തിരുവനന്തപുരം: പൊതുജന പരാതി പരിഹാരം കൂടുതൽ സുതാര്യവും ലളിതവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായി സിഎംഒ പോർട്ടൽ (cmo.kerala.gov.in) നവീകരിച്ചു. ഇനി മുതൽ പരാതിയോ അപേക്ഷയോ നൽകുന്നവർക്ക് എവിടെനിന്നും തൽസ്ഥിതി പരിശോധിക്കാം. ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം ലഭിക്കാനാവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇ- ഹെൽത്ത് വഴി ലഭ്യമാകും.
മലയാളത്തിന് പുറമെ ഇംഗ്ലീഷും നവീകരിച്ച പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നടപടി തുടരുന്നതും തീർപ്പാക്കിയതുമായ പരാതികൾ സംബന്ധിച്ച് പരാതിക്കാർക്ക് പ്രതികരണം അറിയിക്കാനുമാകും. പരാതി കൈകാര്യം ചെയ്യുന്ന ഓഫീസറുടെ വിവരങ്ങളും അറിയാം. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് ജനാധിപത്യ സംവിധാനത്തിൽ പ്രധാനമെന്ന് പോർട്ടൽ ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം കൂടുതൽ ഫലപ്രദമാക്കുന്നതിന് നിലവിലുള്ള സമാന്തര സംവിധാനങ്ങൾ ഏകോപിപ്പിച്ചിരുന്നു. ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും ലളിതമാക്കി.