എറണാകുളം :- എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പ്രതി അനൂപിനെ ചോറ്റാനിക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡിൽ വിട്ടു. കേസിൽ കൂടുതൽ പേരുടെ പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ട്. ഒരു ദിവസം മുമ്പ്, കേസിലെ പ്രതിയായ അനൂപിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
പെൺകുട്ടിയെ മർദിക്കാൻ ഉപയോഗിച്ച ചുറ്റിക പൊലീസ് കണ്ടെത്തി. ദേഹമാസകലം ഈ ചുറ്റിക ഉപയോഗിച്ച് മർദിച്ചുവെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കഴുത്തിൽ കുരുക്കിയ ഷാൾ, പെൺകുട്ടിയുടെ വസ്ത്രം എന്നിവയും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. മർദനത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടി കഴുത്തിൽ കുരുക്കിട്ടപ്പോൾ “പോയി ചത്തോ” എന്നും അനൂപ് ആക്രോശിച്ചു.
പെൺകുട്ടിക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടോയെന്ന് പ്രതിക്ക് സംശയം തോന്നിയതിന്‍റെ പേരിലായിരുന്നു കൊലപ്പെടുത്താൻ ശ്രമിച്ചത്. തന്റെ സുഹൃത്തായിരുന്ന പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കുന്നത് പോലും അനൂപിന് ഇഷ്ടമല്ലായിരുന്നു.
ശനിയാഴ്ച രാത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ചു കിട്ടാതായതോടെയാണ് അനൂപ് പാതിരാത്രി കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. പെൺകുട്ടി വാതിൽ തുറന്ന ഉടൻ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നു. പിടിച്ചു തള്ളി തെറിച്ചു വീണ പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. സമ്മതിക്കാത്തതിനാൽ വീണ്ടും മർദ്ദിച്ചു. പെൺകുട്ടിയെ പ്രതി ശ്വാസം മുട്ടിക്കാൻ ശ്രമിച്ചു. പെൺകുട്ടി മരിച്ചു എന്ന് കരുതി പ്രതി രക്ഷപ്പെടുകയായിരുന്നു.