ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടിയായി നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. തിങ്കളാഴ്‌ച ഗുജറാത്ത് മുൻ പ്രതിപക്ഷ നേതാവും മുന്‍ പിസിസി പ്രസിഡന്റും എംഎൽഎയുമായ അർജുൻ മോദ്‌വാദിയ, വർക്കിങ് പ്രസിഡന്റും മുൻ എംഎൽഎയുമായ അംബരീഷ് ദേർ എന്നിവരാണ് കോണ്‍ഗ്രസ് വിട്ടത്. തലമുതിര്‍ന്ന നേതാവായ മോദ്‌വാദിയ പോര്‍ബന്തര്‍ നിയമസഭാ അംഗത്വവും രാജിവച്ചു. പോര്‍ബന്തര്‍ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് സൂചന. ചൊവ്വാഴ്‌ച ബിജെപിയിൽ ചേരുമെന്ന് അംബരീഷ് ദേർ പ്രഖ്യാപിച്ചു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച നേതൃത്വത്തിന്റെ തീരുമാനമാണ് രാജിക്ക് പിന്നിലെന്ന് ഇരുവരും പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ പറയുന്നു. പ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കാത്ത കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അന്നേദിവസം അസമിൽ കലാപം സൃഷ്ടിക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചെന്നും മോദ്‌വാദിയ മാധ്യമങ്ങളോട് പറയുന്നു.
500 വർഷത്തിലേറെനീണ്ട ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് രാമക്ഷേത്രം നിർമിച്ചപ്പോൾ അവിടെപ്പോകില്ലെന്നു പറഞ്ഞത് ന്യായമല്ലെന്നാണ് ദേര്‍ കത്തില്‍ പറയുന്നത്. അച്ചടക്ക നടപടിയുടെ ഭാഗമായി അംബരീഷ് ദേറിനെ ഞായറാഴ്‌ച പ്രാഥമിക അംഗത്വത്തിൽനിന്നടക്കം ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്‌തിരുന്നതായി പിസിസി പ്രസിഡന്റ് ശക്തിസിൻഹ് ഗോഹിൽ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് സി ആർ പാട്ടീൽ തിങ്കൾ രാവിലെ അഹമ്മദാബാദിൽ ദേറിന്റെ വീട്ടിലെത്തിയത് വാർത്തയായതിന് പിന്നാലെയാണ് ഗോഹിലിന്റെ പ്രസ്താവന.
രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഏഴിന് ഗുജറാത്തില്‍ പ്രവേശിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രമുഖ നേതാക്കള്‍ പാര്‍ടിവിട്ടത് കോണ്‍ഗ്രസിന് കനത്ത ആഘാതമായി. മോദ്‌വാദിയ രാജിവച്ചതോടെ 182 അംഗ സഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 14 ആയി ചുരുങ്ങി.