Sunday, November 24, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

1. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍നിന്ന് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡൻ പിന്മാറി. രാജ്യത്തിന്റെയും പാർട്ടിയുടെയും നല്ലതിനായി മത്സരത്തിൽനിന്ന് പിന്മാറുന്നുവെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ ജോ ബൈഡൻ വ്യക്തമാക്കി. യുഎസ് തിരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്റെ പിന്മാറ്റം. തനിക്കു പകരം കമല ഹാരിസിന്റെ പേരു നിർദ്ദേശിച്ചാണ് ബൈഡൻ പിൻമാറുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ കമലയെ പിന്തുണയ്ക്കണമെന്ന് ബൈഡൻ ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ പതറിയതോടെ ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. രാജ്യത്തിന്റെ പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകളിൽ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണ് പദ്ധതിയെന്നും ബൈഡൻ കുറിപ്പിൽ പറയുന്നു.
സ്വന്തം പാളയത്തിൽത്തന്നെ ഒറ്റപ്പെട്ടുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രസിഡന്റ് പദത്തിൽ രണ്ടാമൂഴം തേടിയുള്ള പരീക്ഷണത്തിൽനിന്ന് ജോ ബൈഡന്റെ പിൻമാറ്റം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് ബൈഡൻ പിന്മാറണമെന്ന് പാർട്ടിക്കകത്തും പുറത്തും കടുത്ത സമ്മർദമുയർന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ ബൈഡൻ സ്ഥാനാർഥിയാകുന്നതു ഡെമോക്രാറ്റിക് പാർട്ടിയുടെ സാധ്യകൾ ഇല്ലാതാക്കുമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായമുയർന്നു. എതിരാളിയായ ഡോണൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം, പ്രായാധിക്യ പ്രശ്നങ്ങൾ, ട്രംപിനു നേരെയുണ്ടായ വധശ്രമം, അനുകൂലമല്ലാത്ത അഭിപ്രായ സർവേകൾ, ഏറ്റവുമൊടുവിലായി കോവിഡ് ബാധിച്ചത് –തുടങ്ങി രണ്ടാമൂഴം തേടുന്ന ബൈഡൻ നിരന്തരം വെല്ലുവിളികൾ നേരിട്ടിരുന്നു. പാർട്ടിയിലെ പ്രമുഖ നേതാക്കളായ മുൻ പ്രസിഡന്റ് ബറാക് ഒബാമ, മുൻ സ്പീക്കർ നാൻസി പെലോസി, സെനറ്റ് നേതാവ് ചക് ഷൂമർ തുടങ്ങിയവർ ബൈഡനെ സന്ദർശിച്ച് പിന്മാറ്റം സംബന്ധിച്ചു ചർച്ച നടത്തുകയും ചെയ്തിരുന്നു.
അടുത്ത മാസം നടക്കുന്ന ഡെമോക്രാറ്റ് പാർട്ടി കൺവൻഷനിലാണ് പ്രസിഡന്റ് സ്ഥാനാർഥിയെ ഔദ്യോഗികമായി നാമനിർദേശം ചെയ്യുന്നത്. ബൈഡനെ തോൽപിക്കുന്നതിലും എളുപ്പമാണ് കമലയെ തോൽപ്പിക്കാനെന്ന് എതിരാളിയും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ജോ ബൈഡന്റെ അസാധാരണമായ നേതൃത്വത്തിന് അമേരിക്കൻ ജനങ്ങളുടെ പേരിൽ നന്ദി പറയുന്നതായി കമല ഹാരിസ് എക്സിൽ കുറിച്ചു. തന്നെ സ്ഥാനാർഥിയാക്കാനുള്ള പ്രസിഡന്റിന്റെ നിർദേശം ബഹുമതിയാണെന്നും പാർട്ടിയുടെ നോമിനേഷൻ ലഭിക്കാനും വിജയിക്കാനും പരിശ്രമിക്കുമെന്നും കമല ഹാരിസ് പറഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി എത്തിയ ഇന്ത്യൻ വംശജയും വനിതയുമാണ് കമല.
അതേസമയം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നു ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ പിന്മാറിയതോടെ, അതുവരെ പിരിച്ച പ്രചാരണ ഫണ്ട് പുതിയ സ്ഥാനാർഥി കമല ഹാരിസിനു കൈമാറുന്നതിനെതിരെ എതിരാളി ഡോണൾഡ് ട്രംപ് രംഗത്ത്. തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായ ട്രംപിന്റെ ഔദ്യോഗിക പ്രചാരണസംഘമാണ് ഫെഡറൽ ഇലക്‌ഷൻ കമ്മിഷനു പരാതി നൽകിയത്. ഇത്തരം ഫണ്ട് കൈമാറ്റം നിയമപരമല്ലെന്നു പരാതിയിൽ പറയുന്നു. പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള കമലയുടെ പ്രചാരണ പരിപാടികളിൽ ആദ്യത്തേത് വിസ്കോൻസെൻ സംസ്ഥാനത്തെ മിൽവോക്കിയിൽ വൻജനപങ്കാളിത്തത്തോടെ നടന്നതിനെ റിപ്പബ്ലിക്കൻ പാർട്ടി ആശങ്കയോടെയാണ് കാണുന്നത്.

2. ജോലിത്തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ 14 ഇന്ത്യൻ പൗരന്മാരെ എംബസി രക്ഷപ്പെടുത്തി. നോംപെന്നിൽ സന്നദ്ധസംഘടനയുടെ സംരക്ഷണത്തിലുള്ള ഇവരെ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കാനുള്ള നടപടി ആരംഭിച്ചു. സൈബർ ജോലിത്തട്ടിപ്പിൽ കുടുങ്ങിയ 650 ഇന്ത്യക്കാരെയാണു കംബോഡിയ സർക്കാരിന്റെ സഹായത്തോടെ ഇന്ത്യൻ എംബസി ഇതുവരെ രക്ഷിച്ചത്. കംബോഡിയയിൽ ജോലി വാഗ്ദാനം നൽകി യുവാക്കളെ ആകർഷിച്ച് കെണിയിൽപെടുത്തുന്നവർക്കെതിരെ ഇന്ത്യ പൗരന്മാർക്കു മുന്നറിയിപ്പു നൽകി. സർക്കാർ അംഗീകാരമുള്ള ഏജൻസികളിലൂടെ മാത്രമേ ജോലിക്കു ശ്രമിക്കാവൂ എന്നു നിർദേശിച്ചിട്ടുണ്ട്.

3. ബംഗ്ലാദേശിലെ ധാക്കയിൽ സംവരണ വിരുദ്ധ പ്രക്ഷോഭം. 1971ലെ ബംഗ്ലദേശ് വിമോചനസമരത്തിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്കു സർക്കാർ ജോലിയിൽ 30% സംവരണം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെത്തുടർന്നാണു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവും കൂടി പ്രക്ഷോഭത്തിന്റെ വിഷയമായി മാറിക്കഴിഞ്ഞു. പ്രക്ഷോഭത്തിനിടെ വിദ്യാർഥികൾ ജയിൽ തകർക്കുകയും തീയിടുകയും ചെയ്തു. നർസിങ്കടി ജില്ലയിലെ സെൻട്രൽ ജയിലിൽനിന്നു നൂറുകണക്കിനു തടവുകാരെ പ്രക്ഷോഭകർ മോചിപ്പിച്ചു. ധാക്കയിൽ ഇന്റർനെറ്റ് നിയന്ത്രണമുണ്ട്. തലസ്ഥാനത്തെ സർവകലാശാലകൾ അടയ്ക്കുകയും ഹോസ്റ്റലുകളിൽനിന്നും വിദ്യാർഥികളെ ഒഴിപ്പിക്കുകയും ചെയ്തു. നിരോധനാജ്ഞ നിലവിലുണ്ട്. പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുണ്ട്. 150 ലധികം പേർ മരിച്ചു. തലസ്ഥാന നഗരമായ ധാക്കയിൽ മാത്രം 52 പേർ മരിച്ചതായാണ് റിപ്പോർട്ട്. അതേസമയം ബംഗ്ലദേശിൽ സർവകലാശാലകൾ അടയ്ക്കുകയും ഹോസ്റ്റലുകളിൽ നിന്നും വിദ്യാർഥികളെ ഒഴിപ്പിക്കുകയും ചെയ്തതോടെ നിരവധി ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങാൻ തുടങ്ങി. ഇതുവരെ 300ലധികം ഇന്ത്യൻ വിദ്യാർഥികൾ ഇന്ത്യയിലേക്ക് മടങ്ങിക്കഴിഞ്ഞു. ഉത്തർപ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥികളാണ് തിരികെയെത്തിയത്. ത്രിപുര, മേഘാലയ അതിർത്തികൾ വഴിയാണ് ഇവർ ഇന്ത്യയിലേക്ക് മടങ്ങിയത്.

ബംഗ്ലദേശിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്ന് ഇന്ത്യ പ്രതികരിച്ചു. . 15,000ഓളം ഇന്ത്യക്കാരാണ് ബംഗ്ലദേശിൽ താമസിക്കുന്നത്. ഇതിൽ 8500 പേരും വിദ്യാർഥികളാണ്.

പ്രക്ഷോഭം കനത്തതിനെ തുടർന്ന് കീഴ്കോടതിയുടെ സംവരണ ഉത്തരവ് സുപ്രീം കോടതി റദാക്കി. 93 ശതമാനം സർക്കാർ ജോലികളും ക്വാട്ടകളില്ലാതെ മെറിറ്റിൽ ഉദ്യോഗാർഥികൾക്കു ലഭ്യമാകുമെന്നു സുപ്രീംകോടതി വ്യക്തമാക്കി. ബാക്കി വരുന്ന 7 ശതമാനത്തിൽ 5 ശതമാനം സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കൾക്കു ലഭിക്കും. മറ്റു വിഭാഗങ്ങൾക്ക് രണ്ട് ശതമാനം സംവരണവും ലഭിക്കുമെന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു. രാജ്യത്തു കലാപം നടന്ന സാഹചര്യത്തിലാണു സുപ്രീംകോടതി തീരുമാനം.

4. യുദ്ധം മൂലം പട്ടിണി രൂക്ഷമായ സുഡാനിൽ ഭക്ഷണത്തിനു പകരം സ്ത്രീകളോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ട് സൈനികർ. ഭക്ഷണ സംഭരണശാലകൾ സൈനികരുടെ കൈവശമായതോടെയാണു സൈനികരുടെ ചൂഷണത്തിന് സ്ത്രീകൾ ഇരകളാവുന്നത്. രാജ്യത്തുനിന്നും രക്ഷപ്പെട്ടെത്തിയ 24 സ്ത്രീകളാണു സൈന്യത്തിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞവർഷം ഏപ്രിൽ 15നു രാജ്യത്ത് ആഭ്യന്തരയുദ്ധം ആരംഭിച്ചതുമുതലാണു സൈന്യത്തിന്റെ ആക്രമണവും ആരംഭിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

5. ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പു നൽകി മിനിറ്റുകൾക്കകം ഇസ്രയേൽ സൈന്യം തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ കനത്ത ആക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 50 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. സുരക്ഷിതമേഖലയെന്നു പറഞ്ഞിരുന്ന ബാനി സുഹൈല പട്ടണത്തിലടക്കം ഇസ്രയേൽ ടാങ്കുകൾ കനത്ത ഷെല്ലാക്രമണവും ബോംബിങ്ങുമാണു നടത്തിയത്. സുരക്ഷിതമേഖലയെന്നു പറഞ്ഞിരുന്ന ഇവിടെ 4 ലക്ഷത്തോളം പലസ്തീൻകാരുണ്ട്. കുട്ടികളും സ്ത്രീകളുമടക്കം പതിനായിരങ്ങൾ കാൽനടയായി പൊരിവെയിലിൽ പലായനം തുടങ്ങി. തൊട്ടടുത്ത ദെയറൽ ബലാഹ് പട്ടണത്തിൽ ബോംബാക്രമണങ്ങളിൽ ഒരു മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 153 ആയി. ഖാൻ യൂനിസിന്റെ കിഴക്കൻ മേഖലയിൽനിന്ന് കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യത്തിനുനേരെ റോക്കറ്റാക്രമണമുണ്ടായിരുന്നു.
അതിനിടെ ഇസ്രയേൽ–ഹിസ്ബുല്ല സംഘർഷത്തിനിടെ ലബനനിൽനിന്നു തൊടുത്ത റോക്കറ്റ് ഇസ്രയേൽ അധീനതയിലുള്ള ഗോലാൻകുന്നിൽ ഫുട്ബോൾ മൈതാനത്തു വീണു കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. മരിച്ചവരെല്ലാം 10നും 20 ഇടയിൽ പ്രായമുള്ളവരാണ്. സ്ഫോടനത്തെത്തുടർന്നു വൻതീപിടിത്തവുമുണ്ടായി. ഗോലാൻ കുന്നിലെ മജ്‌ദൽ ഷംസിലെ ദ്രൂസ് ഗ്രാമത്തിലാണു സംഭവം. ലബനനിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 3 ഹിസ്ബുല്ല അംഗങ്ങൾ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണു റോക്കറ്റാക്രമണം. ആക്രമണത്തിനു പിന്നിൽ ഹിസ്ബുല്ലയാണെന്ന് ഇസ്രയേൽ ആരോപിച്ചു. എന്നാൽ സംഭവവുമായി ബന്ധമില്ലെന്നു ഹിസ്ബുല്ല പ്രതികരിച്ചു. ഇതിനിടെ, മധ്യഗാസയിലെ ദെയ്റൽ ബലാഹിൽ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്കു പരുക്കേറ്റു.

ഖാൻ യൂനിസിന്റെ കിഴക്കൻ മേഖലയിൽ സുരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന 60 ചതുരശ്ര കിലോമീറ്റർ മേഖലയിൽനിന്നു ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. ഇവിടെ താൽക്കാലിക കൂടാരങ്ങളിൽ ലക്ഷക്കണക്കിനു പലസ്തീൻകാരാണുള്ളത്. ഗാസയിലെ മറ്റു പ്രദേശങ്ങളിൽനിന്ന് ഒഴിപ്പിക്കപ്പെട്ടവരാണ് ഇവരിലേറെയും.

6. ഗാസയിൽ വെ‌‌ടിനിർത്തൽ പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ഇസ്രയേൽ ഒരുങ്ങുന്നു. വടക്കൻ ഗാസയിലേക്കു പലസ്തീൻ പൗരൻമാർ സ്വതന്ത്രമായി മടങ്ങിവരുന്നതിനെ ഇസ്രയേൽ എതിർക്കുമെന്നാണു സൂചന. കർശനമായ പരിശോധനകൾക്കു ശേഷം പ്രവേശനം അനുവദിക്കാനാണു നീക്കം. ഹമാസ് പ്രവർത്തകരും അവരെ പിന്തുണയ്ക്കുന്നവരും തിരിച്ചെത്തുന്നതു തടയുകയാണു ലക്ഷ്യം. ഇസ്രയേലിന്റെ ഈ നീക്കത്തെ എതിർത്ത് ഹമാസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മധ്യസ്ഥർ പോലും കാണാത്ത നിർദേശങ്ങളെച്ചൊല്ലിയാണ് ഹമാസിന്റെ പ്രതികരണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഹമാസിന്റെ തടവിൽ കഴിയുന്ന ഇസ്രയേൽ പൗരൻമാരുടെ മോചനത്തിനും ഇതു തടസ്സമായേക്കും. ഈജിപ്തിനോടു ചേർന്നുകിടക്കുന്ന ഗാസ അതിർത്തിയുടെ നിയന്ത്രണം വേണമെന്ന ഇസ്രയേലിന്റെ ആവശ്യവും മധ്യസ്ഥ ചർച്ചകളിൽ നിഴൽ വീഴ്ത്തുന്നു. ഒത്തുതീർപ്പ് ഉടമ്പടിയിൽ പെടാത്തതാണ് ഈ ആവശ്യമെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഈജിപ്ത് വ്യക്തമാക്കി. ‘ഫിലഡൽഫിയ ഇടനാഴി’യെന്നു വിളിക്കുന്ന ഈ പ്രദേശത്തുനിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇസ്രയേലിനു സമ്മതമല്ലെന്നാണു സൂചന. നിർണായകമായ ഈ പ്രദേശത്തെ തുരങ്കങ്ങളിലൂടെ ഹമാസിന് ആയുധങ്ങളും മറ്റു സാമഗ്രികളും എത്തിയിരുന്നു. എന്നാൽ, ഗാസയിലേക്കുള്ള തുരങ്കങ്ങൾ വർഷങ്ങൾക്കു മുൻപേ തകർത്തതാണെന്ന് ഈജിപ്ത് അവകാശപ്പെടുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വെടിനിർത്തൽ അനിവാര്യമാണെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. അന്തിമകരാറിന് അടുത്തെത്തിക്കഴിഞ്ഞതായി വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. ഹമാസുമായി ഉടൻ വെടിനിർത്തലിലെത്തണമെന്നു വൈസ് പ്രസിഡന്റ് കമലാ ഹാരിസും നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങൾക്കിട‌െ, ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി പാരിസിൽ കൂടിക്കാഴ്ച നടത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും ഗാസയിൽ അടിയന്തര വെട‌ിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇസ്രയേൽ–പലസ്തീൻ അനൗദ്യോഗിക ചർച്ചകൾക്കു ചുക്കാൻ പിടിക്കുന്നത്. 3 ഘട്ടമായി നടപ്പാക്കേണ്ട രൂപരേഖയുടെ അടിസ്ഥാനത്തിലാണു ചർച്ച നടക്കുന്നത്. ആറാഴ്ച നീളുന്ന വെടിനിർത്തലാണ് ആദ്യഘട്ടം. തടവിലുള്ള നൂറുകണക്കിനു പലസ്തീൻ പൗരൻമാരെ ഇസ്രയേൽ ഈ ഘട്ടത്തിൽ മോചിപ്പിക്കും. സ്ത്രീകളും മുതിർന്നവരും മുറിവേറ്റവരുമടങ്ങുന്ന ഇസ്രയേൽ പൗരൻമാരെ പലസ്തീനും മോചിപ്പിക്കും. എല്ലാ യുദ്ധനീക്കങ്ങളും അവസാനിപ്പിക്കുകയാണ് രണ്ടാംഘട്ട‌ം. പ്രധാനപ്പെട്ട പുനർനിർമാണ പ്രവർത്തനങ്ങൾ മൂന്നാംഘട്ടത്തിൽ നടക്കും.

7. ഗാസയിലെ ടെൽ അമൽ അമറിലുള്ള സെന്റ് ഹിലേരിയൻ ആശ്രമത്തിനു യുനെസ്കോ പൈതൃക പദവി. നാശോന്മുഖമായ പൈതൃകകേന്ദ്രങ്ങളുടെ പട്ടികയിലും ആശ്രമം ഇടംപിടിച്ചു. ന്യൂഡൽഹിയിൽ നടക്കുന്ന ലോക പൈതൃക സമിതി യോഗത്തിലാണ് തീരുമാനം.

8. യുഎസ് സീക്രട്ട് സർവീസ് ഡയറക്ടർ കിംബെർലി ചീറ്റൽ രാജിവച്ചു. തിരഞ്ഞെടുപ്പു റാലിക്കിടെ മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെയുണ്ടായ വധശ്രമം തടയുന്നതിൽ സീക്രട്ട് സർവീസ് പരാജയപ്പെട്ടെന്ന കടുത്ത വിമർശനത്തെത്തുടർന്നാണു രാജി. യുഎസ് പ്രസിഡന്റിന്റെയും മുൻപ്രസിഡന്റുമാരുടെയും സുരക്ഷയാണു സീക്രട്ട് സർവീസിന്റെ ചുമതല. 2022 ൽ ആണു ചീറ്റൽ മേധാവിയായത്. 1981 ൽ പ്രസിഡന്റ് റൊണാൾഡ് റീഗനു നേരെയുണ്ടായ വധശ്രമത്തിനുശേഷം സീക്രട്ട് സർവീസിനുണ്ടായ ഏറ്റവും പരാജയമാണു ട്രംപ് വധശ്രമമെന്നു ചീറ്റൽ ഉത്തരവാദിത്തമേറ്റിരുന്നു. പുതിയ മേധാവിയുടെ നിയമനം ഉടൻ ഉണ്ടാകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. പെൻസിൽവേനിയയിൽ ഈ മാസം 13 നു തിരഞ്ഞെടുപ്പുറാലിക്കിടെ ഒരു കെട്ടിടത്തിന്റെ മുകളിൽനിന്നാണ് അക്രമി ട്രംപിനുനേരെ വെടിവച്ചത്. വെടിയുണ്ട മുൻപ്രസിഡന്റിന്റെ വലതുചെവിയിൽ ഉരസി കടന്നുപോയി.

9. ഹമാസും ഫത്തായും അടക്കം 14 സംഘടനകൾ ഭിന്നതകൾ മാറ്റിവച്ചു ഗാസയിൽ ഇടക്കാല ദേശീയസർക്കാരുണ്ടാക്കാൻ ബെയ്ജിങ്ങിൽ നടന്ന ചർച്ചയിൽ തീരുമാനമായെന്നു ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ മാസം 21 മുതൽ 23 വരെ നടന്ന ചർച്ചയിലാണു യുദ്ധാനന്തര ഗാസയിൽ ഐക്യപലസ്തീൻ സർക്കാരിനു ധാരണയായതെന്നു വിദേശകാര്യമന്ത്രി വാങ് ലീ വ്യക്തമാക്കി. വെസ്റ്റ്ബാങ്കും ജറുസലമും ഉൾപ്പെടുന്ന പലസ്തീൻ അതോറിറ്റിയുടെ ഭരണം നടത്തുന്ന ഫത്തായും ഗാസയുടെ ഭരണമുള്ള ഹമാസും തമ്മിലുള്ള 17 വർഷം നീണ്ട ഭിന്നതയ്ക്കാണ് ഇതോടെ പരിഹാരമായത്. മുൻപ് ഹമാസ്–ഫത്താ ഐക്യത്തിന് ഈജിപ്തും മറ്റ് അറബ് രാജ്യങ്ങളും നടത്തിയ ശ്രമങ്ങൾ പാഴായിരുന്നു. ഗാസയിൽ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും യുഎസ് മുൻകയ്യെടുത്ത മധ്യസ്ഥ ചർച്ചകൾ തുടരുന്നതിനിടെയാണ് പലസ്തീനിലെ ചൈനയുടെ ഇടപെടൽ. യുദ്ധത്തിനുശേഷം ഗാസയുടെ നിയന്ത്രണമേറ്റെടുക്കാനുള്ള ഇസ്രയേൽ നീക്കത്തിനുള്ള തിരിച്ചടിയാണിത്. ഹമാസുമായി കൈകോർത്ത ഫത്തായുടെ നടപടിയെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിമർശിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കായി വാഷിങ്ടനിലുള്ള നെതന്യാഹു അടുത്ത ദിവസം യുഎസ് കോൺഗ്രസിൽ പ്രസംഗിക്കും.
യുദ്ധം മൂലം അടിസ്ഥാനസൗകര്യങ്ങൾ തകർന്നടിഞ്ഞ ഗാസ മുനമ്പിൽ പോളിയോ പടർന്നുപിടിച്ചേക്കാമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. ഗാസയിലെ സീവേജ് മാലിന്യത്തിലാണു പോളിയോ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്. വൈറസ് മറ്റു രാജ്യങ്ങളിലേക്കും പടർന്നേക്കുമെന്ന ഭീഷണിയുണ്ട്. കൂടുതൽ പരിശോധനയ്ക്കായി ഡബ്ല്യുഎച്ച്ഒ – യുനിസെഫ് പ്രവർത്തകർ ഗാസയിലെത്തി സാംപിളുകൾ ശേഖരിച്ചു. ഗാസയിലെങ്ങും പോളിയോ വാക്സിനേഷൻ വേണ്ടിവരുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഗാസയിൽ കഴിഞ്ഞവർഷം ഹെപ്പറ്റൈറ്റിസ് എ പടർന്നു പിടിച്ചിരുന്നു. അതിനു പിന്നാലെയാണ് പോളിയോ ഭീഷണിയും. തകർന്ന ആരോഗ്യസംവിധാനങ്ങളും ശുദ്ധജലത്തിന്റെയും ശുചിത്വത്തിന്റെയും അപര്യാപ്തതയും ആരോഗ്യസേവനങ്ങൾക്ക് ലഭിക്കാനുള്ള ബുദ്ധിമുട്ടും കാരണം ഗുരുതര സാഹചര്യമാണ് ഗാസയിലെന്നും സാപർബെകോവ് മുന്നറിയിപ്പ് നൽകി.

10. നേപ്പാളിൽ ശൗര്യ എയർലൈൻസിന്റെ വിമാനം ടേക്ക് ഓഫിനിടെ തകർന്നുവീണ് പതിനെട്ടുപേർ മരിച്ചു. ഗുരുതര പരുക്കേറ്റ പൈലറ്റ് എംആർ ശാക്യ ചികിത്സയിലാണ്. ജീവനക്കാരുൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വിമാനത്താവള വക്താവ് പ്രേംനാഥ് ഥാക്കൂർ പറഞ്ഞു. കാഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കാഠ്മണ്ഡുവിൽനിന്ന് പൊഖ്റയിലേക്ക് പുറപ്പെട്ടതാണ് വിമാനം. ടേക്ക് ഓഫിനിടെ വിമാനം റൺവേയിൽനിന്ന് തെന്നിമാറിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

11. ‘ബ്ലൂസ്ബ്രേക്കേഴ്സ്’ ബാൻഡുമായി ജനപ്രിയ സംഗീതത്തിന്റെ പുതിയ തീരങ്ങൾ തേടിയ ബ്രിട്ടിഷ് ഇതിഹാസം ജോൺ മേയൽ (90) അന്തരിച്ചു. ഏറെ നാളുകളായി അസുഖബാധിതനായിരുന്നു. കലിഫോർണിയയിലെ വീട്ടി‍ലായിരുന്നു മരണം. ചടുലതാളങ്ങളിലൂടെ പ്രകമ്പനം കൊള്ളിക്കുന്ന വികാരസുന്ദര ഗാനങ്ങളുമായി യുഎസിലെ ആഫ്രിക്കൻ വംശജർ പരിചയപ്പെടുത്തിയ വേറിട്ട സംഗീതധാരയെ ബ്രിട്ടിഷ് ആസ്വാദകർ ഏറെ ഇഷ്ടപ്പെട്ടുതുടങ്ങിയത് മേയൽ നയിച്ച ബാൻഡിലൂടെ ആയിരുന്നു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിനടുത്ത് ബെറിലിന്റെയും പിയാനോ വിദഗ്ധൻ മറി മേയലിന്റെയും മകനായി 1933 നവംബർ 29നായിരുന്നു ജനനം.

1964 ലായിരുന്നു ബ്ലൂസ്ബ്രേക്കേഴ്സിന്റെ അരങ്ങേറ്റം.

✍സ്റ്റെഫി ദിപിൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments