തലശ്ശേരി: തലശ്ശേരിയിൽ കാർ ഷോറൂമിന്റെ യാർഡിൽ സൂക്ഷിച്ച കാറുകൾക്ക് തീ പിടിച്ച സംഭവം, അജ്ഞാതൻ തീയിട്ടത്.
മൂന്ന് കാറുകൾ കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ചെ 3.40-നാണ് സംഭവം.പുറമെനിന്ന് എത്തിയ അജ്ഞാതൻ കാറിനുമുകളിൽ ദ്രാവകം ഒഴിച്ച് തീ കൊടുക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യം കണ്ടെത്തി. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.
മാരുതി ഗ്രാൻഡ് വിറ്റാരയുടെ ഒരു കാറും മാരുതി ഫ്രോങ്ക്‌സിന്റെ രണ്ടു കാറുമാണ് പൂർണമായി കത്തിനശിച്ചത്. 40 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മാനേജർ ടി. പ്രവീഷ് പറഞ്ഞു.ചിറക്കര പള്ളിത്താഴെ ഇൻഡസ് ഗ്രൂപ്പിന്റെ നെക്‌സ ഷോറൂമിലാണ് സംഭവം. ഉപഭോക്താക്കൾക്ക് നൽകാൻ എത്തിച്ച പുതിയ കാറുകൾക്കാണ് തീപിടിച്ചത്.
യാർഡിൽ പുതിയതും പഴയതുമായ 30 കാറുകൾ ഉണ്ടായിരുന്നു. അഗ്നിരക്ഷാസേനയെത്തി തീ അണച്ചതിനാൽ മറ്റ് കാറുകൾക്ക് തീപിടിച്ചില്ല.സുരക്ഷാജീവനക്കാരനാണ് തീപ്പിടിത്തം കണ്ടത്. തലശ്ശേരി അഗ്നിരക്ഷാസേന ഓഫീസിൽ ഒരാൾ എത്തി വിവരമറിയിച്ചു.തലശ്ശേരിയിൽനിന്ന് രണ്ട് യൂണിറ്റും പാനൂരിൽനിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി.
തലശ്ശേരി അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫീസർ സി.വി. ദിനേശൻ, സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ബിനീഷ് നെയ്യോത്ത് എന്നിവർ തീ അണക്കാൻ നേതൃത്വംനൽകി. എ.എസ്.പി കെ.എസ്. ഷഹൻഷ, തലശ്ശേരി പോലീസ് എസ്.ഐ. വി.വി. ദീപ്തി തുടങ്ങിയവർ സ്ഥലത്തെത്തി.