Sunday, November 24, 2024
Homeകേരളംകേരള രാഷ്ട്രിയത്തില്‍ നിന്ന് അപ്രസക്തമാകുമായിരുന്ന ജോസ് കെ മാണിക്കും കേരളാ കോണ്‍ഗ്രസ് (എം) നും വേണ്ടി...

കേരള രാഷ്ട്രിയത്തില്‍ നിന്ന് അപ്രസക്തമാകുമായിരുന്ന ജോസ് കെ മാണിക്കും കേരളാ കോണ്‍ഗ്രസ് (എം) നും വേണ്ടി സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതില്‍ അത്ഭുതമില്ല; പ്രതികരിച്ച്‌ ബിനു പുളിക്കക്കണ്ടം.

പാലാ (കോട്ടയം): പാലാ നഗരസഭയില്‍ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിച്ച്‌ ജയിച്ച ഏക കൗണ്‍സിലറായ അഡ്വ.ബിനു പുളിക്കക്കണ്ടത്തിലിനെ, അച്ചടക്ക ലംഘനവും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി സിപിഎമ്മില്‍ നിന്ന് പുറത്താക്കി.

എന്നാല്‍ തന്നെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയത് പാർട്ടിയെ വിമർശിച്ചതിനല്ലെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. മുന്നണി നിലനില്പിനായി ജോസ് കെ. മാണിക്കു വേണ്ടി പാർട്ടി നടപടി സ്വീകരിക്കുന്നു.

ചില ആളുകളുടെ താല്പര്യങ്ങൾ കണക്കിലെടുത്താണ് പാർട്ടിയിൽനിന്ന് പുറത്താക്കിയ നടപടിയെന്നും ബിനു ആരോപിച്ചു.

രാജ്യസഭ സീറ്റ് നല്കി സംരക്ഷിച്ചില്ലായിരുന്നെങ്കില്‍ കേരള രാഷ്ട്രിയത്തില്‍ നിന്ന് അപ്രസക്തമാകുമായിരുന്ന ജോസിനും മാണി ഗ്രൂപ്പിനും വേണ്ടി തന്നെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ അത്ഭുതമില്ലെന്നും ബിനു പറഞ്ഞു.

സിപിഎം തീരുമാനങ്ങളെ വിമർശിക്കില്ല. രാഷ്ട്രീയ അഭയംതേടി വന്ന ജോസ് കെ. മാണിയെ സംരക്ഷിക്കേണ്ട ബാധ്യത സിപിഎമ്മിനുണ്ട്.

പാർട്ടിയുടെ വെറും ബ്രാഞ്ച് അംഗത്തെ വേണോ, ഒരു രാഷ്ട്രീയ പാർട്ടിയുള്ള ജോസ് കെ. മാണിയെ വേണോ എന്ന് പാർട്ടിക്ക് തോന്നിയിട്ടുണ്ടാകും.

പ്രദേശിക സിപിഎം പ്രവർത്തകർക്ക് തീരുമാനത്തിൽ അതൃപ്തിയുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ വിളിച്ച് സംസാരിച്ചു. രാഷ്ട്രീയ തീരുമാനം ഉടനില്ലെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.

ഇതിനിടെ, പാലായിൽ ജോസ് കെ. മാണിക്കെതിരെ ഫ്ലക്സ് ബോർഡുകൾ നിറഞ്ഞിട്ടുണ്ട്. പാലാ പൗരാവലിയുടെ പേരിലാണ് നഗരത്തിൻ്റെ പലയിടത്തും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.

‘തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ. മാണി നാടിന് അപമാനം, ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യങ്ങൾ’ എന്നാണ് ഫ്ലക്സുകളിലുള്ളത്.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്‍റെയും ഇടതുപക്ഷവിരുദ്ധ സമീപനത്തിന്‍റെയും പേരിലാണ് ബിനുവിനെതിരായ നടപടിയെന്ന് സി.പി.എം. പാലാ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.എം. ജോസ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

നേരത്തേ, കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ ബിനു പുളിക്കക്കണ്ടം പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ പാര്‍ട്ടി കടുത്ത നടപടിയെടുത്തത്.

പാലാ തെക്കേക്കര വെസ്റ്റ് ബ്രാഞ്ച് അംഗവും പാലാ നഗരസഭയില്‍ സി.പി.എം. പാർലമെന്ററി പാർട്ടി ലീഡറുമായിരുന്നു.

പാലാ നഗരസഭാ കൗണ്‍സിലർ എന്ന നിലയില്‍ ബിനു നിരന്തരമായി പാർട്ടി വിരുദ്ധ നിലപാടുകള്‍ തുടർന്ന് വരികയായിരുന്നു. പാർട്ടി നയത്തിനും മുന്നണിക്കുമെതിരായ നിലപാടുകള്‍ക്കെതിരെ പലതവണ താക്കീത് നല്‍കിയിരുന്നുവെന്നും പാലാ ഏരിയ സെക്രട്ടറി പി.എം. ജോസഫ് അറിയിച്ചു.

തനിക്ക് കിട്ടേണ്ട നഗരസഭ ചെയർമാൻ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന്റെ എതിർപ്പിനെ തുടർന്ന് നഷ്ടമായെന്നാരോപിച്ച്‌ ഒന്നര വർഷത്തോളം കറുപ്പ് വസ്ത്രം അണിഞ്ഞായിരുന്നു ബിനു പൊതുവേദികളില്‍ പങ്കെടുത്തിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments