മലപ്പുറം പെരിന്തൽമണ്ണയിൽ സ്കൂട്ടറിന് പിന്നിൽ ക്രെയിൻ ഇടിച്ചു പിൻസീറ്റിലിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) ആണ് മരിച്ചത്. പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ പെരിന്തൽമണ്ണ ജൂബിലി ജംക്‌ഷനിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു
സ്കൂട്ടറിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു നേഹ. പെരിന്തൽമണ്ണ ജൂബിലി ജംക്‌ഷനിൽനിന്ന് സ്കൂട്ടർ തിരിക്കാനായി നിൽക്കുമ്പോൾ ക്രെയിനിന്റെ മുൻചക്രം സ്കൂട്ടറിനു പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിനു പിന്നിൽ ഇരിക്കുകയായിരുന്ന നേഹ റോഡിലേക്ക് വീണു. ക്രെയിനിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയാണ് മരണം.
സ്കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ മുന്നോട്ട് വീണതിനാൽ രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ ഗുരുതരമായി പരിക്കേറ്റ നേഹയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡിലൂടെ വേഗത്തിൽ ക്രെയിൻ ഓടിച്ചുപോകുന്നതും ദൃശ്യത്തിൽ കാണാം. അൽഷിഫ നഴ്സിങ് കോളജിലെ മൂന്നാംവർഷ ബിഎസ്‌സി വിദ്യാർഥിനിയാണ്.