കോട്ടയം: കോൺഗ്രസ് മുക്ത ഭാരതത്തിനായി ബി.ജെ.പിക്ക് മുഖ്യമന്ത്രി കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽഗാന്ധിക്കെതിരെയും കോൺഗ്രസിനെതിരെയും നട്ടാൽ മുളക്കാത്ത നുണകൾ പറഞ്ഞ് ബി.ജെ.പിയെ പ്രീതിപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ചുറ്റും നിൽക്കുകയാണ്. ഭയമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ ഭരിക്കുന്നത്. പേടിച്ചാണ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നതെന്നും കേന്ദ്ര ഭരണകൂടത്തെ പ്രീതിപ്പെടുത്താനാണ് കോൺഗ്രസ്-രാഹുൽ ഗാന്ധി വിരുദ്ധത പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രി കേരളത്തേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പറയാൻ കഴിയാത്ത ദയനീയമായ അവസ്ഥയിലാണ് കേരളത്തിൻ്റെ സ്ഥിതി. ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ ക്ഷേമപെൻഷൻ അവകാശമല്ലെന്ന് സർക്കാർ പറയുന്നു. പിന്നെ എന്താ ഔദാര്യമാണോ ക്ഷേമ പെൻഷനെന്നും അദ്ദേഹം ചോദിച്ചു. ക്ഷേമ പെൻഷൻ വിതരണം ചെയ്യുകയെന്നത് സർക്കാരിൻ്റെ കടമയാണെന്നും സതീശൻ പറഞ്ഞു.
കേരളാ സ്റ്റോറിയെ കുറിച്ച് സഭതന്നെ ഭിന്നിപ്പുണ്ടാക്കരുതെന്ന് പറഞ്ഞതാണ്. സിനിമയ്ക്ക് പിന്നിൽ സംഘപരിവാർ അജണ്ടയാണുള്ളത്. ക്രൈസ്തവ മത ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് സംഘപരിവാർ ആക്രമണങ്ങൾ വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സജി മഞ്ഞക്കടമ്പിലിൻ്റെ രാജി പ്രാദേശിക വിഷയമാണെന്നും അത് അവർ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അനിൽ ആൻ്റണിക്ക് മറുപടി പറയുന്നില്ല. ബി.ജെ.പി. സ്ഥാനാർഥി കോൺഗ്രസിനെ സ്വഭാവികമായും വിമർശിക്കും. ദല്ലാൾ നന്ദകുമാറിൻ്റെ ആരോപങ്ങളെ കുറിച്ചും മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.