കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആറുവയസ്സുകാരി സിയാ ഫാരിസ് മരിക്കാനിടയായത് ചികിത്സയിലെ പിഴവുമൂലമാണെന്ന് കുട്ടിയുടെ പിതാവ് പെരുവള്ളൂർ കാക്കത്തടം കെ.സി. സൽമാനുൽ ഫാരിസ്.
തെരുവുനായയുടെ കടിയേറ്റ് തലയിലും കാലിലും ഗുരുതരമായി പരിക്കേറ്റെ സിയയെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. അടുത്തുള്ള തിരൂരങ്ങാടി ഗവ. ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
എന്നാൽ അവിടെ ഡോക്ടറില്ലെന്നു പറഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ച സിയയുടെ തലയ്ക്കേറ്റ കടിയുടെ പരിക്ക് ഡോക്ടർമാർ കാര്യമായി പരിശോധിക്കുകയോ മരുന്ന് വെച്ചുകെട്ടുകയോ ചെയ്‌തില്ലെന്ന സൽമാനുൽ ഫാരിസ് പറഞ്ഞു.തലയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നിട്ടും വാക്‌സിൻ നൽകി 48 മണിക്കൂറിനുശേഷം വീണ്ടും എത്താൻ പറഞ്ഞ് വീട്ടിലേക്ക് തിരിച്ചയച്ചു.
വീട്ടിലെത്തിയ കുട്ടിക്ക് രണ്ടുദിവസം കഴിഞ്ഞതോടെ പനി തുടങ്ങുകയും തുടർന്ന് പേവിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലിരിക്കെയാണ് മരണം.