കൊല്ലം : ഒന്നു വീശാൻ ഒരു നിവൃത്തിയുമില്ല . ബ്രാൻഡുകൾക്കെല്ലാം ക്ഷാമം. ജില്ലയിൽ ബവ്റീജസ് ഔട്ട് ലെറ്റുകളിൽ കഴിഞ്ഞ ദിവസം രാത്രിയെത്തിയവരാണ് 180 മില്ലി ലിറ്റർ ക്വാർട്ടർ മദ്യം ലഭിക്കാതെ നിരാശരായി മടങ്ങിയത്. മദ്യ കമ്പനികൾ വില കുറഞ്ഞ ബ്രാൻഡുകളുടെ ഉൽപാദനം കുറച്ചതാണോ മദ്യക്ഷാമം നേരിട്ടതിന് കാരണമായത് എന്നാണ് മദ്യപൻമാർ സംശയം പ്രകടിപ്പിക്കുന്നത്.ശരാശരി 200 രൂപക്ക് മേലെ വിലയുള്ള ക്വാർട്ടർ മദ്യത്തിനാണ് കൊല്ലം ജില്ലയിൽ വിവിധ ഔട്ട് ലെറ്റുകളിൽ ക്ഷാമം നേരിട്ടത്.
സർക്കാർ നേരിട്ട് ഉൽപ്പാദിപ്പിക്കുന്ന ജവാൻ മദ്യത്തിന് വരെയാണ് കഴിഞ്ഞ ദിവസം ക്ഷാമം നേരിട്ടത്. ജവാൻ മദ്യം ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്നതിന് ശരാശരി രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യമായി വരിക.
ഇതിൽ കൈവന്ന അപാകതയാണോ മദ്യ ലഭ്യത കുറഞ്ഞതിന് കാരണമായതെന്ന് സംശയിക്കുന്നവരുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു ലോഡ് ജവാൻ മദ്യം കൊല്ലം ജില്ലയിൽ എത്തിയതെങ്കിൽ ഔട്ട് ലെറ്റുകളിൽ ഇത് പെട്ടെന്ന് വിറ്റഴിയുകയായിരുന്നു.ആഴ്ച്ചയിൽ രണ്ടും മൂന്നും ലോഡുകളാണ് കൊല്ലം ജില്ലാ ഔട്ട് ലെറ്റുകളിൽ ഇത്തരത്തിൽ എത്തുന്നത്. മദ്യം കിട്ടാതായതോടെ ആകെ പരിഭ്രാന്തരായ മദ്യപൻമാർ ശാപവാക്കുകൾ ചൊരിഞ്ഞാണ് വിൽപ്പനശാലകൾ വിട്ടത്. കഴിഞ്ഞ ദിവസമാണ് വിൽപ്പനശാലകളിൽ ക്വാർട്ടർ മദ്യ ലഭ്യതയുടെ സ്റ്റോക്കിന് ഇടിവ് സംഭവിച്ചത്.
മദ്യ ദൗർലഭ്യം മദ്യപൻമാരെ ആകെ അങ്കലാപ്പിലാക്കുന്ന കാഴ്ചക്കാണ് വിൽപ്പനശാലകൾ തലേ ദിവസം സാക്ഷിയായത്. ഉത്സാഹഭരിതരായി കാണപ്പെട്ട മദ്യപൻമാരെ ആരെ നിരാശപ്പെടുത്തിയാണ് ബവ്റിജസ് ഔട്ട് ലെറ്റുകൾ തലേ ദിവസം താഴിട്ടത്. എന്നാൽ മദ്യ ദൗർലഭ്യം ഇല്ലെന്നും ഇത് വെറും ഡേ ഷോർട്ടേജ് മാത്രമാണെന്നും വിൽപ്പന ശാല അധികൃതർ അറിയിച്ചു.