ആലപ്പുഴ: നടന്‍ ഷൈന്‍ ടോം ചാക്കോ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ലഹരിയില്‍ നിന്നും തനിക്ക് മോചനം വേണമെന്നും തുറന്നുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ലഹരി വിമുക്തകേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനമായത്.
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട ഷൈന്‍ ടോം ചാക്കോയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നടന്‍ രാസലഹരിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പൊലീസിനോട് സമ്മതിച്ചത്.എക്‌സൈസ് വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും നടന് ലഹരി വിമുക്തി ചികിത്സ നല്‍കുക. സര്‍ക്കാറിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി ഷൈനിനെ ഉടന്‍ തന്നെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റും.
ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്താംഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നും ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും ഷൈൻ എക്സൈസിന് മൊഴി നൽകി. ലഹരി വിമുക്തിക്കായി ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണെന്നും ഷൈൻ പറഞ്ഞു.
തനിക്കു ലഹരിയിൽ നിന്നു മോചനം ആവശ്യമുണ്ടെന്നു പറഞ്ഞ നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യൽ പൂർത്തിയായതിവു പിന്നാലെ നേരെ തൊടുപുഴയിലെ ലഹരിവിമോചന കേന്ദ്രത്തിലേക്കു കൊണ്ടുപോയി. മോഡൽ സൗമ്യയുടെയും നടൻ ശ്രീനാഥ് ഭാസിയുടെയും മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. പത്തര മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത്.
തിങ്കളാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിനായി ഷൈൻ ടോം ചാക്കോ ആലപ്പുഴ എക്സൈസ് കമ്മിഷണർ ഓഫീസിലെത്തിയത്. ഹൈബ്രിഡ് കഞ്ചാവ് കേസിൽ രാവിലെ എത്തിയിട്ടും മൊഴി രേഖപ്പെടുത്താത്തതിൽ ഷൈൻ ടോം ചാക്കോ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് തന്റെ അഭിഭാഷകനെ കാണണമെന്ന് ആവശ്യപ്പെട്ടു താഴത്തെ നിലയിലേക്ക് വന്ന ഷൈൻ പിന്നീട് അഭിഭാഷകനെ കണ്ട ശേഷം തിരികെ എക്സൈസ് ഓഫീസിലേക്ക് മടങ്ങി. ഇതിനുപിന്നാലെയാണ് ഷൈനിനെ ചോദ്യം ചെയ്തു തുടങ്ങിയത്.