ന്യു യോർക്ക്: ആരവങ്ങളും ആർപ്പുവിളികളും ഉയർന്നപ്പോൾ പലരും സംശയിച്ചു, തെരെഞ്ഞെടുപ്പ് ഫലം വന്നോ? അതിനു വെള്ളിയാഴ്ച വരെ കാത്തിരിക്കണമെങ്കിലും വിജയം സുനിശ്ചിതമെന്ന പ്രതീതിയാണ് കേരള സെൻറ്റർ നിറഞ്ഞു കവിഞ്ഞ ഡ്രീം ടീം പ്രതിനിധികൾ നൽകിയത്. തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടായി സജിമോൻ ആന്റണി നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഒത്തുകൂടൽ പങ്കാളിത്തം കൊണ്ടും ആവേശ പ്രകടനം കൊണ്ടും അഭൂതപൂർവമായി . മറ്റെങ്ങും ഇത്തരമൊരു ആവേശം കണ്ടിട്ടില്ല.
ഇത് ഒരു ചൂണ്ടുപലക ആന്നെന്നു പ്രാസംഗികരും ചൂണ്ടിക്കാട്ടി. പങ്കെടുത്ത 200 ൽ പരം പേരിൽ മിക്കവാറും വോട്ടുള്ള ഡെലിഗേറ്റുകളായിരുന്നു. കാനഡ മുതൽ വാഷിംഗ്ടൺ ഡി.സി വരെയുള്ള ഡെലിഗേറ്റുകൾ കലാശക്കൊട്ടിനായി ഒത്തുകൂടുകയും എന്തുകൊണ്ട് തങ്ങൾ മത്സരിക്കുന്നു എന്നും എന്തുകൊണ്ട് ഈ ടീമിൽ നിൽക്കുന്നു എന്നും വിശദീകരിക്കുകയും ചെയ്‌തു .
മേരി ഫിലിപ്പിന്റെ ആമുഖവും മേരിക്കുട്ടി മൈക്കിളിന്റെ പ്രാർത്ഥനാഗാനവും കഴിഞ്ഞതോടെ സെക്രട്ടറി സ്ഥാനാർഥി ശ്രീകുമാർ ഉണ്ണിത്താൻ സ്വതവേയുള്ള സൗമ്യമായ സ്വരത്തിൽ ടീമിനെപ്പറ്റി വിവരിച്ചു. വ്യത്യസ്ത മേഖലകളിൽ വിജയം നേടിയവർ ആണ് ടീമിൽ. ഡോക്ടർമാർ മുതൽ വിവിധ മേഖലകളിലുള്ളവർ. മികച്ച പ്രാസംഗികരും എഴുത്തുകാരും അടങ്ങിയ ടീം.
തങ്ങൾ മുന്നോട്ടു വച്ച പരിപാടികൾ എല്ലാം നടപ്പിലാക്കും. ഫൊക്കാനയിൽ പല തലത്തിൽ താൻ പ്രവർത്തിച്ചിട്ടുണ്ട്. വെസ്‌ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രസിഡന്ടായിരുന്നു. പത്തു വര്ഷം ഫൊക്കാനയുടെ പി.ആർ.ഓ. ആയി അഞ്ചു പ്രസിഡന്ടുമാരുടെ കൂടെ സേവനമാണിഷ്ടിച്ചു. ഒരു പ്രതിഫലത്തിനും വേണ്ടിയല്ല അത്. പിന്നീട് നാഷണൽ കമ്മിറ്റി അംഗവും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്ടുമായി. കഴിഞ്ഞ തവണ സെക്രട്ടറിയായി മത്സരിക്കാൻ ഒരുങ്ങിയപ്പോൾ കല ഷാഹി വന്നു. അതിനാൽ മാറിക്കൊടുത്തു. ഇത്തവണ ആരെങ്കിലും വരും മുൻപ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. പക്ഷെ ഇപ്പോൾ മത്സരമുണ്ട്. സംഘടനയാവുമ്പോൾ അതിൽ തെറ്റൊന്നുമില്ല. ആരെങ്കിലും ഒരാൾ ജയിക്കും.
തന്റെ പ്രവർത്തന പരിചയം ഉപയോഗിച്ച് പുതിയ ആശയങ്ങൾ നടപ്പിലാക്കാമെന്നോർത്താണ് ഇലക്ഷന് നിന്നത്. ഇത്ര വലിയ മത്സരമെന്നറിഞ്ഞെങ്കിൽ രംഗത്തു വരില്ലായിരുന്നു. ഇതൊരു സൗഹൃദ സംഘടനയാണ്. അത് നാം മറക്കാൻ പാടില്ല.
ഡോ. ബാബു സ്റ്റീഫൻ പ്രസിഡന്റായപ്പോൾ ഫൊക്കാനയുടെ പേരും പെരുമയും കൂടി. അതുപോലെ ഫൊക്കാനയുടെ പ്രവർത്തനം ഇനിയും കൂടുതൽ ജനങ്ങളിലേക്കെത്തണം. ബാബ സ്റ്റീഫനെപ്പോലെ പണക്കാരല്ല ഞങ്ങൾ. പക്ഷെ പണം സമാഹരിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഞങ്ങൾക്കാകും.
പ്രസിഡന്റ് സ്ഥാനാർത്ഥി സജിമോൻ ആന്റണി നല്ലൊരു പ്രസന്ററാണ് , പ്രാസംഗികനാണ്. ഞാനും മില്ലി ഫിലിപ്പുമൊക്കെ അത്യാവശ്യം എഴുതും. വ്യത്യസ്തമായ കഴിവുകളുള്ളവരാണ് ടീമിൽ.
എല്ലാവരുമായും നല്ല ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് സജിമോൻ. ടീമിലുള്ളവർ സംഘടനക്ക് ഓരോ ഘട്ടത്തിലും ചെയ്തിട്ടുള്ള സേവനങ്ങൾ വിസ്മരിക്കാനാവില്ല. 45 അസോസിയേഷന്റെ അംഗങ്ങൾ ടീമിലുണ്ട്.
ആവേശമുണർത്തുന്നതായിരുന്നു സജിമോൻ ആന്റണിയുടെ പ്രസംഗം. ‘when they go low, we go high, എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം സദസ് ഏറ്റെടുത്തു. തരംതാണ പ്രാചാരങ്ങൾക്ക് തങ്ങൾ ചെവികൊടുക്കില്ല, ആ രീതിയിൽ പെരുമാറുകയുമില്ല. fokana is too great for small things -ചെറിയ കാര്യങ്ങൾക്കല്ല മറിച്ച് വലിയ കാര്യങ്ങൾക്കുള്ള സംഘടനയാണ് ഫൊക്കാന എന്നതും സദസ് ആവേശപൂർവം ഏറ്റെടുത്തു. ഇത് പറഞ്ഞാണ് താൻ പ്രാചാരണം തുടങ്ങിയത്.
ഞങ്ങളുടെ സ്ളേറ്റ് ക്ളീൻ ആണ്. അത് പോലെ ഫൊക്കാനയുടെ ഭവനം പദ്ധതി മുതൽ ചെയ്ത പ്രവർത്തനങ്ങൾ സജീമോൻ എടുത്തുകാട്ടി. മാധവൻ നായർ പ്രസിഡണ്ടും താൻ ട്രഷററുമായിരിക്കെ 25 വീട് നൽകി. , ജോർജി വർഗീസ് പ്രസിഡണ്ടും താൻ സെക്രട്ടറിയുമായിരുന്നപ്പോഴും 25 വീട് നൽകാനായി. ഇപ്പോൾ വീടുകൾ വയ്ക്കാനായി സെക്രട്ടറി സ്ഥാനാർത്ഥി ശ്രീകുമാർ ഉണ്ണിത്താൻ അദ്ദേഹത്തിന്റെ ഭാര്യയുടെ സ്മരണക്കായി അദ്ദേഹത്തിന്റെ സ്ഥലം വിട്ടു നൽകിയിട്ടുണ്ട്.
മറ്റൊരു പ്രോജക്ടായ ഫൊക്കാന മെഡിക്കൽ കാർഡ് രാജഗിരി ഹോസ്പിറ്റലിൽ മാത്രമല്ല വേണ്ടത്. കേരളത്തിൽ അങ്ങളമിങ്ങോളമുള്ള വിവിധ ആശുപത്രികളിൽ അത് ലഭ്യമാക്കണം.
കമ്യുണിക്കേഷൻ ആണ് നമ്മിൽ പലരുടെയും ഒരു പ്രശ്നം. സംസാരിക്കാൻ പേടി. അത് മാറ്റിയെ തീരു. സംസാരിക്കാൻ ടോസ്റ് മാസ്റ്റേഴ്സ് നൽകിയ പരിശീലനത്തിൽ തനിക്കു നന്ദിയുണ്ട്. ടോസ്റ് മാസ്റ്റേഴ്സ് കേന്ദ്രം ആയി ഫൊക്കാന സ്പീച്ച് ക്ലബിന് രൂപം കൊടുക്കും.
രണ്ടു സമർത്ഥരായ യുവപ്രതിനിധികൾ ഇവിടെയുണ്ട്- അലൻ കൊച്ചൂസ്, കെവിൻ തോമസ്. അച്ചായന്മാരുടെ സംഘടനയാണ് ഇതെന്ന് ചിന്താഗതി മാറ്റുന്നതാണ് ഈ യോഗം. ഇവിടെ യുവാക്കളും വനിതകളും നിറഞ്ഞിരിക്കുന്നു. മറ്റൊരിക്കലും ഇത്തരം പ്രാതിനിധ്യം കണ്ടിട്ടില്ല.
വിമൻസ് ക്ലബ് മാത്രമല്ല മെൻസ് ക്ലബും നാം രൂപം കൊടുക്കും. ഫൊക്കാനക്കായി ഒരു സ്‌പോർട് അക്കാദമിയാണ് മറ്റൊന്ന്. ഫ്ലോറിഡായിലും മറ്റും ഭക്ഷ്യവസ്തുക്കൾ നഷ്ടപ്പെട്ടു പോകുന്നുണ്ട് . അത് ഉപയോഗപ്രദമാക്കാൻ കൃഷിയിൽ നിന്ന് ചാരിറ്റിയിലേക്ക് എന്ന പദ്ധതി തുടങ്ങും-സജിമോൻ പറഞ്ഞു.
ട്രഷറർ സ്ഥാനാർഥി ജോയി ചാക്കപ്പന്റെ പ്രസംഗത്തിൽ ബാബു സ്റ്റീഫന്റെ നേതൃത്വം ഉണ്ടാക്കിയ നേട്ടങ്ങൾ അനുസ്മരിച്ചു. എന്നാൽ 2022 -24 കാലത്തെ ഭരണസമിതി, അവരുടെ മാനിഫെസ്റ്റിയിൽ പറഞ്ഞ പല കാര്യങ്ങളും നടപ്പിലാക്കിയില്ല. ബാബു സ്റ്റീഫനെപ്പോലെ കർമ്മശേഷിയുള്ള പ്രസിഡന്ടിനോപ്പം പ്രവർത്തിച്ചിട്ടും ഒന്നും ചെയ്യാനാവാത്തവർ അടുത്ത രണ്ട് വർഷം കൂടി വേണമെന്ന് പറയുന്നതിൽ യുക്തിയില്ല.
നാഷണൽ കമ്മിറ്റിയോ എക്സിക്യൂട്ടിവ് കമ്മിയോ കൂടാതെ ഒരു കൺവൻഷൻ ഇതാദ്യമാണ്. ഡിസംബർ 31 -നു മുൻപ് മുപ്പതോളം സംഘടനകൾ അംഗത്വത്തിനുള്ള രേഖകൾ നൽകി. പക്ഷെ ഇത് ട്രസ്റ്റി ബോർഡിന് കിട്ടിയത് അവർ നിർബന്ധമായി ആവശ്യപ്പെട്ട ശേഷമാണ്. എന്തുകൊണ്ടാണത്? അതുപോലെ എല്ലാ രേഖകളും പരിശോധിച്ച് ഏകകണ്ഠമായി ട്രസ്റ്റി ബോർഡ് അംഗതം നൽകാൻ എടുത്ത തീരുമാനത്തെ ചിലർ ഇപ്പോൾ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ടാണ്? തോൽക്കുമെന്നായപ്പോൾ കുട്ടികളെപ്പോലെ പെരുമാറുന്നു. കേസ് കൊടുക്കാം, സ്റ്റേ ഓർഡർ കൊണ്ടുവരാം, ജനറൽ ബോഡിൽ അലമുണ്ടാക്കി മാറ്റി വയ്പ്പിക്കാം. ഇതിനൊക്കെയുള്ള ശ്രമങ്ങളുണ്ട്. അത് മനസിലാക്കിയിരിക്കണം. നല്ല നിലയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് അംഗത്വം കൊടുക്കുന്നതിനു പോലും തടസം നിൽക്കുന്നു. കുതന്ത്രങ്ങൾ പലതും നടക്കുന്നു എന്നത് സംബന്ധിച്ച മുന്നറിയിപ്പായാണ് ഇത് പറയുന്നത്-ചാക്കപ്പൻ പറഞ്ഞു.
ഇപ്പോഴത്തെ സെക്രട്ടറിയും ട്രസ്റ്റി ബോർഡ് സ്ഥാനാർത്ഥിയുമായ ബിജു കൊട്ടാരക്കര, ഈ പാനലിൽ ചേർന്നത് എന്തുകൊണ്ട് എന്നുവിശദീകരിച്ചു. നിലവിലെ സെക്രട്ടറിയാണ് എതിർപാനലിനു നേതൃത്വം നല്കുന്നതെങ്കിലും താൻ അതിൽ ചേർന്നില്ല. പ്രധാനകാരണം സജിമോനൊപ്പം നേരത്തെ പ്രവർത്തിച്ചപ്പോഴത്തെ അനുഭവവും ഡ്രീം ടീമിന്റെ കർമ്മപരിപാടിയുമാണ് തന്നെ ആകർഷിച്ചത്.
എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജ് , ജോ. സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന, അഡിഷണൽ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ സ്ഥാനാർഥി മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന ബിജു ജോൺ നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ, അഡ്വ. ലതാ മേനോൻ, ഷിബു എബ്രഹാം സാമുവേൽ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിൾ , മനോജ് മാത്യു, ഡോ. ഷൈനി രാജു, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , സുദീപ് നായർ , സോമൻ സക്കറിയ , ജീമോൻ വർഗീസ്, ടോജോ ജോസ്, അജിത് ചാണ്ടി , അജിത് കൊച്ചൂസ്, കെവിൻ ജോസഫ് റീജിയണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ബെന്‍ പോള്‍, കോശി കുരുവിള, ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി, തുടങ്ങിയവർ പ്രസംഗിച്ചു.
ഫൊക്കാനയുടെ ആദ്യ ട്രഷറർ തോമസ് തോമസ് സ്ഥാനാർത്ഥികളെ പൊന്നാടയണയിച്ചു.