ബാംഗ്ലൂർ : ബാംഗ്ലൂർ കോളേജുകളിൽ ബോംബ് ഭീഷണി. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിലായാണ് ലഭിച്ചിരിക്കുന്നത്. ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്. കൂടുതൽ കോളേജുകളുണ്ടാകാൻ സാധ്യതയുണ്ട്. ഇതിൽ വ്യക്തത വന്നിട്ടില്ല.
ഈ കോളേജുകളിലേക്ക് പോലീസും ബോംബ് നിർവ്വീര്യമാക്കുന്ന സംഘങ്ങളും എത്തിച്ചേർന്നിട്ടുണ്ട്. കാമ്പസ്സുകളിലെമ്പാടും വിശദമായ പരിശോധനകൾ നടത്തി വരികയാണ്. വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കോളേജുകളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.ബസവനഗുഡിയിലെ വിശ്വേശ്വരപുരയിലാണ് ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോളേജ് പ്രവർത്തിക്കുന്നത്.
ബിഎംഎസ് കോളേജ് ഓഫ് എൻജിനീയറിങ് പ്രവർത്തിക്കുന്നത് ബസവനഗുഡിയിലെ ബുൾ ടെമ്പിൾ റോഡിലാണ്. എംഎസ് രാമയ്യ കോളേജ് എംഎസ്ആർ നഗറിലാണ് സ്ഥിതി ചെയ്യുന്നത്.ഹനുമന്ത് നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബെംഗളൂരുവിൽ അടുത്തിടെ ഒരു ഹോട്ടലിനും ബോംബ് ഭീഷണി ലഭിച്ചിരുന്നു. താജ് വെസ്റ്റ് എൻഡ് ഹോട്ടലിനാണ് കുറച്ച് ആഴ്ചകൾക്കു മുമ്പ് ഭീഷണി ലഭിച്ചത്.