തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി അനാദരവ് കാട്ടിയെന്ന ഗവർണുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശിവൻകുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഗവർണറോട് അനാദരവ് കാട്ടാൻ ഉദ്ദേശിച്ചല്ല മന്ത്രി ചടങ്ങിന് എത്തിയതെന്നും മുഖ്യമന്ത്രിയുടെ മറുപടി കത്തിൽ പറഞ്ഞു.
ഭരണഘടനാ ബാഹ്യമായ കൊടിയും, ചിഹ്നവും ഔദ്യോഗിക പരിപാടിയിൽ കണ്ടാൽ ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതെ സംഭവിച്ചിട്ടുള്ളൂ. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ പെരുമാറാനെ കഴിയൂ. രാജ്ഭവനിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക – ഔപചാരിക പരിപാടികളിൽ ദേശീയ ചിഹ്നവും പതാകയും മാത്രമേ തുടർന്നും ഉപയോഗിക്കാവു വെന്നും മുഖ്യമന്ത്രി കത്തിൽ കൂട്ടിച്ചേർത്തു.
രാജ്ഭവനിലെ സർക്കാർ പരിപാടിയിൽ ആർഎസ്എസ് ചിത്രംവെച്ച നടപടി അനൗചിത്യമെന്ന് പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി വേദിയിൽനിന്ന് ഇറങ്ങിപ്പോന്നിരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ആർഎസ്എസ് ശാഖകളിൽ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം വെച്ചസംഭവത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ നടപടി.
കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിലെ പരിപാടിയിൽ ഇതേ ചിത്രം വെച്ചത് വിവാദമാകുകയും അന്ന് പങ്കെടുക്കാനെത്തിയ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പരിപാടി ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഇതിൽ സർക്കാർ ശക്തമായ പ്രതിഷേധം അറിയിച്ചതോടെ രാജ്ഭവൻ നടത്തുന്ന പരിപാടികളിൽ ഈ ചിത്രം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയതാണ്. ഈ ഉറപ്പാണ് വീണ്ടും രാജ്ഭവൻ ലംഘിച്ചത്.”



