മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹ വന്ദനം.
ഈ ലോകത്തു ജീവിക്കുന്നവരിൽ ചിലർക്ക് ആരെയും ആവശ്യമില്ല എന്ന ആത്മ വിശ്വാസത്തിലും, സ്വയാശ്രയത്തിലും ആശ്രയിക്കും. എന്നാലവർ പ്രതിസന്ധികൾ വരുമ്പോൾ ആരും ആശ്രയമില്ലാതെ ഒറ്റപ്പെടുന്ന അവസ്ഥയിലാകുന്നത് കാണാം. എന്നാൽ ക്രിസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മറ്റെല്ലാ കാര്യങ്ങളും ശരിയായ കാഴ്ചപ്പാടിൽ ക്രമീകരിക്കപ്പെടുന്നു.
ദാനിയേൽ സിംഹക്കുഴിയിൽ
ദാനിയേൽ 6-1- 23
ദാര്യാവേശ് രാജാവിന്റെ ഭരണകാലത്തു കൊട്ടാരത്തിലെ മൂന്നു അധ്യക്ഷന്മാരിൽ സത്യ ദൈവത്തെ ആരാധിച്ചിരുന്ന ഒരുവനായിരുന്നു ദാനിയേൽ. ദാനിയേലിനോട് രാജാവിന് പ്രത്യേക താല്പര്യമുണ്ടായിരുന്നു. രാജാവ് അവനെ സർവ്വത്തിനും അധികാരിയാക്കുവാൻ നിച്ഛയിച്ചു. അതിനാൽ തന്റെ സഹ പ്രവർത്തകർക്ക് അവനോട് അസൂയ തോന്നി.
ദാനിയേൽ ജീവനുള്ള ദൈവത്തെ മാത്രമേ ആരാധിക്കുവെന്നറിയാവുന്ന അവർ അവനെ നശിപ്പിക്കുവാൻ ഒരുപായം കണ്ടെത്തി. മുപ്പതു ദിവസത്തേയ്ക്ക് രാജാവിനോടല്ലാതെ മറ്റാരോടും പ്രാത്ഥിക്കുവാൻ പാടില്ലെന്നും മാറ്റാരോടെങ്കിലും പ്രാർത്ഥിക്കുന്നു വെങ്കിൽ അവരെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടു കളയുമെന്നും ഒരു കല്പന പുറപ്പെടുവിക്കുവാൻ രാജാവിനോട് ആവശ്യപ്പെട്ടു.
സങ്കീർത്തനം 34-5
“അവങ്കലേയ്ക്ക് നോക്കിയവർ പ്രകാശിതരായി, അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല ”
രാജാവ് ഒരു കല്പന എഴുതി പുറപ്പെടുവിച്ചു എന്നാൽ ദാനിയേൽ ഇത് അറിഞ്ഞിട്ടും സത്യ ദൈവത്തോട് പതിവുപോലെ പ്രാത്ഥിച്ചു പോന്നു. ഇതറിഞ്ഞ രാജാവ് ദുഃഖത്തോടെ ദാനിയേലിനെ സിംഹ കുഴിയിൽ ഇടുവാൻ കല്പിച്ചു.
റോമർ 10-11
” അവനിൽ വിശ്വസിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല ”
സിംഹക്കുഴിയിലായ ദാനിയേലിനെ രക്ഷിതാവായ ദൈവം തന്റെ ദൂതനെ അയച്ചു സിംഹങ്ങളുടെ വായ് അടച്ചു കളഞ്ഞു. ദാനിയേലിന് ഒന്നും ഡാംഭവിക്കാത്തത് കണ്ട രാജാവ് ദാനിയേലിനെ സിംഹക്കുഴിയിൽ നിന്നും കയറ്റാൻ കല്പിച്ചു. രാജാവിന്റെ കല്പനയാൽ ദാനിയേലിനെ കുറ്റം ചുമത്തിയവരെയും അവരുടെ കുടുംബങ്ങളെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടു കളഞ്ഞു.
റോമർ 8 -28
” എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണ്ണയ പ്രകാരം വിളിക്കപ്പെട്ടവർക്കു തന്നെ സകലവും നന്മയ്ക്കായ് കൂടി വ്യാപാരിക്കുന്നു ”
ദാനിയേലിനു ദൈവത്തിൽ വിശ്വാസവും ദൈവം വിടുവിക്കുമെന്ന ഉറപ്പും ഉണ്ടായിരുന്നു. അതുകൊണ്ട് ദാനിയേൽ ലജ്ജിക്കുവാൻ ദൈവം സമ്മതിച്ചില്ല. ദൈവം തന്റെ മക്കളെ ഏത് ആപത് ഘട്ടത്തിലും വിടുവിക്കുവാൻ സർവ്വ ശക്തനാണ്.
1 കൊരിന്ത്യർ 1-27
” ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷ്യത്വമായത് തെരഞ്ഞെടുത്തു. ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതിനെ തെരഞ്ഞെടുത്തു ”
നമ്മുടെ ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ ദൈവത്തിനു സാധിക്കുമെന്ന് വിശ്വസിക്കുക. ബുദ്ധി തന്റെ ചുറ്റുപാടുക്കൾക്ക് അനുസരിച്ചു പ്രവർത്തിക്കുമ്പോൾ ദൈവ കരം സ്വർഗീയ മഹത്വത്തിന് അനുസരിച്ചു പ്രവർത്തിക്കും. പ്രിയരേ ഹൃദയം ദൈവത്തിൽ സമർപ്പിക്കാം, ദൈവം തന്റെ മഹിമയാൽ നിറയ്ക്കട്ടെ. ഈ വചനങ്ങളാൽ ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ. ആമേൻ