Sunday, December 22, 2024
Homeഅമേരിക്ക" തിളക്കം കുറയാത്ത താരങ്ങൾ " (1) പ്രേംനസീർ

” തിളക്കം കുറയാത്ത താരങ്ങൾ ” (1) പ്രേംനസീർ

സുരേഷ് തെക്കീട്ടിൽ

കാലത്തിന് മായ്ക്കാൻ കഴിയാത്ത വികാരമാണ് മലയാളിക്ക് പ്രേംനസീർ. ഒരുപാട് തലമുറകളുടെ സ്വപ്ന നായകൻ.

മലയാള സിനിമയിലെ നിത്യവസന്തം പ്രേംനസീറിൻ്റെ ഓർമ്മകൾക്ക് എന്നും നിറയൗവനം. പഴയ തലമുറകളുടെ മനസ്സിൽ പ്രേംനസീർ എന്ന സുന്ദരമായ പേരിനും ആ മനോഹര രൂപത്തിനും എക്കാലത്തും പൊൻ തിളക്കമാണ്. അവരുടെ ബാല്യ കൗമാരങ്ങളിൽ, യൗവനങ്ങളിൽ അവർ കണ്ടത് അവരെ ഏറ്റവും ആകർഷിച്ചത് ഈ മുഖമായിരുന്നു. സ്നേഹത്തിൻ്റെ, നന്മയുടെ, പ്രണയത്തിൻ്റെ അവസാനവാക്കായി ആൾരൂപമായി അവർക്കു മുന്നിൽ ഈ മനുഷ്യനുണ്ടായിരുന്നു.

പിന്നിട്ടു പോയൊരു കാലത്ത് ഒരു സാധാരണ മലയാളിയുടെ ജീവിതത്തോട് ചേർന്നു നിന്ന സത്യങ്ങളിൽ ഒന്നാണ് പ്രേംനസീർ .പ്രേംനസീർ മലയാളിയുടെ നിറമുള്ള സ്വപ്നമായിരുന്നു. അല്ലെങ്കിൽ മലയാളിയെ തൻ്റെ സിനിമകളിലൂടെ ആ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചത് നസീറായിരുന്നു. എത്രയെത്ര മനസ്സുകളിലൂടെയാണ് ഈ മനുഷ്യൻ വർണവും, വസന്തവും തീർത്തു കടന്നു പോയത്. എല്ലാ കാലത്തേയ്ക്കുമായി നാടാകെ ഹൃദയത്തിലേറ്റു വാങ്ങിയ മലയാള സിനിമകളിലെ മാസ്മരിക ഗാനങ്ങളേറെയും നസീർ പാടുന്നതായാണ് തിരശ്ശീലയിൽ തെളിഞ്ഞത്. അല്ലെങ്കിൽ നാം കണ്ടത്.തിയേറ്ററിലെ ഇരുട്ടിൽ മതിമറന്നിരുന്നു കേട്ട ,
കണ്ടാസ്വദിച്ച മധുരമാം ഗാനങ്ങൾക്കെണ്ണമുണ്ടോ? ഹൃദ്യമായ ആ വരികൾക്കൊപ്പം മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞു ആ മനോഹര രൂപവും ഹൃദ്യമായ പുഞ്ചിരിയും പ്രണയാർദ്ര ചലനങ്ങളും.
“ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി ”
നസീർ അന്തരിച്ചു എന്ന കരളുരുക്കുന്ന വാർത്തയോടൊപ്പം ടിവി.യിൽ കാണിച്ച ഈ ഗാന രംഗം മനസ്സിലൊരു നൊമ്പരമായി ഇന്നുമുള്ളിലുണ്ട്.

പുതിയ കാലത്ത് നമുക്ക് കാഴ്ചകൾ ഏറെയാണ് . ഭ്രമിപ്പിക്കുന്ന കാഴ്ചകൾ.എന്നാൽ പലപ്പോഴും അത്തരം കാഴ്ചകൾക്ക് ഇന്ന് നമ്മെ വിസ്മയിപ്പിക്കാനായില്ലെന്നും വരാം .എന്നാൽ സിനിമ ഒരു കാലത്ത് വിസ്മയം തന്നെയായിരുന്നല്ലോ. പ്രണയത്തിന് കാമുകസങ്കൽപ്പത്തിന് നായകസങ്കൽപ്പത്തിന് നസീറിൻ്റെ ഛായയായിരുന്നു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുമ്പോഴും സാധാരണ മനുഷ്യനായി ജീവിക്കാനാഗ്രഹിച്ചയാൾ. അങ്ങനെ ജീവിച്ചയാൾ . സഹജീവികളോട് അനുകമ്പയോടെ മാത്രം ഇടപെട്ടയാൾ.

1929 മാർച്ച് മൂന്നിന് തിരുവിതാംകൂറിലെ ചിറയിൻ കീഴിൽ അക്കോട് ഷാഹുൽ ഹമീദിൻ്റേയും അസുമാബീവിയുടേയും മകനായി ജനനം.1989 ജനുവരി 16ന് ചെന്നൈയിൽ മരണം. അബ്ദുൾ ഖാദർ എന്ന പേര് സിനിമയ്ക്കായി നസീർ എന്ന് മാറ്റിയത് തിക്കുറിശ്ശിയായിരുന്നത്രേ.1951 ൽ സത്യനോടൊപ്പം അഭിനയിച്ച
“ത്യാഗസീമ “യാണ് ആദ്യ ചിത്രമെങ്കിലും 1952ൽ പുറത്തിറങ്ങിയ “മരുമകൾ ” ആയിരുന്നു ആദ്യം പ്രദർശനത്തിനെത്തിയ സിനിമ .പിന്നീട് അദ്ദേഹത്തിന് ഒരു തിരിഞ്ഞുനോട്ടം വേണ്ടി വന്നില്ല. നസീർ എന്ന പേരിന് പിന്നീട് ഒരു സമയത്തും അല്പം പോലും മങ്ങലുണ്ടായില്ല. കാലത്തിൻ്റെ ഒഴുക്കിൽ പുതിയ താരോദയങ്ങൾ ഉണ്ടായി. ഒട്ടേറെ കരുത്തർ കടന്നു വന്നു. രംഗം നിറഞ്ഞു . എന്നാൽ നസീറിൻ്റെ സ്ഥാനം അനിഷേധ്യമായി തന്നെ തുടർന്നു. 1988-ൽ എ.ടി.അബുവിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “ധ്വനി ” ആയിരുന്നു നസീറിൻ്റെ അവസാന സിനിമ. ചിത്രീകരണം പൂർത്തിയായിട്ടും പ്രദർശനത്തിനെത്താൻ വൈകിയ കടത്തനാടൻ അമ്പാടി എന്ന പ്രിയദർശൻ ചിത്രമാണ് അവസാനം തിയേറ്ററുകളിലെത്തിയത്. 1990 ൽ ആയിരുന്നു അത്.അപ്രതീക്ഷിതമായി തേടി വന്ന മരണം വരെ സിനിമാ മേഖലയിലെ ഒന്നാം സ്ഥാനം അദ്ദേഹം നില നിർത്തി.

മലയാള സിനിമയിൽ പൂക്കാലം തീർത്ത ആ വ്യക്തിത്വം ഇന്നും ആ കാലത്തെയറിഞ്ഞവരുടെ മനസ്സുകളിൽ ജീവിക്കുന്നുണ്ട്. നാടാകെ പോസ്റ്ററുകളിൽ നിറഞ്ഞ മുഖമോ, നഗരങ്ങളിൽ തിയേറ്ററുകളിൽ മുഴങ്ങിയ കൈയടിയോ മാത്രമായിരുന്നില്ല പ്രേംനസീർ .ഒന്നാം കളിയും രണ്ടാം കളിയും സിനിമ കഴിഞ്ഞ് ഗ്രാമങ്ങളിലെ ഓല ടാക്കീസുകളിൽ നിന്ന് വീടണയാൻ കഥയും പറഞ്ഞ് നടന്നവരുടെ മനസ്സിൽ ഉദിച്ചു നിന്ന നിലാവു കൂടിയായിരുന്നു. ഓണവും വിഷുവും ക്രിസ്തുമസുമെല്ലാം ആഘോഷപൂർണതയിലെത്തണമെങ്കിൽ ഒടുവിൽ കുടുംബാംഗങ്ങൾക്കൊപ്പം ഒരു സിനിമ കൂടി കാണണമെന്ന ധാരണ നാട്ടിലുറച്ചു പോയ കാലം. ആ ഉറച്ച തീരുമാനങ്ങളിൽ എത്രയോ പതിറ്റാണ്ടുകൾ നസീർ തിരശ്ശീലയിൽ നിറഞ്ഞാടി. ഗ്രാമോത്സവങ്ങളായി നസീറിൻ്റെ സിനിമകൾ വിശേഷിച്ച് വടക്കൻപാട്ട് സിനിമകൾ കൊണ്ടാടപ്പെട്ട ഒരു കാലം കൂടിയായിരുന്നു അത്. ഓരോ കുടുംബവും നസീറിനെ ഇഷ്ടപ്പെട്ടു. കുടുംബത്തിലെ ഒരംഗമായി സ്വീകരിച്ചു. സ്നേഹിച്ചു .ഇഷ്ട നായകനായി, മകനായി, സഹോദരനായി എല്ലാം നസീറിനെ ഉള്ളിലങ്ങനെ കൊണ്ടു നടന്നു. അക്കാലത്ത് കാണാൻ വരുന്ന ചെറുക്കന് നസീറിൻ്റെ ഛായയുണ്ടാകണേ എന്ന ആഗ്രഹിച്ചവരുമുണ്ടാകാം.ഇല്ലാതിരിക്കാൻ തരമില്ല. കാരണം ഏവരുടേയും മനസ്സിലെ നായക രൂപത്തിൻ്റെ പൂർണതയായിരുന്നല്ലോ അയാൾ. ആ ഒരു കാലത്ത് നസീറിൻ്റെ കൃഷ്ണവേഷം പൂജാമുറിയിൽ ദൈവങ്ങൾക്കൊപ്പം ചേർത്തുവെച്ചവരുണ്ടായിരുന്നു എന്നത് അതിശയോക്തിയല്ല .വായിച്ചിട്ടുണ്ടങ്ങനെ.

ഒരു പക്ഷേ പുതിയ കാലത്തിൻ്റെ ചിന്തകളിൽ നസീറിനു നായക വേഷമുണ്ടാവില്ല. താരപരിവേഷവുമുണ്ടാവില്ല. അത് സ്വാഭാവികം. എന്നാൽ വായനകൾ സമ്മാനിച്ച അറിവുകളിൽ മലയാള സിനിമാലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായി പ്രശസ്തിയിലും പെരുമയിലും അഹങ്കരിക്കാത്ത നന്മയായി നസീർ ഉണ്ട്. ആ സിംഹാസനം എന്നും നസീറിനുള്ളതാണ്. അതിനൊരു കാലത്തും ഇളക്കം തട്ടില്ല എന്ന് അദ്ദേഹത്തെ നേരിട്ട് അറിയുന്നവരും, അറിഞ്ഞവരും ഉള്ളു തൊട്ട് എഴുതിയിടുന്ന കുറിപ്പുകൾ സാക്ഷ്യം പറയുന്നു. പരിചയപ്പെട്ടവരുടെ മനസ്സിൽ താരസൂര്യന് തിളക്കം കുറയില്ല എന്ന് അത്തരം എഴുത്തുകൾ അടിവരയിടുന്നു.

ഒരു നാടിൻ്റെ ചിന്തകളിലാകെ ആഴത്തിൽ വേരുറച്ച സ്നോഹാദരവ് എന്ന വിലമതിക്കാൻ കഴിയാത്ത സ്ഥാനമല്ലാതെ മറ്റുവലിയ പുരസ്കാരങ്ങളൊന്നും നസീറിനെ തേടിയെത്തിയില്ല. 1981-ൽ ലഭിച്ച സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക ജൂറി പുരസ്കാരമാണ് അഭിനയത്തിന് കിട്ടിയ പ്രധാന അംഗീകാരം . എന്നാൽ രാജ്യം പത്മശ്രീ, പത്മഭൂഷൻ ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചു. ഏറ്റവും കൂടുതൽ സിനിമകളിൽ നായകവേഷമണിഞ്ഞ് നസീർ സ്ഥാപിച്ച ലോക റെക്കാർഡ് തകർക്കാൻ ഇനിയൊരു നടൻ ലോക സിനിമയിൽ ഉയർന്നു വരുമെന്ന് കരുതാനാകില്ല .781 ചിത്രങ്ങളിലാണത്രേ അദ്ദേഹം നായകനായത്. അതു പോലെ തന്നെ ഒരു വർഷം ഏറ്റവും കുടുതൽ സിനിമകളിൽ നായക വേഷമിട്ട ഖ്യാതിയും നസീറിനു തന്നെ 1978-ൽ 41 സിനിമകൾ, 1979ൽ 39 സിനിമകൾ . എൺപതിലധികം നായികമാർക്കൊപ്പം അഭിനയിച്ച നായകൻ, ഒരേ നടിയോടൊപ്പം തന്നെ ( ഷീല ) നൂറിലധികം സിനിമകളിൽ നായകനായി വേഷമിട്ട നടൻ. ഇങ്ങനെ നസീർ കുറിച്ച ചരിത്രങ്ങൾ വെല്ലുവിളി നേരിടാത്ത നേട്ടങ്ങളായി തന്നെ ഇന്നും തുടരുന്നു .ഇനിയും അതങ്ങനെ തന്നെ തുടരാൻ തന്നെയാണു സാധ്യതയും.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും നസീർ സാന്നിദ്ധ്യമറിയിച്ചു. സ്ഥിരം വേഷങ്ങളുടെ തടവറയിൽ തളയ്ക്കപ്പെട്ട ഈ നടൻ അതിൽ നിന്നും പുറത്തു വരാൻ കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്തി വെട്ടിത്തിളങ്ങുന്നതും മലയാളം കണ്ടിട്ടുണ്ട്. ചുരുക്കമാണെങ്കിലും അത്തരം വേഷങ്ങളിൽ തിയേറ്ററുകളിൽ ഭാവത്താലും, ശബ്ദ ക്രമീകരണത്താലും നസീർ പ്രകമ്പനം തന്നെ തീർത്തിട്ടുമുണ്ട്.

മലയാളത്തിലെ ആദ്യത്തെ എഴുപത് എം.എം ചിത്രമായ പടയോട്ടത്തിലെ തമ്പാൻ മാത്രം മതി അത് തെളിയിക്കാൻ. വിദേശ ചിത്രങ്ങളോട് കിടപിടിക്കും വിധം ചിത്രീകരിച്ച പടയോട്ടത്തിൻ്റെ ഒന്നാം പകുതിയിൽ സൗമ്യനും സുന്ദരനുമായ ഉദയനൻതമ്പുരാൻ സിനിമയുടെ രണ്ടാം പകുതിയിൽ അതിശക്തനായ തമ്പാനായി എത്തുമ്പോൾ നമുക്ക് നസീറിനെ വായിക്കാം. ആ അഭിനയശേഷിയെ അളക്കാം. ആ കഥാപാത്രത്തിന് നസീർ പകർന്ന സൂക്ഷ്മ ഭാവങ്ങൾ ഇന്നും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും.

ഇന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ എന്ന് നസീറിനെ വിശേഷിപ്പിക്കാം. നടൻ എന്നതിലുപരി താരം തന്നെയായിരുന്നു അദ്ദേഹം.

പ്രേംനസീർ എന്ന ആ പേരിനു പോലും എന്തൊരു തെളിമയാണ് സ്വീകാര്യതയാണ്. ആ പേര് കേൾക്കുമ്പോൾ മനസ്സിലൂടെ കടന്നുപോകുന്ന ചിത്രങ്ങൾക്കെല്ലാം എന്തൊരു മനോഹാരിതയാണ്. പകരം വെക്കാനില്ലാത്ത ഒരാൾ. അതെ ഏറ്റവും ചുരുക്കി പറഞ്ഞാൽ അതു തന്നെയാണ് മലയാളിക്ക് പ്രേംനസീർ. വഴിയിലുപേക്ഷിക്കാൻ കഴിയാതെ ഒരു കാലം അവരുടെ വിശ്വാസങ്ങളിലും നിശ്വാസങ്ങളിലും വരെ കൂടെ ചേർത്തൊരാൾ. മുമ്പ് എവിടെയോ വായിച്ചതോർക്കുന്നു. ആരാണ് എഴുതിയത് എന്നോർമ്മയില്ല.

പ്രേംനസീർ മലയാളിയുടെ ഒരു ശീലമായിരുന്നു. രാവിലെ എണീക്കുന്നതു പോലെ, പല്ലു തേക്കുന്നതു പോലെ, കുളിക്കുന്നതു പോലെ, വൃത്തിയായി വസ്ത്രം ധരിക്കുന്നതു പോലെ, മധുരമായി സംസാരിക്കുന്നതു പോലെ മലയാളി ജീവിതത്തിൽ കൊണ്ടു നടന്ന ഒരു ശീലം. ഇതിൽ കൂടുതൽ എന്തെഴുതാൻ എന്ന് അന്നത് വായിച്ചപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്. ഇന്നും തോന്നുന്നുമുണ്ട്. നസീർ മലയാളത്തിൻ്റെ നിത്യഹരിത സ്വപ്നങ്ങൾക്ക് നിറം ചാർത്തിയ ഗന്ധർവൻ്റെ മരണമില്ലാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments