കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ തീവണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. 25-ഓളം പേർക്ക് പരിക്കുണ്ട്. തിങ്കളാഴ്ച രാവിലെ 9.30ഓടെ ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചായിരുന്നു അപകടം.
ത്രിപുരയിലെ അഗർത്തലയിൽനിന്ന് പശ്ചിമ ബംഗാളിലെ സെൽഡയിലേക്ക് സർവീസ് നടത്തുന്ന 13174 കാഞ്ചന്‍ജംഗ എക്സ്പ്രസിലേക്ക് ചരക്കുതീവണ്ടി ഇടിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചരക്കു തീവണ്ടി സിഗ്നൽ മറികടന്ന് പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ന്യൂ ജൽപായ്ഗുഡി സ്റ്റേഷനിൽനിന്ന് യാത്രയാരംഭിച്ച എക്സ്പ്രസ് സിലിഗുരിക്ക് സമീപം രംഗപാണി സ്റ്റേഷനടുത്തുവെച്ചാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ പാളംതെറ്റി.
രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേന, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. പരിക്കേറ്റവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കുന്നതിനായി ഡോക്ടർമാരുടെ സംഘവും സജ്ജരാണ്.”