മട്ടന്നൂർ: മട്ടന്നൂരിൽ വൻ മയക്കുമരുന്ന് വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന 220 ഗ്രാം ഹഷീഷ് ഓയിൽ പിടികൂടി. പ്രതി മട്ടന്നൂർ പയ്യപ്പറമ്പ് സ്വദേശി കെ. നിഷാദിനെ (25) മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽനിന്ന് മട്ടന്നൂരിലേക്ക് 55 ചെറു ബോട്ടിലുകളിലായി എത്തിച്ച മാരക മയക്കുമരുന്നാണ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ മട്ടന്നൂർ-ഇരിട്ടി റോഡിലാണ് സംഭവം.
ബംഗളൂരുവിൽനിന്ന് മട്ടന്നൂരിലേക്ക് മയക്കുമരുന്ന് കടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സസൂക്ഷ്മം വീക്ഷിച്ചാണ് യുവാവിനെ പിടികൂടിയത്.സർക്കിൾ ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ലിനേഷ്, സിദ്ദിഖ്, എ.എസ്.ഐ ഷിനു, സി.പി.ഒമാരായ സിറാജ്, സബിത എന്നിവരും ഉണ്ടായിരുന്നു.