Tuesday, December 24, 2024
Homeസ്പെഷ്യൽശുഭചിന്ത - (97) പ്രകാശഗോപുരങ്ങൾ - (73) - 'മധുരഭാഷണം'

ശുഭചിന്ത – (97) പ്രകാശഗോപുരങ്ങൾ – (73) – ‘മധുരഭാഷണം’

പി. എം.എൻ.നമ്പൂതിരി

“അനുദ്വേഗകരം വാക്യം, സത്യം, പ്രിയഹിതം ചയത്
സ്വാധ്യായാഭ്യസനം ചൈവ വാങ്മയം തപ, ഉച്യതേ “

ആരുടെ മനസ്സിലും വികാരവിക്ഷോഭമുണ്ടാക്കാത്ത വിധത്തിലുള്ളതും സത്യമായതും ഇഷ്ടപ്പെടുന്നതും നന്മ ചെയ്യുന്നതുമായ സംഭാഷണം, ആത്മീയഗ്രന്ഥപഠനം, സ്തോത്രപാരായണം ഇവയൊക്കെ വാങ്മയ തപസ്സെന്നു പറയപ്പെടുന്നു. തപസ്സ് മൂന്നുവിധമുണ്ടെന്നും അവ ശരീരം, മനസ്സ്, വാക്ക് എന്നിവകൾകൊണ്ടുള്ളതാണെന്നും അതിൽ വാക്കു കൊണ്ടുള്ള തപസ്സ് മറ്റു രണ്ടിനെയുംപോലെ പ്രാധാന്യമാണെന്നും ഭഗവദ്ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനെ ഉപദേശിച്ചിട്ടുണ്ട്.

മറ്റുള്ളവരുടെ മനസ്സിനെ വിഷമിപ്പിക്കാതെ സംസാരിക്കാൻ കഴിവുണ്ടാവുക വാങ്മയ തപസ്സാണ്. അന്യൻ്റെ മനസ്സിനെ ക്ഷോഭിപ്പിക്കുന്നതുകൊണ്ട് പറയുന്നയാളിന് ഒന്നും നേടാനില്ല എന്നു മാത്രമല്ല, സ്വന്തമനസ്സിനും കേൾക്കുന്നവൻ്റെ മനസ്സിനും ദു:ഖമുണ്ടാക്കാം എന്നുമാത്രമായിരിക്കും പ്രയോജനം. ഫലമോ, പരസ്പര വൈര്യം മാത്രം! സ്വജീവിതത്ത്വങ്ങളിൽ മുറുകെപ്പിടിച്ച് ശാന്തമായും മൃദുവായും സംസാരിക്കാൻ കഴിയുന്നയാൾ തനിക്കും ലോകത്തിനു പൊതുവിലും ഉപകരിക്കുന്ന മഹത്തായ ഒരു തപസ്സ് അനുഷ്ഠിക്കുകയാണ്. അസത്യം പറയാതിരിക്കുക, സത്യം തന്നെ കേൾക്കുന്നവനും പ്രിയങ്കരമായി പറയുക, മറ്റൊരാൾക്കു ദോഷം വരത്തക്കവണ്ണമുള്ളതൊന്നും പറയാതിരിക്കുക ഇവയെല്ലാം വാക്കിലൂടെയുള്ള തപസ്സുതന്നെയാണ്. പരദൂഷണവും സ്വമഹിമയും മറ്റും ചർച്ചചെയ്ത് ജീവിതത്തെ ഇരുട്ടിലേയ്ക്കു ‌ പടിച്ചുതള്ളുന്നവർ സത്യാന്വേഷണം സുഗമമാക്കുന്ന സദ്ഗ്രന്ഥങ്ങൾ വായിക്കുകയും ഈശ്വരനാമസങ്കീർത്തനങ്ങളിൽ ഏർപ്പടുകയും ചെയ്താൽ അവരുടെ ജീവിതവും ധന്യമായിത്തീരും.

ഓർക്കുക! വാക്ക് അഗ്നിയാണ്. വാക്ക് ദേവതയാണ്. ഒരാളുടെ വാക്ക് എങ്ങനെയാണോ അതായിരിക്കും ആ വ്യക്തിയുടെ വ്യക്തിത്വം. വാക്കിലും മനസ്സിലും ശരീരത്തിലും പുണ്യമാകുന്ന അമൃതം നിറഞ്ഞുനിൽക്കുന്നവരും അന്യരിൽ കാണുന്ന പരമാണു വോളമുള്ള ഗുണത്തെപ്പോലും പർവ്വതംപോലെ പെരുപ്പിച്ചു കാണുന്നവരും ദോഷങ്ങളെ ആരോടും പറയാതെ മൗനിയായിരിക്കുന്നവരും സജ്ജനങ്ങൾതന്നെയാണ്. വാക്കുകളുടെ മൂർച്ചകൊണ്ടു പറ്റുന്ന മുറിവുകൾ ഉണക്കാനുള്ള മരുന്ന് ഇതുവരേയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ചെറിയ വാക്കുകൾ, അസ്ഥാനത്തുള്ള ചില കമൻ്റുകൾ ഇവയൊക്കെ എത്ര വലിയ വഴക്കുകളാണ് ഉണ്ടാക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? വഴക്കുകളുടെ മഴയൊഴിയുമ്പോൾ അതിനിടയാക്കിയ കാരണങ്ങൾ എത്ര നിസ്സാരമായിരുന്നു എന്ന് ബോദ്ധ്യപ്പെട്ടേക്കാം. പക്ഷെ അതുകൊണ്ട് കാര്യമില്ല. അശ്രദ്ധമായി പറയുന്ന വാക്കുകൾ സൗഹൃദത്തെ അപ്പാടെ വിഴുങ്ങുന്ന തീപ്പൊരിയായി പടർന്നുകയറുന്നതും നാം കാണാറുണ്ടല്ലോ. തീ കൊളുത്തിയവനും അത് അണയ്ക്കാനാവാത്തവിധം ആളിക്കത്തുന്നു.- എല്ലാം കത്തി ചാമ്പലാകുന്നു. എത്രയെത്ര ദാമ്പത്യങ്ങളുടെ ആഹ്ലാദമാണ് ഈ തീയ്യും പുകയും മൂടുന്നത്! എന്താണ് അതിനുപരിഹാരം? വാക്കുകൾ അഗ്നിയാകുന്നു എന്ന പൂർവ്വികരുടെ വാക്കുകൾ നാം ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. കേൾക്കുന്നവർ ഒരു അഗ്നിശമനസേനയുടെ ത്യാഗ സന്നദ്ധതയോടെ തീയണയ്ക്കുക.

വാക്ക്പയറ്റ് നടത്തി ജയിക്കുന്നത് വിജയമാവില്ല. “കോപം വരുമ്പോൾ മനോനിയന്ത്രണംകൊണ്ടു  ശാന്തനാവാൻ കഴിയുന്നവനാണ് ബലവാൻ ” എന്ന നബിവചനം ഓർക്കുക. സ്നേഹം തോട്ടങ്ങളിൽ വളരുന്നില്ല. കമ്പോളങ്ങളിൽ വിൽക്കപ്പെടുന്നുമില്ല. നല്ല നാക്കുകൊണ്ടും സൽപ്രവർത്തികൾ കൊണ്ടും അന്യരുടെ സ്നേഹം സമ്പാദിക്കാൻ കഴിയും. നമ്മൾ ആരാണെന്നതിനെയോ, നമ്മൾക്ക് എന്തുണ്ടെന്നതിനെയോ ആശ്രയിച്ചല്ല നമ്മുടെ മഹത്ത്വം നിലനിൽക്കുന്നത്. നമ്മൾ എങ്ങനെ ചിന്തിക്കുന്നു, എങ്ങനെ സംസാരിക്കുന്നു, എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നമ്മുടെ മഹത്ത്വം നിലനിൽക്കുന്നത്. ചിന്തിക്കുന്നത് പറയുകയും പറയും പോലെ പ്രവർത്തിക്കുകയും ചെയ്യുക എന്നത് സജ്ജനങ്ങളുടെ ലക്ഷണമാണ്. നല്ല വാക്ക് ഒരു പ്രധാന ധനമാണ്.- ഒരു അനുഗ്രഹമാണ്. അതുകൊണ്ടാണ് പണ്ടുളളവർ “നല്ല വാക്കോതുവാൻ ത്രാണിയുണ്ടാക്കണേ” എന്ന് പ്രാർത്ഥിച്ചിരുന്നത്. നല്ല വാക്ക് ജീവിതവിജയത്തിന് പരമപ്രധാനമാണെന്ന് അവർക്കറിയാമായിരുന്നു.

വാക്കുകളുടെ ശക്തിയെപ്പറ്റി മന്ഥര എന്ന കഥാപാത്രത്തിലൂടെ രാമായണം നമ്മളോട് പറയുന്നുണ്ട്. ശ്രീരാമൻ്റെ പട്ടാഭിഷേകവിവരം മന്ഥരയിലൂടെയാണ് കൈകേയി അറിയുന്നത്. താൻ ഭരത കുമാരനേക്കാൾ ഏറെ സ്നേഹിക്കുന്ന രാമൻ്റെ പട്ടാഭിഷേകവിവരം അറിയിച്ചതിന് പുരസ്ക്കാരമായി തൻ്റെ കഴുത്തിൽക്കിടന്ന കനക ഹാരമാണു ദാസിക്ക് കൈകേയി നൽകിയത്.- എത്ര നിഷ്കളങ്കമായിരുന്നു ആ ഹൃദയം. എന്നാൽ അതിൽ മന്ഥര എങ്ങനെ വിഷം നിറച്ചു?-അത് വാക്കുകളിൽക്കൂടി മാത്രമായിരുന്നു. “അവൾ റാണിയോടു ചോദിച്ചു, ദേവി അവിടുത്തെ പുത്രനെ അകറ്റിയ സമയത്തു മാത്രമേ ഇത് സാധിക്കുമായിരുന്നുള്ളോ? രാമ നോ കൗസല്യയോ ഇതിനെപ്പറ്റി ഒരക്ഷരം ദേവിയോട് പറഞ്ഞോ? ദശരഥമഹാരാജാവല്ലേ ആദ്യം പറയേണ്ടിയിരുന്നത്? നാടായനാടൊക്കെയറിഞ്ഞിട്ടും രാജാവിൻ്റെ ഇഷ്ടപത്നിമാത്രം എന്തുകൊണ്ടറിഞ്ഞില്ല?” ആദ്യവാക്ക് കൈകേയിയെ ചലിപ്പിച്ചില്ല.രണ്ടാമത്തേതു ചലിപ്പിച്ചു.മൂന്നാമത്തേതിൽ ഇളകി വശായി. അവർ ചിന്തിച്ചു. ” തന്നെ ഒരു ശത്രുവിനെപ്പോലെ മാറ്റിനിർത്തി. തോഴി മന്ഥരയിൽ നിന്നു വേണ്ടി വന്നു തനിക്ക് പട്ടാഭിഷേകവിവരം അറിയാൻ.!” അതോടെ ഒരു പ്രതികാരാഗ്നി കൈകേയിയിൽ ജ്വലിച്ചുയർന്നു. ഒരു രാജ്യം മുഴുവൻ കലക്കാൻ അത് ധാരാളമായിരുന്നു. അയോദ്ധ്യ മുഴുവൻ പരതിയാൽ അന്ന് ഒരൊറ്റ മന്ഥരയേ കാണാൻ കഴിയൂ. അപ്പോൾ കുറെ ഏറെ മന്ഥരന്മാരുള്ള നമ്മുടെ രാജ്യത്തിൻ്റെ സ്ഥിതി എന്തായിരിക്കും! വിദ്യാലയങ്ങളിലും ആതുരാലയങ്ങളിലും ആശ്രമങ്ങളിൽപ്പോലും മന്ഥരന്മാർ ഏറെയാണ്. അതുകൊണ്ട് മനസ്സിൽ നിന്നും മന്ഥരന്മാരെ അകറ്റി നിർത്തുക- അവിടെ ശ്രീരാമനെ പ്രതിഷ്ഠിക്കൂ!

ഇന്ന് ആഹാരസാധനങ്ങളിലും മന്ഥരന്മാർ ഏറെയാണ്. മന്ഥരാ വചനങ്ങൾപോലെ പ്രലോഭിപ്പിക്കുന്ന പരസ്യവാക്കുകൾ നമ്മുടെ മനസ്സുകളെ സ്വാധീനിക്കുന്നു. ഉള്ളുരുകിപ്പറയുന്ന പ്രാർത്ഥനകൾ, വേദനയുടെ മൂർദ്ധന്യത്തിൽ ഓതുന്ന ശാപവചസ്സുകൾ. രണ്ടിനും തുല്യ ശക്തിയാണ്. മുനികുമാരൻ്റെ ശാപം പരീക്ഷിത്തിൻ്റെ അന്ത്യം കുറിച്ചു. നിശ്ശബ്ദപ്രതികരണത്തിനും ശക്തിയുണ്ടെന്ന് ഗാന്ധിജിയും ശ്രീബുദ്ധനും കാണിച്ചുതന്നു. ദു:ഖത്താൽ പുലമ്പുന്ന കൗസല്യയുടെയും ശാപവചസ്സോതുന്ന കൈകേയിയുടെയും മദ്ധേ നിശ്ശബ്ദയായ സുമിത്രയെ രാമായണകഥയിൽ ഋഷി നമുക്ക് കാണിച്ചുതരുന്നുണ്ട്. ആ മൗനത്തിന് എന്തൊരു വാചാലത ! ശാന്തമായി, മൂകയായി നിൽക്കുന്ന സുമിത്ര ഭാരതസ്ത്രീയുടെ ഭാവശുദ്ധി എടുത്തു കാണിക്കുന്നു. അതുകൊണ്ട് മിതമായി, മൃദുവായി, മധുരമായി സംസാരിക്കാൻ ശ്രമിക്കുക.

പി. എം.എൻ.നമ്പൂതിരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments