വാഷിങ്ടൺ: നാസയുടെ ക്രൂ-10 ബഹിരാകാശ യാത്രികരുമായി പോയ സ്പേസ് എക്സ് പേടകം ഡ്രാഗൺ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു. സുനിത വില്യംസും ബുച്ച് വിൽമോറും ഉൾപ്പെടെയുള്ള ഏഴംഗ സംഘമാണ് ക്രൂ10-ലെ നാലംഗ സംഘത്തെ സ്വീകരിച്ചത്. ഈ മാസം 19-ന് ക്രൂ-9 പേടകത്തിൽ സുനിതയും ബുച്ചും ഭൂമിയിലേക്ക് മടങ്ങും.
അമേരിക്കൻ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7:30-ഓടെയാണ് ( ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30-ന്) പേടകം പുറപ്പെട്ടത്. പേടകത്തിൽ 4 പുതിയ ബഹിരാകാശ സഞ്ചാരികളാണ് ഉണ്ടായിരുന്നത്. നാസയുടെ തന്നെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയിലെ തകുയ ഒനിഷി, റഷ്യൻ റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് ക്രൂ – 10 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്.
എട്ടു ദിവസത്തെ ദൗത്യത്തിനാണ് ബോയിംഗിന്‍റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വിൽമോറും പറന്നത്. എന്നാൽ, 9 മാസത്തിലധികമായി കുടുങ്ങി കിടന്നതിന് ശേഷമാണ് ഭൂമിയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്.
സ്റ്റാർലൈൻ പേടകത്തിലെ സാങ്കേതിക പ്രശ്നമാണ് ഇരുവര്‍ക്കും മുന്‍നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനാവാതെ വന്നത്. പലതവണ ഇരുവരെയും മടക്കി കൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്ക് തകരാറുമുള്ള, സ്റ്റാര്‍ലൈനറിന്‍റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവച്ചു. ഇതിന് ശേഷം ആളില്ലാതെ സ്റ്റാര്‍ലൈനര്‍ ലാന്‍ഡ് ചെയ്യിക്കുകയാണ് നാസ ചെയ്തത്.