പ്രവാസമണ്ണിലെ പ്രതീക്ഷകൾക്ക് നിറപ്പകിട്ടേകാൻ വിശ്വാസത്തിൻ്റെ വിവിധ പാതകൾ തേടുന്നവർക്ക് പുത്തൻ അനുഭവം പകർന്നുകൊണ്ട് യുഎഇയി ലെ മലയാളി പ്രവാസികൾ കനകധാരാ യജ്ഞം നടത്തി.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ ലളിതായനം ട്രസ്റ്റും ശ്രീപാദശങ്കരീ പീഠവും, യുഎഇ ലെ ശ്രീപാദശങ്കരി ഭക്തജനകൂട്ടായ്മയും ചേർന്നു കൊണ്ടാണ് യജ്ഞം സംഘടിപ്പിച്ചത്. ആദ്ധ്യാത്മികതയുടെ കളിത്തൊട്ടിലായ ഭാരതമെന്ന പുണ്യഭൂമിയിൽ നിന്നും പ്രവാസത്തിൻ്റെ നൗകയേറി മരുഭൂമിയിലെ വശ്യത തേടി മണലാരണ്യത്തിൽ വന്നെത്തി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജീവിതത്തിലെ ധന മനപരമായ ഭദ്രതയ്ക്കായി ജോലി ചെയ്യുന്ന ഓരോരുത്തർക്കും മഹാലക്ഷ്മി കടാക്ഷത്തിനായുള്ള അവസരമായാണ് കനകധാരാ യജ്ഞം സംഘടിപ്പിച്ചത്.
യുഎഇയിലെ അജ്മാൻ മൈത്രി ഫാമിൽ വച്ച് ശ്രീലളിതായനം ട്രസ്റ്റിൻ്റെ ചെയർമാനും ശ്രീപാദശങ്കരീ പീഠത്തിൻ്റെ പരമാചാര്യനുമായ ബ്രഹ്മശ്രീ മാധവ മുനീവ്രത ഭാരതിയുടെ മുഖ്യകാർമ്മികത്ത്വത്തിൽ നടത്തപ്പെട്ട കനകധാരാ യജ്ഞത്തിൽ അനേകം ഭക്തജനങ്ങൾ പങ്കെടുത്തു.
ദേവി ശ്രീപാദശങ്കരിയുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാനും, ശാന്തിയും സമാധാനവും കൈവരിക്കാനും, അഭിവൃദ്ധിയുടെ ജാലകങ്ങളിലൂടെ സാമ്പത്തീക ചൈതന്യം ആശ്വാസത്തിൻ്റെ കടാക്ഷമായി ജീവിതധാരയിലേക്ക് പകർന്നു കിട്ടുവാനും ശ്രീപാദശങ്കരിയുടെ ശരണമന്ത്രജപങ്ങളിലൂടെ സാധ്യമാകും എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പൂജാദികർമ്മങ്ങളിൽ ഭക്തജനങ്ങൾക്ക് മുന്നിൽ നിരത്തിയിട്ടുള്ള തീർത്ഥജല കുംഭത്തിൽ ദേവീമന്ത്രങ്ങൾ ആവർത്തിച്ചു ചൊല്ലി പുഷ്പ്പാർച്ചന നടത്തി സാക്ഷാൽ ദേവി ശ്രീപാദശങ്കരീ പാദങ്ങളിൽ അഭിഷേകം നടത്തിയാണ് യജ്ഞം അവസാനിച്ചത്. ജഗത്ഗുരു ശങ്കരാചര്യ സ്വാമികളാൽ വിരാചിതമായ കനകധാരാസ്തവം ജപിച്ച കലശം ആടിയ സ്വർണ്ണം, വെള്ളി നെല്ലിക്കകൾ പ്രസാദമായി നൽകുന്ന പ്രസ്തുത കനകധാരാ യജ്ഞം സംഘടിപ്പിക്കുന്നത് ദുബായ്, അബുദാബി, ഷാർജ, അജ്മാൻ, ഉം-അൽ-ഖ്വയിൻ, റാസൽഖെയ്മ എന്നിവടങ്ങളിലെ ശ്രീപാദശങ്കരി ഭക്തജനകൂട്ടായ്മയാണ്.