കൊച്ചി: ആശ വർക്കറുമായി ഇന്ന് ചർച്ച നടത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഉച്ചയ്ക്കാണ് ചർച്ച നടക്കുക. നാളെ നിരാഹാര സമരം പ്രഖ്യാപിക്കാനിരിക്കെയാണ് സർക്കാർ ചർച്ചക്ക് തയാറാണെന്ന് അറിയിച്ചത്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ നിന്നും ഒരടി പിന്നോട്ട് പോകില്ലെന്ന് ആശ വർക്കർമാർ അറിയിച്ചു. എൻഎച്ച്എം ഡയറക്ടറാണ് ചർച്ചക്ക് ക്ഷണിച്ചത്.
പ്രതിമാസ ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക എന്നിവയാണ് ആശ വർക്കർമാരുടെ പ്രധാന ആവശ്യം. അതിനിടെ, ആശ വർക്കർമാർ നേരിടുന്ന പ്രതിസന്ധി യുഡിഎഫ് എംപിമാർ കേന്ദ്ര ധനമന്ത്രി നിർമാല സീതാരാമനെ കണ്ട് അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ വിഷയം ഉന്നയിച്ചിരുന്നില്ലെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് യുഡിഎഫ് എംപിമാർ ധനമന്ത്രിയെ കണ്ടത്.