കണ്ണൂർ: മാടായി സി.എ. എസ് കോളേജിൽ 21-ാം തീയതി വെള്ളിയാഴ്ച മലയാള വിഭാഗം സംഘടിപ്പിച്ചിരിക്കുന്ന ചെറുകഥാ ശില്പശാല പ്രശസ്ത നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി നടക്കുന്ന ശില്പശാലയിൽ കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള പത്തോളം അധ്യാപകർ ശില്പശാലയ്ക്കു നേതൃത്വം നൽകും.
ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ എം.വി. ജോണി അധ്യക്ഷനാകും. ടി. പത്മനാഭൻ്റെ കഥകളെക്കുറിച്ചുള്ള 52 പഠനങ്ങളുടെ സമാഹാരമായ ഭാവം പത്മനാഭം എന്ന കൃതിയുടെ പ്രകാശനവും അതോടൊപ്പം നിർവ്വഹിക്കും. മാടായി കോളേജ് വൈസ് പ്രസിഡൻ്റ് ഫൽഗുനൻ കെ.കെ. പുസ്തകം സി.വി. ബാലകൃഷ്ണനിൽ നിന്നും ഏറ്റുവാങ്ങും. മടപ്പള്ളി ഗവ. കോളേജ് മലയാളവിഭാഗം അധ്യക്ഷൻ ശശിധരൻ എ.പി. പുസ്തകപരിചയവും ചേളന്നൂർ എസ്.എൻ കോളേജ് മലയാള വിഭാഗം അധ്യക്ഷൻ ഡോ. ദീപേഷ് കരിമ്പുംങ്കര പുസ്തകാവലോകനവും നടത്തും.
മാടായി കോളേജ് മലയാള വിഭാഗം അധ്യക്ഷ ഡോ. സ്വപ്ന ആൻ്റണി , സെമിനാർ കോർഡിനേറ്റർ ഡോ. ജൈനിമോൾ കെ.വി., ഐ ക്യു എ സി കോർഡിനേറ്റർ ഡോ.രാജശ്രീ കെ.,കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് നിഹാൻ , എഴുത്തുകാരിയും അധ്യാപികയുമായ ഡോ. സിന്ധു കെ.വി . ഡോ. രമ്യ പി.പി, മുബീന സി.എച്ച് തുടങ്ങിയവർ പ്രസംഗിക്കും. തുടർന്നു നടക്കുന്ന ശില്പശാലയിൽ കഥയും കഥയെഴുത്തും എന്ന വിഷയത്തിൽ സി.വി. ബാലകൃഷ്ണൻ സംസാരിക്കും. 8 വിദ്യാർത്ഥികൾ അവരെഴുതിയ കഥകൾ അവതരിപ്പിക്കും.