അടുത്തകാലത്തൊന്നും മറ്റേതെങ്കിലും ബഹിരാകാശ സഞ്ചാരികളെ കുറിച്ച് ഭൂമിയിലെ മനുഷ്യർ ഇത്രയേറെ ആശങ്കപ്പെട്ടിട്ടുണ്ടാവില്ലബോയിങ് സ്റ്റാർലൈനർ പേടകം സാങ്കേതിക പ്രശ്നങ്ങളാൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത് മുതൽ സുനിത വില്യംസിനേയും ബുച്ച് വിൽമോറിനെയും എപ്പോൾ തിരികെ എത്തിക്കുമെന്നതിലും അവരുടെ ആരോഗ്യത്തെ കുറിച്ചുമായിരുന്നു പലരുടേയും ആശങ്ക.
286 ദിവസങ്ങളാണ് ഇവർ ബഹിരാകാശത്ത് കഴിഞ്ഞത്. 4577 തവണ ബഹിരാകാശ നിലയത്തിൽ ഭൂമിയെ ചുറ്റി. 19.52 കോടി കിലോമീറ്റർ ദൂരം യാത്ര ചെയ്തു. വെറും എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി തയ്യാറെടുത്ത് പോയ യാത്രികർക്കാണ് ഇത്രയേറെ ദിവസം നിലയത്തിൽ കഴിയേണ്ടി വന്നത്.ഒടുവിൽ ഇരുവരേയും രണ്ട് സീറ്റുകൾ ഒഴിച്ചിട്ട് പുറപ്പെട്ട സ്പേസ് എക്‌സ് ഡ്രാഗൺ ക്രൂ 9 പേടകത്തിലാണ് തിരിച്ചെത്തിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ ഹാർമണി പോർട്ടിൽ നിന്ന് സുനിത വില്യംസും ബുച്ച് വിൽമോറുമടക്കം നാല് ബഹിരാകാശ സഞ്ചാരികളുമായി പേടകം പുറപ്പെട്ടത്.
നാസയുടേയും സ്പേസ് എക്‌സിന്റേയും മേൽനോട്ടത്തിലായിരുന്നു 17 മണിക്കൂർ നീണ്ട ഈ യാത്ര.
റീ എൻട്രി ട്രജക്ട്രറിയിൽ നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറക്കുന്നതിനായി എഞ്ചിൻ പ്രവർത്തിപ്പിച്ചതിന് ശേഷമാണ് ഒരു പേടകം ഭൂമിയിലേക്ക് തിരിച്ചിറക്കുന്നതിന്റെ ഏറ്റവും സങ്കീർണമായ നിമിഷങ്ങൾ. അന്തരീക്ഷത്തിലേക്ക് അതിവേഗം നീങ്ങുന്ന പേടകം. അന്തരീക്ഷവുമായുള്ള ഘർഷണത്തിൽ പേടകത്തിന് ചുറ്റും ചൂടു വർധിക്കുകയും തീഗോളം കണക്കെ പ്ലാസ്മ പാളി രൂപപ്പെട്ടു. ഈ സമയം പേടകവും കൺട്രോൾ സെൻ്ററുമായുള്ള ആശയവിനിമയ ബന്ധം തടസപ്പെടും. താപനില ഉയരും.
നിമിഷങ്ങൾക്കകം പേടകം അന്തരീക്ഷം കടന്ന് ആകാശത്ത് പ്രത്യക്ഷമായി. ആശയിവിനമയ ബന്ധം പുനസ്ഥാപിക്കപ്പെട്ടു. എല്ലാം നല്ല നിലയിലാണെന്ന റേഡിയോ സന്ദേശം സഞ്ചാരികൾക്ക് ലഭിച്ചു.
നിശ്ചിത ഉയരത്തിലെത്തിയപ്പോൾ ഡ്രോഗ് പാരച്യൂട്ടുകൾ വിടർന്നു. ആയിരക്കണക്കിന് കിലോമീറ്റർ വേഗത്തിൽ ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരുന്ന പേടകത്തിന്റെ വേഗം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഡ്രോഗ് പാരച്യൂട്ടുകൾ ഉപയോഗിക്കുന്നത്. പതിയേ പാരച്യൂട്ടുകളിൽ തൂങ്ങി പേടകം അറ്റ്ലാന്റിക് സമുദ്രത്തിൽ വന്നിറങ്ങി. പിന്നാലെ തന്നെ സ്പേസ് എക്‌സിന്റെ റിക്കവറി കപ്പൽ പേടകത്തിനരികിലെത്തി. പേടകത്തിന് ചുറ്റും സഞ്ചാരികളെ സ്വാഗതം ചെയ്‌തുകൊണ്ട് ഒരു കൂട്ടം ഡോൾഫിനുകളുമുണ്ടായിരുന്നു. പേടകം വീണ്ടെടുക്കുകയും സഞ്ചാരികളെ പുറത്തെത്തിക്കുകയും ചെയ്തു.