കളിപ്പാട്ട വണ്ടി മരത്തിലിടിച്ച് മറിഞ്ഞ് കുട്ടികളെ കണ്ട് ചിരിക്കുന്ന അച്ഛന്‍റെ വീഡിയോ വൈറല്‍.
കുട്ടിക്കാലത്തെ ചില ഓർമ്മകള്‍ മുതിർന്നു കഴിഞ്ഞാലും നമ്മള്‍ മറക്കാറില്ല. അത് ചിലപ്പോള്‍ അന്ന് പറ്റിയ ഒരു മുറിവില്‍ നിന്നുള്ള ഓർമ്മയാകും. ചില ഓർമ്മകൾ മരണം വരെ നമ്മെ പിന്തുടരുകയും ചെയ്യും അല്ലേ.
അതല്ലെങ്കില്‍ ആ സംഭവം നമ്മളില്‍ ഏല്‍പ്പിച്ച സുഖകരമോ അസുഖകരമോ ആയ എന്തെങ്കിലും ഓർമ്മകളില്‍ നിന്നാകും. ഒരു കുട്ടിക്കാല കുസൃതിയുടെ കാഴ്ച സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ മിക്ക ആളുകളും എഴുതിയത് പിന്നീട്, കാലങ്ങള്‍ക്ക് ശേഷം ആ വീഡിയോയിലെ കുട്ടികള്‍ മുതിർന്ന് കഴിഞ്ഞ് അവരുടെ അച്ഛനോട് ആ സംഭവത്തെ കുറിച്ച് പറയുന്നതെങ്ങനെയാകും എന്ന ഭാവനയെ കുറിച്ചായിരുന്നു. അതിന് അവരെ പ്രേരിപ്പിച്ചതാകട്ടെ വീഡിയോയുടെ അവസാനം കുട്ടികള്‍ അപകടത്തില്‍പ്പെടുമ്ബോള്‍ ചിരിച്ച അച്ഛന്‍റെ പ്രവർത്തിയും.
ഒരു കുന്നില്‍ മുകളില്‍ നിന്നും പുല്ല് നിറഞ്ഞ ചരിവിലൂടെ ട്രോളി വാക്കറില്‍, ഡൗണ്‍ഹില്‍ ട്രോളി സവാരി നടത്തുന്ന രണ്ട് കുരുന്നുകളില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. താഴേക്ക് വരുന്തോറും കളിപ്പാട്ട വണ്ടിയുടെ വേഗത കൂടുന്നു. പിന്നാലെ അപകടകരമായ രീതിയില്‍ ഒരു റോഡ് മുറിച്ച് കടക്കുമ്ബോള്‍ കാഴ്ചക്കാരന്‍റെ ഉള്ളില്‍ ഒരാന്തലുയരും.
എന്നാല്‍ ആ കുഞ്ഞു ട്രോളി അവരെയും കൊണ്ട് റോഡ് മുറിച്ച് കടക്കുമെങ്കിലും ആ പ്രദേശത്ത് ആകെയുണ്ടായിരുന്ന ഒരു മരത്തില്‍ പോയിടിച്ച് മറിയുകയും ചെയ്യുന്നു. ഈ സമയം കുട്ടികളുടെ സവാരി ചിത്രീകരിക്കുകയായിരുന്ന അച്ഛന്‍ ഊരി ചിരിക്കുന്നു. കുട്ടികള്‍ മരത്തിലിടിച്ച് വീണത് കണ്ട് കാഴ്ചക്കാരന്‍ അന്താളിച്ച് ഇരിക്കുമ്ബോഴാണ് അച്ഛന്‍റെ ചിരി പശ്ചാത്തലത്തില്‍ കേള്‍ക്കുക.
‘ഹേയ് ഡാഡ്. വാച്ച് ദിസ്’, എന്ന അടിക്കുറിപ്പോടെ മകന്‍, അച്ഛന്‍റെ പഴയൊരു തമാശ അച്ഛനെ തന്നെ കാണിക്കുന്ന ഫീലിലാണ് ‘ദ ബോയ് കിഡ്സ്’ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം രണ്ട് കോടി ഇരുപത് ലക്ഷം പേരാണ് വീഡിയോ കണ്ടത്.
കുട്ടികളെ കയറഴിച്ച് വിടുന്ന അച്ഛന്മാരെ കുറിച്ച് നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങളെഴുതിയത്. “അമ്മ അടുത്തുണ്ടായിരുന്നില്ല,” ഒരു കാഴ്ചക്കാരന്‍ എഴുതി. “അതവർക്ക് ഒരു ശക്തമായ ഓർമ്മയാണ്. അവർക്ക് 90 വയസ്സ് പ്രായമുണ്ടാകാം, അപ്പോഴും ഈ നിമിഷത്തെക്കുറിച്ച് അവര്‍ സംസാരിക്കും.” മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. ‘എന്നാലും, അതെങ്ങനെ ആ മരത്തില്‍ തന്നെ ഇടിച്ചു?’ മറ്റൊരു കാഴ്ചക്കാരന് തന്‍റെ കാഴ്ചയില്‍ സംശയം തോന്നിന്നി.
എന്റെ ജീവിതത്തിലെ കുട്ടിക്കാലത്ത് ഓർമ്മകളാണ് ഞാൻ ഇന്നും ജീവിച്ചിരിക്കുന്നതിന്റെ പിന്നിലുള്ള രഹസ്യം എന്ന് ഒരു കാഴ്ചക്കാരൻ എഴുതി.