Monday, September 16, 2024
Homeഇന്ത്യഷിരൂർ മണ്ണിടിച്ചിൽ :- അർജുനെ കണ്ടെത്തുന്നതിനായി സൈന്യം ഗംഗാവലി പുഴയുടെ അടിത്തട്ട് കേന്ദ്രീകരിച്ചു പരിശോധന നടത്തും

ഷിരൂർ മണ്ണിടിച്ചിൽ :- അർജുനെ കണ്ടെത്തുന്നതിനായി സൈന്യം ഗംഗാവലി പുഴയുടെ അടിത്തട്ട് കേന്ദ്രീകരിച്ചു പരിശോധന നടത്തും

ഷിരൂർ: കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഒൻപതാം ദിവസത്തിലേക്ക്. ഗംഗാവലി പുഴയുടെ അടിത്തട്ട് കേന്ദ്രീകരിച്ചു പരിശോധന നടത്താനാണ് സൈന്യത്തിൻ്റെ തീരുമാനം. സോണാർ പരിശോധനയിൽ പുഴയുടെ അടിത്തട്ടിൽ വലിയ വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് പരിശോധന പുഴയിൽ കേന്ദ്രീകരിക്കുന്നത്.

റഡാർ പരിശോധയിൽ സിഗ്നൽ കിട്ടിയ അതേ സ്ഥലത്തുനിന്നാണ് സോണാർ പരിശോധനയിൽ വലിയ വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.പുഴയുടെ അടിത്തട്ടിൽ കണ്ടെത്തിയ വലിയ വസ്തു സംബന്ധിച്ചു രണ്ട് നിഗമനങ്ങളാണ് സൈന്യത്തിനുള്ളത്. അർജുൻ്റെ ലോറി അല്ലെങ്കിൽ പുഴയിലേക്ക് മറിഞ്ഞ ടവറോ ആകാം ഇതെന്നാണ് നിഗമനം. അതേസമയം ചൊവ്വാഴ്ച നടന്ന തിരച്ചിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈകിട്ടോടെ തടസ്സപ്പെട്ടു.

നേവിയുടെ സ്കൂബ സംഘം ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ ശ്രമിച്ചെങ്കിലും അടിയൊഴുക്കു കാരണം തിരച്ചിൽ അവസാനിപ്പിച്ചു. ഇടവിട്ടുള്ള കനത്ത മഴ മൂലം രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാകുന്നുണ്ട്.മലയാളിയായ റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലും സംഘവും ഇന്ന് ദൗത്യത്തിന്റെ ഭാഗമാകും. അപകടം നടന്ന മേഖലയിലെ ഭൂപ്രകൃതി വെല്ലുവിളി നിറഞ്ഞതാണെന്നും ഡ്രോൺ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതാണ് ഉചിതമെന്നും എം ഇന്ദ്രബാൽ മാധ്യമങ്ങളോട് പറഞ്ഞു.

തിരച്ചിലിന് ഗുണം ചെയ്യുന്ന അത്യാധുനിക സാങ്കേതിക സംവിധാനമായ ഐ ബോഡുമായാകും ബുധനാഴ്ച പരിശോധന നടക്കുക. ക്വിക് പേ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് വാടകയ്ക്ക് എടുത്താണ് ഉപകരണം എത്തിക്കുന്നത്. ഇത് ഉപയോഗിച്ചുള്ള തിരച്ചിലിൽ കരയിലും വെള്ളത്തിലും ഒരുപോലെ 20 മീറ്ററിലും താഴെയുള്ള ഏത് വസ്തുവും കണ്ടെത്താനാകും.

ഡ്രോൺ ഘടിപ്പിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണിത്.അതിനിടെ, തിങ്കളാഴ്ച ഒരു മൃതദേഹം കൂടി കണ്ടെത്തി. ഗംഗാവലി പുഴയുടെ മറുകരയിൽ താമസിച്ചിരുന്ന സന്നു ഹനുമന്ത ഗൗഡ എന്ന സ്ത്രീയുടെ മൃതദേഹമാണ് ലഭിച്ചത്. കാണാതായ സ്ഥലത്തുനിന്ന് ഏതാണ്ട് 10 കിലോമീറ്റ‍ർ അകലെ ഗംഗൈക്കൊള്ള എന്ന സ്ഥലത്താണ് മൃതദേഹം അടിഞ്ഞത്. ഇതോടെ ഇനി കണ്ടെത്താനുള്ളവരുടെ എണ്ണം മൂന്നായി.

അ‍ർജുന് പുറമേ തമിഴ്നാട് സ്വദേശിയായ ടാങ്ക‍ർ ഡ്രൈവർ ശരവണൻ, റോഡിന് സമീപത്തെ ഹോട്ടൽ നടത്തിപ്പുകാരനായിരുന്ന ലക്ഷ്മൺ നായിക്കിൻ്റെ ബന്ധു ജഗന്നാഥ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. അ‍ർജുനെ കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. നിലവിൽ നടക്കുന്ന തിരച്ചിലിൽ കുടുംബം തൃപ്തിയറിയിച്ചു. സാധ്യമായ എല്ലാ യന്ത്രങ്ങളും തിരച്ചിലിന് ഉപയോഗിക്കണമെന്ന് അ‍ർജുൻ്റെ സഹോദരി അഞ്ജു ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments