലെ സാൾട്ട് ലേക്കിലാണ് നാല് നിലകളുള്ള അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ താഴെ അദ്രിജ സെൻ എന്ന 13കാരിയെ കണ്ടെത്തിയത്.ഞായറാഴ്ച രാത്രി കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രാത്രി 8.40ഓടെ എന്തോ വീഴുന്ന ശബ്ദം കേട്ടതായി അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാർ പറയുന്നുണ്ട്.
അസ്വഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നതെങ്കിലും ദുരൂഹത സംശയിച്ച് മാതാപിതാക്കൾ പരാതി നൽകിയത് പിന്നാലെ മറ്റ് വകുപ്പുകൾ ചേർത്തു.കുട്ടിയുടെ ഷൂസ് കെട്ടിടത്തിന്റെ ടെറസിൽ നിന്ന് കിട്ടിയതായി പൊലീസ് പറഞ്ഞു. ഇത് കുട്ടി അവിടേക്ക് പോയതിന്റെ തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നു. തനിക്ക് ആളുകളെ ഇഷ്ടമല്ലെന്നും മരിക്കണമെന്നും എഴുതി വെച്ചിട്ടുള്ള കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ കുട്ടിയ്ക്ക് ഒരു തരത്തിലുമുള്ള പ്രയാസങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് അച്ഛൻ സുബ്രത സെൻ പറയുന്നത്. സന്തോഷമുള്ള കുട്ടിയായിരുന്നു.
നീന്തലിലും മറ്റ് കായിക ഇനങ്ങളിലും പരിശീലനം നേടിയിരുന്നു. പഠനത്തിലും മിടുക്കിയായിരുന്ന അവൾ ഒരിക്കലും മാനസിക സമ്മദർനത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെന്ന് അച്ഛൻ പറയുന്നു. ഞായറാഴ്ച കുട്ടിയ്ക്ക് കഴിക്കാൻ സ്നാക്സ് കൊടുത്ത ശേഷം രാത്രി 8.30താൻ പുറത്തേക്ക് പോയെന്ന് അച്ഛൻ പറഞ്ഞു. സ്കൂളിലേക്കുള്ള ചില സാധനങ്ങൾ വാങ്ങാനാണ് പോയത്. പത്ത് മിനിറ്റിൽ മടങ്ങിയെത്തിയപ്പോഴേക്കും കെട്ടിടത്തിന് താഴെ രക്തത്തിൽ കുളിച്ച നിലയിൽ മകൾ വീണ് കിടക്കുന്നതാണ് കണ്ടതെന്ന് മുൻ സ്കൂൾ ഇൻസ്പെക്ടർ കൂടിയായ പിതാവ് വിശദീകരിച്ചു.