ന്യൂഡല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോയുടേയും കേന്ദ്രക്കമ്മിറ്റിയുടേയും കോര്‍ഡിനേറ്റര്‍ ആയി പ്രകാശ് കാരാട്ടിന് ചുമതല.
മധുരയില്‍ 2025 ഏപ്രില്‍ മാസത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് വരെയാണ് പ്രകാശ് കാരാട്ടിന് താല്‍ക്കാലിക ചുമതല നല്‍കിയത്. കേന്ദ്രക്കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെത്തുടര്‍ന്നാണ് ഇടക്കാല കോര്‍ഡിനേറ്ററെ നിയമിച്ചത്.
ഇടക്കാലത്തേക്കായിരിക്കും കോര്‍ഡിനേറ്റര്‍ പദവിയില്‍ കാരാട്ട് പ്രവര്‍ത്തിക്കുകയെന്ന് കേന്ദ്രക്കമ്മിറ്റി അറിയിച്ചു. യെച്ചൂരിയുടെ നിര്യാണത്തെത്തുടര്‍ന്ന് പാര്‍ട്ടി സെന്ററായിരുന്നു പ്രവര്‍ത്തനം കൈകാര്യം ചെയ്തിരുന്നത്.
സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് നിലവിലെ ജനറല്‍ സെക്രട്ടറി പദവിയിലിരിക്കെ ഒരു നേതാവ് മരിക്കുന്നത്.
ഇതേത്തുടര്‍ന്നാണ് പൊളിറ്റ് ബ്യൂറോയുടേയും കേന്ദ്രക്കമ്മിറ്റിയുടേയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുതിര്‍ന്ന നേതാവിന് ചുമതല നല്‍കിയിട്ടുള്ളത്. നേരത്തെ 2005 മുതല്‍ 2015 വരെ പ്രകാശ് കാരാട്ട് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്നു.