ന്യൂഡല്‍ഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും. കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും ജയിലില്‍ കിടന്നുകൊണ്ട് ചുമതലകള്‍ നിറവേറ്റുമെന്നും എഎപി വ്യക്തമാക്കി. ഇതിനിടെ, കെജ് രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി. ലഫ്.ഗവര്‍ണറെ സമീപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെയാണ് പ്രതിപക്ഷത്തെ പ്രമുഖനേതാവായ ആം ആദ്മി പാര്‍ട്ടി കണ്‍വീനറെ ഡല്‍ഹി മദ്യനയക്കേസില്‍ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ വീട്ടില്‍നിന്ന് അറസ്റ്റുചെയ്തത്. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 11.30-ഓടെ അദ്ദേഹത്തെ ഇ.ഡി. ഓഫീസിലെത്തിച്ചു.
അറസ്റ്റുള്‍പ്പെടെയുള്ള നടപടികളില്‍നിന്നു സംരക്ഷണംതേടി കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെടാതിരുന്നതിനു പിന്നാലെയായിരുന്നു നടപടി. വ്യാഴാഴ്ച ചോദ്യംചെയ്യലിനെത്താനുള്ള ഒമ്പതാമത്തെ സമന്‍സിനും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല.
“അറസ്റ്റിനെതിരെ രാത്രിതന്നെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിച്ചില്ല. തുടർന്ന്, വെള്ളിയാഴ്ച രാവിലെ ഈ കേസ് പരിഗണിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു. കേസ് പരിഗണിക്കുമ്പോൾ കെജ്‌രിവാളിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇ.ഡി. റിപ്പോര്‍ട്ട് നല്‍കും. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് കെജ് രിവാള്‍.”