Monday, December 23, 2024
Homeകഥ/കവിതമരോട്ടിച്ചാൽ - (കഥ) ✍ കാവല്ലൂർ മുരളീധരൻ

മരോട്ടിച്ചാൽ – (കഥ) ✍ കാവല്ലൂർ മുരളീധരൻ

കാവല്ലൂർ മുരളീധരൻ - മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി

നാട്ടിൽ വരുമ്പോൾ നല്ല തിരക്കാണ്. പരമാവധി യാത്രകൾ ചെയ്യണം, പ്രകൃതിയെയും അവിടെ അധിവസിക്കുന്നവരെയും കാണണം. കണ്ണെത്താത്ത കാഴ്ചകൾ തന്റെ ഉള്ളിൽ നിറച്ചു മരുഭൂമിയിലേക്ക് തിരിച്ചുപോകണം, ആ ഓർമ്മകൾ അയവിറക്കി അടുത്ത അവധിക്കായി കാത്തിരിക്കണം.

ഇത്തവണ പല യാത്രകളും പാളിപ്പോയി. വളരെ സൂക്ഷ്മമായി സമയം ചിലവാക്കുന്ന ഒരാളാണ് അയാൾ. അയാൾക്കറിയാം, ജീവിതത്തിൽ തിരിച്ചുകിട്ടാത്തത് ഒന്ന് മാത്രമേയുള്ളൂ, സമയം. വെറുതെകളയുന്ന ഓരോ നിമിഷവും ജീവിതത്തിൽ നഷ്ടപ്പെടുത്തുന്നതാണ്. ചിലർ കരുതും, നാളെയാകട്ടെ, പിന്നെയാകട്ടെ എന്നൊക്കെ, ആ നാളെകൾ ഒരിക്കലും വരില്ല, അത് നിങ്ങൾ ഇന്ന്തന്നെ നഷ്ടപ്പെടുത്തിക്കഴിഞ്ഞു.

ഇപ്പോൾ, ഈ നിമിഷത്തിൽ കൂടുതൽ സന്തോഷമായി, വേദനയാണെങ്കിൽ കൂടി, അതിന്റെ ഏറ്റവും ആഴമേറിയ സാന്ദ്രത അനുഭവിച്ചു മുന്നോട്ട് പോകണം. ജീവിതത്തിൽ, സന്തോഷമോ, സന്താപമോ, ആമോദമോ, ആഹ്ളാദമോ, നഷ്ടമോ, നേട്ടമോ എന്തുമാകട്ടെ, അതെല്ലാം അതിന്റെ പൂർണ്ണതയിൽ അനുഭവിക്കുക. ഒരു വികാരം മാത്രം അനുഭവിച്ചു ജീവിതം തീർക്കാനാവില്ല.

ഇന്നൊരു യാത്ര നടക്കേണ്ടതായിരുന്നു, എന്നാൽ കൂടെ വരാമെന്നേറ്റിരുന്നവർ പിന്മാറിയതിനാൽ നടന്നില്ല. അങ്ങനെയുള്ള അവസ്ഥയിൽ സ്വയം യാത്രപോവുകയാണ് അയാളുടെ പതിവ്. ഇന്നെന്തോ അങ്ങനെ തോന്നിയില്ല.

വീടിന്റെ വരാന്തയിൽ, അച്ഛന്റെ വലിയ നീണ്ട ചാരുകസേരയിൽ നീണ്ടു കിടക്കുകയാണ്, മുന്നിൽ തിങ്ങി നിറഞ്ഞുനിൽക്കുന്ന മരങ്ങൾ എന്നും അയാൾക്ക്‌ ഊർജ്ജമാണ്. അങ്ങനെ കിടക്കുമ്പോൾ ഒന്ന് മയങ്ങി എന്ന് തോന്നുന്നു. ഫോൺ ആണ് അയാളെ വിളിച്ചുണർത്തിയത്.

ഫോണിൽ തെളിഞ്ഞ പേര് അയാളെ അത്ഭുതപ്പെടുത്തി, അരുണിമ. പുല്ലൂർ ഐ ടി സി യിൽ സെക്രെട്ടറിയേറ്റ് പ്രാക്ടിസിന് പഠിക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്ന അരുണിമ. പഠിക്കുന്ന കാലത്ത് തനിക്കു ഏറ്റവും ഇഷ്ടം തോന്നിയിരുന്ന ആൾ. പഠനം കഴിഞ്ഞു രണ്ടുകൊല്ലത്തിനകം അവരുടെ വിവാഹം കഴിഞ്ഞു, താനും വിവാഹത്തിൽ പങ്കു ചേർന്നിരുന്നു. അരുൺ, എല്ലാംകൊണ്ടും അരുണിമക്ക് ചേരുന്ന ഒരാൾ തന്നെയായിരുന്നു.

പിന്നെ താൻ തന്റെ ലോകത്തേക്കും, അരുണിമ അവരുടെ ലോകത്തിലേക്കും പോയി.

എങ്കിലും അരുണിമയുടെ ഫോൺ നമ്പർ താൻ എപ്പോഴെല്ലാം ഫോൺ മാറിയോ അപ്പോഴെല്ലാം സൂക്ഷിച്ചു പകർത്തി വെച്ചു.

“ഹായ് അരുണിമ, പറയൂ”

“നീ അങ്ങനെയല്ലല്ലോ എന്നെ വിളിക്കാറ്, നിന്റെ പ്രിയപ്പെട്ട മുത്തശ്ശിയുടെ പേര് നീ മറന്നുപോയോ?”

“പറയൂ പാറൂ, കാലം മാറുമ്പോൾ, കാലപ്പഴക്കം വരുമ്പോൾ നമ്മളും മാറിപ്പോകും”

“നിന്നെ വിളിക്കുന്നില്ല എന്ന് കരുതി നിന്റെ വിശേഷങ്ങൾ ഞാൻ അറിയുന്നില്ല എന്ന് കരുതരുത്. മാത്രമല്ല, ഞാൻ നിന്നെ സ്ഥിരമായി വായിക്കുന്നുമുണ്ട്. പല കഥകളിൽ പല പല പേരുകൾ തെളിയുമ്പോൾ, അവരുടെ സ്വഭാവരീതികൾ നീ വിവരിക്കുമ്പോൾ, അത് ഞാനാണോ എന്ന് ഞാൻ ചെറുതായെങ്കിലും ഭയപ്പെടാറുണ്ട്. പിന്നെ കരുതും, ഞാൻ എന്തിന് നിന്നെ ഭയക്കണം.

പഠനകാലത്തെ തുറന്നുപറയാത്ത പ്രണയങ്ങൾ, ജീവിതകാലം മുഴുവൻ ജ്വലിപ്പിച്ചുകൊണ്ടുനടക്കുന്ന ആലയാണ്. വേദനകൾ കുമിഞ്ഞുകൂടുമ്പോൾ, അതെല്ലാം വാരിയിട്ട് ഞാൻ എന്റെ ഹൃദയത്തിലെ ആല ജ്വലിപ്പിക്കും. ആ വേദനകൾ ജ്വലിച്ചുകത്തുമ്പോൾ അതിനിടയിൽ നിന്റെ മുഖം തെളിയും, എന്റെ കണ്ണുനീര് തുടച്ചു ഞാൻ പ്രണയത്തോടെ നിന്നെ നോക്കും. നിന്റെ കണ്ണുകളിൽ ഒളിപ്പിച്ച പ്രണയം ഒരു തിരയായി വന്നു എന്നിൽ അടിച്ചു ചിതറും, അപ്പോൾ എനിക്ക് ജീവിതം തിരിച്ചുകിട്ടിയപോലെ തോന്നും.

പെട്ടെന്ന് തന്നെ ഞാൻ നിന്റെ ഒരു കഥാപാത്രമായി മാറിയപോലെ.

നീ ഫ്രീ ആണോ, ഒരു യാത്രപോകണം, എങ്ങോട്ടെങ്കിലും, മനസ്സ് തുറന്നുപറയാവുന്ന ഒരാളുണ്ടെങ്കിൽ വലിയ ഒരാശ്വാസമായിരുന്നു”.

പോകാം, എവിടെ കാണും? അയാൾ ചോദിച്ചു.

കൂടൽമാണിക്യത്തിന്റെ മുന്നിലെ ഗണപതികോവിലിന്റെ കാർ പാർക്കിങ്ങിൽ ചുവന്ന സ്കൂട്ടറുമായി നിൽപ്പുണ്ടാകും. അമ്പലത്തിൽ വരുമ്പോഴൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്, നിന്റെ പത്മയോ, കമലയോ, മാലതിയോ അവിടെയുണ്ടോന്ന്. പത്മ ഇവിടെയുണ്ടെന്ന് തന്നെയാണ് എന്നെപ്പോലെ എല്ലാവരും വിശ്വസിക്കുന്നത്.

ഞാൻ ഇപ്പോൾ തന്നെ വരാം. അയാൾ വേഗം വണ്ടിയുമെടുത്തു പുറപ്പെട്ടു.

പഠിക്കുമ്പോൾ വളരെ മെല്ലിച്ചിരുന്ന അരുണിമ ഇപ്പോൾ അല്പം തടിച്ചിരിക്കുന്നു. എങ്കിലും ആ സൗന്ദര്യത്തിന് ഒരു കോട്ടവുമില്ല. ഒന്ന് കെട്ടിപ്പിടിച്ചു, സുഖമല്ലെടോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.

കാറിൻറെ ഡോർ തുറന്നു അയാൾ പറഞ്ഞു. കയറൂ.

“താനിപ്പോഴും പണ്ടത്തെപ്പോലെ സുന്ദരിയായി പൂത്തുലഞ്ഞു നിൽക്കുകയാണല്ലോ, കണ്ടാൽ ആരായാലും കല്യാണം കഴിക്കട്ടെ എന്ന് ചോദിച്ചുപോകും”

“എന്താ, നിനക്ക് എന്നെ ഇപ്പോൾ കല്യാണം കഴിക്കണമെന്ന് തോന്നുന്നുണ്ടോ? വേണ്ട കാലത്ത് ചോദിച്ചില്ല. എങ്കിലും കാര്യമായിത്തന്നെ ചോദിക്കുകയാണ്, നിനക്കിപ്പോൾ എന്നെ കെട്ടണമെന്ന് തോന്നുന്നുണ്ടോ?”

“ഞാൻ വെറുതെ ചോദിച്ചതാണ് പൊന്നേ” അയാൾ പറഞ്ഞു.

“നീ വെറുതെയാകും ചോദിച്ചത്, എന്നാൽ ഞാൻ കാര്യമായിത്തന്നെയാണ് പറഞ്ഞത്” അരുണിമ പറഞ്ഞു.

“എവിടേക്കാണ് പോകേണ്ടത്? അതിരപ്പിള്ളിയിൽ ആനയിറങ്ങിയിരിക്കുകയാണെന്ന് കേട്ടു, നീ വരുന്നുണ്ടെന്നറിഞ്ഞാൽ ഉൾകാട്ടിലെ കൊമ്പൻ വരെ ഇറങ്ങി വരും”. അയാൾ പറഞ്ഞു.

“അന്നും ഇന്നും ഒരു കൊമ്പനെ എന്റെയുള്ളിൽ മദംപൊട്ടി ചിന്നം വിളിച്ചു നടക്കുന്നുള്ളൂ” അരുണിമ രൂക്ഷമായി പ്രതികരിച്ചു.

ഗണപതികോവിലിന്റെ തെക്കുഭാഗത്ത് കെട്ടിയിരിക്കുന്ന മേഘാർജ്ജുനൻ എന്ന കറുത്ത് സുന്ദരനായ ആനയെ ചൂണ്ടിക്കാട്ടി അരുണിമ പറഞ്ഞു. “നിന്നെ അതേപോലെ എന്റെ ഹൃദയത്തിൽ തളച്ചിട്ടിരിക്കുകയാണ്”.

മരോട്ടിച്ചാലിലേക്ക് പോയാലോ, അധികദൂരമില്ല. ഇപ്പോൾ അങ്ങോട്ട് കടത്തിവിടുന്നുണ്ടെന്നാണ് കേട്ടത്.

പോകാം, എവിടെയായാലും, കുറച്ചുനേരം അവിടെ സമാധാനമായി ഇരിക്കണം. കുറച്ചു സംസാരിക്കണം.

“ഒഴുകുന്ന വെള്ളത്തിൽ കാലുകൾ ഇറക്കി വെക്കണം, ആർത്തലച്ചൊഴുകുന്ന വെള്ളം, അതിന് ഒരുപക്ഷെ എന്റെ ഹൃദയത്തിലും, ആത്മാവിലും, തലച്ചോറിലും തിളയ്ക്കുന്ന ചൂട് കാലിലൂടെ ഒഴുക്കിക്കളയാൻ കഴിഞ്ഞേക്കും”. അരുണിമ പറഞ്ഞു.

“തീർച്ചയായും. പുഴകൾ പുനർജനികളാണ്, ഓരോ ഒഴുക്കും നമ്മെ നവീകരിക്കാനുള്ളതാണ്. മനസ്സിൽ കുമിഞ്ഞുകൂടുന്ന കനം, ഓരോ തവണ മുങ്ങി നിവരുമ്പോഴും നാം പുഴയിൽ ഇറക്കിവെക്കുകയാണ്. എല്ലാ ദുഖവും വ്യഥയും വേദനയും ഏറ്റുവാങ്ങി പുഴ നമ്മെ സ്വാതന്ത്രരാക്കുകയാണ്”.

ആമ്പല്ലൂരിൽ നിന്ന് കിഴക്കോട്ട് തിരിയുമ്പോൾ ഒരു ബേക്കറിയിൽ ഇറങ്ങി പുഴുങ്ങിയ അടയും ചായയും കഴിച്ചു. ബാക്കിയുള്ള അടയെല്ലാം പൊതിഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ കടക്കാരൻ പറഞ്ഞു, ഇനി ഒരടയെ ബാക്കിയുള്ളൂ, വേണമെങ്കിൽ കൊഴുക്കട്ട തരാം. മൂന്നാല് കുപ്പി വെള്ളവും വെച്ചേക്കൂ.

കൊഴുക്കട്ട കണ്ടപ്പോൾ അയാൾ അരുണിമയെ നോക്കി ചിരിച്ചു.

വണ്ടിയിൽ തിരിച്ചുകയറുമ്പോൾ അരുണിമ പറഞ്ഞു, “‘അമ്മ പത്തുവർഷം മുമ്പ് മരിച്ചു, പിന്നെ ഇന്നാണ് കൊഴുക്കട്ട കാണുന്നത്. വീട്ടിൽ പോകുമ്പോഴൊക്കെ അമ്മ കൊഴുക്കട്ട ഉണ്ടാക്കും, ചിലപ്പോഴൊക്കെ അരുൺ കേൾക്കെതന്നെ അമ്മ പറയും, “എടീ, നിന്റെയൊപ്പം പഠിച്ചിരുന്ന ആ ചെക്കനെവിടെയാ, നീ ഉച്ചക്ക് തിന്നാൽ കൊണ്ടുപോകുന്ന കൊഴുക്കട്ടയൊക്കെ തിന്ന്, അവന്റെ ചോറ് നിനക്ക് തന്നിരുന്ന ആ ചെക്കൻ”.

അത് കേൾക്കുമ്പോൾ അരുൺ പൊട്ടിച്ചിരിക്കും. ചിലപ്പോൾ പറയും, “നിന്റെ അമ്മപോലും നിന്റെ കാമുകനെ ഓർക്കുന്നു എന്ന്”

തമാശയുടെയും കാര്യത്തിന്റെയും നടുവിൽ ഞാൻ നെടുവീർപ്പിട്ടു നിൽക്കും.

വഴി ചോദിച്ചുപോകാം, ആരൊക്കെയോ വഴിതെറ്റി കാട്ടിൽ അലഞ്ഞതിനാലാണ് അങ്ങോട്ടുള്ള പ്രവേശനം തടഞ്ഞിരുന്നതെന്ന് എവിടെയോ വായിച്ചിരുന്നു.

കുറച്ചു കാറുകൾ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടതിനാൽ ആണ് അതാണിടം എന്ന് മനസ്സിലായത്. അവിടെ അങ്ങനെ ഒരു വെള്ളച്ചാട്ടമുണ്ടെന്ന് ഒരടയാളവുമില്ല, ഒരു ബോർഡുമില്ല.

മുകളിലേക്കുള്ള പടികൾ കയറി. മുകളിലൂടെ കോളനിയിലേക്കുള്ള വഴിയാണ്. ഇരുചക്രവാഹനങ്ങൾ വെള്ളച്ചാട്ടത്തിന് അടുത്ത് വരെപ്പോകും.

കെട്ടിയ ഒരു കനാലിന്റെ വക്കിലൂടെ വേണം മുന്നോട്ടു പോകാൻ. അരുണിമ അയാളുടെ കൈപിടിച്ച് നടന്നു. ഇടക്ക് കനാലിന്റെ ഒരുവശം മുഴുവൻ തടസ്സപ്പെടുത്തി കിടക്കുന്ന ഒരു മരം, കനാലിന്റെ മറുവശത്തേക്ക് ചാടണം. അരുണിമ ഭയപ്പെട്ടു. അയാൾ കൈകൾ പിടിച്ചു, അരുണിമയെ സഹായിച്ചു.

ചെറിയ ഒരു തോട്ടിലൂടെ ഒഴുകിവന്നു പാറകളിൽ ചിതറിയൊഴുകുന്ന ഒരു ചെറിയ വെള്ളച്ചാട്ടം. മഴക്കാലത്ത് മാത്രമേ ഇവിടെ വെള്ളം ഉണ്ടാകൂ. ചെറുതെങ്കിലും അതിമനോഹരം, താഴേക്ക് കുതിച്ചൊഴുകുന്ന വെള്ളത്തിൽ കാലുകൾ ഇറക്കിവെച്ചു സ്വയം മറന്നിരിക്കാം. ചിലപ്പോൾ ചെറിയ മീനുകൾ ഒന്ന് കാലിൽ കൊത്തിയേക്കാം, അതും ഒരു സുഖം. തണലേകാൻ വിടർന്നിറങ്ങിയ ആൽമരങ്ങൾ.

താഴേക്കിറങ്ങുമ്പോൾ അരുണിമയോട് ചെരുപ്പ് ഊരിവെക്കാൻ അയാൾ പറഞ്ഞു. വഴുക്കലുണ്ട് ശ്രദ്ധിക്കണം, അരുണിമയുടെ കൈകൾ മുറുക്കിപ്പിടിച്ചു അയാൾ പാറയിലൂടെ പതുക്കെ താഴേക്കിറങ്ങി.

കുറച്ചധികം ആളുകൾ ഉണ്ട്. പെട്ടെന്നാണ് പുറകിൽ ആരോ വീണു തല പാറയിൽ അടിക്കുന്ന ശബ്ദം കേട്ടത്. അയാൾക്ക്‌ എഴുന്നേൽക്കാനേ കഴിയുന്നില്ല, അത്രയധികം വഴുക്കലുണ്ട്, ഇതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. വളരെ പ്രയാസപ്പെട്ടാണ് അയാൾ എഴുന്നേറ്റത്, തീർച്ചയായും അയാളുടെ തലയിൽ നല്ല മുറിവുണ്ടാകും.

അരുണിമ അയാളുടെ കൈകൾ പിടിച്ചു ഒരു വെള്ളച്ചാട്ടത്തിന്റെ അരികിൽ പാറയിൽ ഇരുന്നു. കാലുകൾ വെള്ളത്തിൽ ഇറക്കിവെച്ചു, അരുണിമ അയാളെ നോക്കി ചിരിച്ചു.

ഇവിടെ കൊണ്ട് വന്നതിന് ഞാൻ നന്ദി പറയുന്നു. ഇവിടെ ഇരുന്നപ്പോൾത്തന്നെ വളരെ ആശ്വാസം തോന്നുന്നു. ഇങ്ങനെയൊരു ഇടം നമ്മുടെ വളരെ അടുത്തുണ്ടെന്ന് അറിഞ്ഞതേയില്ല.

അയാളും അവർക്കരികിലായി ഇരുന്നു.

“അരുണിന് ഇപ്പോൾ എന്നോട് തീരെ സ്നേഹമില്ല എന്ന് തോന്നുന്നു. ഓഫീസിലെ ഏതോ സ്ത്രീയുമായി അടുപ്പത്തിലാണെന്ന് അവിടത്തെ ഒരാൾ പറഞ്ഞു, ഞാൻ ഒന്നും ചോദിച്ചില്ല”

നീണ്ട ഒരു നിശ്വാസം എടുത്തു അയാൾ ചോദിച്ചു “അരുണിമ എന്തിനാണ് അരുണിൽ നിന്ന് അകലം പാലിച്ചത്? അതല്ലേ ആ അകലത്തിലേക്ക് മറ്റൊരാൾ നടന്നു കയറിയത്. നമ്മൾതന്നെയാണ് മറ്റൊരാൾക്ക് ഇടം ഉണ്ടാക്കികൊടുക്കുന്നത്. ആദ്യം നാം നമ്മെ വിശ്വസിക്കണം, പിന്നെ അതിനേക്കാൾ ധാരാളമായി പങ്കാളിയെയും. അവർ തമ്മിൽ നമ്മളെപ്പോലെ വെറും സുഹൃത്ത് ബന്ധമാണെങ്കിലോ, ചിലപ്പോൾ എല്ലാം തുറന്നു പറയാൻ സ്വാതന്ത്ര്യമുള്ള ഒരാൾ. ഒരുപക്ഷെ ആ സ്വാതന്ത്ര്യം ഇപ്പോൾ അരുണിന് അരുണിമയുമായി ഉണ്ടാകില്ല, അതയാൾ തീർത്തതാകില്ല, വെറും സംശയങ്ങളിൽ നിന്ന് അരുണിമ തന്നെ തീർത്തതാകാം. സ്നേഹബന്ധങ്ങൾക്കിടയിലെ വലിയമതിലുകൾ നാം തന്നെ അറിയാതെ പണിതുയർത്തുന്നതാണ്, മറുവശം കാണാതെയാകുമ്പോൾ മാത്രമാണ് ഇപ്പുറത്ത് നാം മാത്രമാണെന്ന് തിരിച്ചറിയുക”.

പെട്ടെന്ന് അരുണിമ അയാളുടെ കൈകൾ ചേർത്തുപിടിച്ചു. എന്നെ നേരിൽ കാണുന്നില്ലെങ്കിലും എന്നും നീയെന്നെ പഠിച്ചുകൊണ്ടിരിക്കുകയാണോ?.

അയാൾ ചിരിച്ചു, ഇതെല്ലാം അനാവശ്യമായി നാം തന്നെ ഒന്നുമില്ലായ്മയിൽ നിന്നും സൃഷ്ടിച്ചെടുക്കുന്നതാണ്, നമ്മുടെ ജീവിതത്തിന്റെ ഊടുംപാവും നമ്മൾതന്നെയാണ് നെയ്തെടുക്കേണ്ടത്.

അവർ എഴുന്നേറ്റ് താഴേക്കിറങ്ങാനുള്ള വഴി തേടി, വീണ്ടും മുകളിലേക്ക് കയറണം. ഇടക്ക് വെള്ളംപോകാൻ വലിയ ഒരു ഇടം, കുട്ടികൾ എല്ലാം ചാടി കടക്കുകയാണ്. നമുക്ക് ചാടികടക്കാനാവുമോ? അരുണിമ ചോദിച്ചു. അയാൾ പുറകിലോട്ടു മാറി ഒന്നോടിച്ചാടി അപ്പുറം കടന്നു. ചെരുപ്പുകൾ ഊരിവെച്ചു അരുണിമയും കുറച്ചു പുറകിലോട്ട് മാറി ചാടിക്കടന്നു.

“നമുക്ക് വയസ്സായോ?” അരുണിമ ചോദിച്ചു.

“ഒരിക്കലുമില്ല, പഠിച്ചിരുന്ന അതേ പ്രായം”. അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

വെള്ളച്ചാട്ടത്തിന്നരികിലായി ആരോ വലിയ ഒരു റിസോർട് പണിയുന്നു. താഴേക്കിറങ്ങി. താഴെ നിന്നുള്ള കാഴ്ചയും കുളിയുമാണ് ഏറ്റവും രസം. അയാൾ വെള്ളം ചിതറിച്ചാടുന്ന പാറയുടെ അടിയിൽ നിന്നു വെള്ളച്ചാട്ടം അനുഭവിച്ചു കുളിച്ചു. കുറച്ചകലെ ഒഴുക്കുള്ള വെള്ളത്തിലേക്ക് കാലുകളിട്ട് അരുണിമ ജീവിതത്തിന്റെ പുനർജനി തേടുന്നത് അയാൾ അറിഞ്ഞു.

തൊട്ടടുത്ത് ഒരു മരത്തിന്റെ വള്ളിയിൽ ഊഞ്ഞാലാടി കുട്ടികൾ വെള്ളക്കെട്ടിലേക്ക് ചാടി വീഴുന്നു. അതുകണ്ടപ്പോൾ അയാൾക്കും അങ്ങനെ ചെയ്യണമെന്ന് തോന്നി. എന്നാൽ കുട്ടികളുടെ ആ സന്തോഷത്തിലേക്ക് അയാൾ വിലങ്ങുതടിയായി പോയില്ല.

തിരിച്ചു വണ്ടിയിലേക്ക് നടക്കുമ്പോൾ അരുണിമ പറഞ്ഞു. ഈ ആഴ്ചതന്നെ അരുണിനെയും മക്കളെയും കൂട്ടി ഇവിടെ വരണം. ഇടക്കിടെയുള്ള പുനർജനികൾ ജീവിതത്തിൽ അത്യാവശ്യമാണ്.

തിരിച്ചെത്തി, വണ്ടിയിൽ നിന്നിറങ്ങുന്നതിന് മുമ്പ് അയാളുടെ കൈകൾ ചേർത്തുപിടിച്ചു അരുണിമ ചോദിച്ചു.

“ചോദിയ്ക്കാൻ മറന്നുപോയി, നിനക്ക് സുഖമല്ലേ?’

അതിന് മറുപടിയായി അയാൾ ഒന്ന് ചിരിച്ചു.

✍ കാവല്ലൂർ മുരളീധരൻ

മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments