കല്യാശ്ശേരി: കഴിഞ്ഞ ദിവസം ധര്‍മ്മശാലയില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച സി പി മുഹമ്മദിന്റെ വിയോഗത്തിന്റെ നടുക്കം മാറാതെ നാടും ആംസ്റ്റക് കോളേജും.കോളേജിലെ മിടുക്കനായ വിദ്യാര്‍ത്ഥി എന്നതിലുപരി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രിയപ്പെട്ടവായിരുന്നു മുഹമ്മദ്.
കോളേജ് യൂണിയൻ ചെയർമാൻ കൂടിയായ മുഹമ്മദ് കാമ്പസിലെ എസ്എഫ്ഐ നേതാവായിരുന്നു . പൊതുദര്‍ശനത്തിനായി മൃതദേഹം കോളേജില്‍ എത്തിച്ചപ്പോള്‍ കണ്ണീരടക്കാനാകാത്ത കാഴ്ച്ചയായിരുന്നു കലാലയ മുറ്റത്ത് കാണാനായത്.
രാവിലെ സുഹൃത്തിനൊപ്പം കോളേജിലേക്ക് ഇറങ്ങിയതായിരുന്നു മുഹമ്മദ്. ധര്‍മ്മശാല വഴി സ്‌കൂട്ടറില്‍ വരുമ്പോഴാണ് ഗുഡ്‌സ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ മുഹമ്മദിന് സാരമായി തന്നെ പരിക്കേറ്റു.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമാണ് മൃതദേഹം കോളേജില്‍ പൊതുദര്‍ശനത്തിന് എത്തിച്ചത്.രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ദൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മുഹമ്മദിന്റെ വിയോഗത്തില്‍ എസ്എഫ്‌ഐ സംസ്ഥാനനേതൃത്വം അനുശോചനം രേഖപ്പെടുത്തി.
ബി എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ മുഹമ്മദ് എന്‍എസ്എസ് വൊളന്റിയറും കോളേജിലെ ഹരിതസേനാംഗവുമാണ്. മികച്ച ഹരിതസേനാംഗം എന്ന നിലയിലുള്ള കോളേജിന്റെ ആദരവും മുഹമ്മദിന് ലഭിച്ചിട്ടുണ്ട്. മുഹമ്മദിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തും പരിക്കുകളോടെ ചികിത്സയിലാണ്.