ബംഗളൂരു: നെലമംഗലയിലെ കുനിഗൽ ബൈപാസിന് സമീപം മോട്ടോർ സൈക്കിൾ അമിതവേഗത്തിൽ വന്ന ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് യുവ നർത്തകർ സംഭവസ്ഥലത്ത് മരിച്ചു. ബംഗളൂരു ശ്രീരാംപുര സ്വദേശികളായ പ്രജ്വൽ (22), സഹന (21) എന്നിവരാണ് മരിച്ചത്. പ്രാദേശിക കലാരംഗത്ത് പ്രശസ്തരായ ഇരുവരും നിരവധി സാംസ്കാരിക പരിപാടികളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
ഏതാനും സിനിമകളിലും പ്രത്യക്ഷപ്പെട്ടു. തുമകുരു ജില്ലയിലെ കുനിഗലിൽ നൃത്ത പരിപാടി പൂർത്തിയാക്കി പ്രതിഫലം വാങ്ങി ബംഗളൂരുവിലേക്ക് മടങ്ങവേയാണ് അപകടം. അപകടവുമായി ബന്ധപ്പെട്ട് നെലമംഗല ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണത്തിനായി ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.