സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ‍്. കേരളത്തിൽ ഇന്ന് ഗ്രാമിന് 270 രൂപ വർധിച്ച് 8560 രൂപയിലെത്തി. പവന് 2160 രൂപ വർധിച്ച് 68,480 രൂപയുമായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക് മുകളിൽ നൽകണം.
സ്വർണവില വലിയതോതിൽ കുറയുമെന്ന പ്രതീക്ഷയിൽ അഡ്വാൻസ് ബുക്കിംഗ് എടുത്ത സ്വർണ വ്യാപാരികള്‍ക്ക് വലിയ നഷ്ടമാണുണ്ടായിരിക്കുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൾ നാസർ അറിയിച്ചു.
അന്താരാഷ്ട്ര സ്വർണവില 100 ഡോളറിന് മുകളിൽ കയറുന്നത് ചരിത്രത്തിൽ ആദ്യം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധം സ്വർണവില കുതിപ്പിന് കളമൊരുക്കി. അന്താരാഷ്ട്ര സ്വർണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറിൽ അധികമാണ് വർധിച്ചത്. അന്താരാഷ്ട്ര സ്വർണവില 3126 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.23 ലുമാണ്.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നികുതി പ്രഖ്യാപനങ്ങള്‍ക്ക് ശേഷം സ്വർണവില താഴേക്ക് വീണിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2,680 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് ഒറ്റദിവസം കൊണ്ട് വമ്പൻ കുതിപ്പ് സംഭവിച്ചത്. വില കുറഞ്ഞതോടെ സ്വര്‍ണ വില്‍പന കഴിഞ്ഞാഴ്ചയെ അപേക്ഷിച്ച് 10 ശതമാനം വര്‍ധിച്ചിരുന്നു.