ക്രിസ്മസിനോടനുബന്ധിച്ച് മലയാളിമനസ്സിൽ പ്രസിദ്ധീകരിക്കാൻ ഞാൻ ഒരു രണ്ടാഴ്ച മുമ്പ് തന്നെ ഒരു ഓർമക്കുറിപ്പ് എഴുതി അയച്ചിരുന്നു. ഞാൻ ആരെ കുറിച്ചാണോ എഴുതിയത് ആ ഡൽഹിയിൽ ഉണ്ടായിരുന്ന ആൻറി ഇന്ന് ഉച്ചയ്ക്ക് ഈ ലോകത്തു നിന്ന് വിട പറഞ്ഞു.
ഈ വിയോഗം എന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നു. സങ്കടത്തിന്റെ ആഴം വാക്കുകൾക്കതീതം. തിര തീരത്തോട് വിടപറയും. മഴ മേഘത്തെ മറയാക്കും.എങ്കിലും വേർപിരിയൽ അനിവാര്യമത്രെ.നമ്മൾ സ്നേഹിക്കുന്നവരും നമ്മെ സ്നേഹിക്കുന്നവരും ഒരിക്കൽ നമുക്ക് നഷ്ടപ്പെടും. ഓരോരുത്തരുടെയും കാലടികളിൽ മരണം പതിയിരിക്കുന്നു എന്നൊരു ഓർമ്മപ്പെടുത്തൽ കൂടി നടത്തുന്നു.മരണം കയ്പ്പേറിയ അനുഭവം എങ്കിലും ആ അനിവാര്യത ഉൾക്കൊണ്ടല്ലേ മതിയാകു. പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. 🙏🙏🙏
വായ്ക്ക് രുചിയായി മലയാളം പറയാൻ മോഹിച്ച
മുത്തച്ഛന്റെ ഡൽഹി യാത്ര
ഓർമ്മകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് ക്രിസ്തുമസ്. ഡിസംബർ 25-2024 ലെ ക്രിസ്തുമസിനെ വരവേൽക്കാൻ പുൽകൂടും നക്ഷത്രങ്ങളും ഒരുക്കി നാടും നഗരവും ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കുന്ന ഈയവസരത്തിൽ ഞാൻ ചെറിയ ഒരു ഓർമ്മക്കുറിപ്പ് നിങ്ങളുമായി പങ്ക് വയ്ക്കുന്നു.
തൊണ്ണൂറുകളിലാണ്. ഡിസംബർ മാസം.ഇളയ അമ്മാവൻറെ വിവാഹം കഴിഞ്ഞ സമയം. കുറെ നാളായി ഡൽഹിയിൽ താമസമാക്കിയ മകളും കുടുംബവും അങ്ങോട്ട് ക്ഷണിക്കുന്നു.
അമ്മാവനാണെങ്കിൽ വണ്ടികളിൽ🚘🚗🚙 കസർത്ത് കാണിക്കൽ കുറച്ചു കൂടുതലാണ്. തനിയെ പോയി അവർ എന്തെങ്കിലും ഏടാകൂടത്തിൽ ചാടുന്നതിന് മുമ്പേതന്നെ മുത്തച്ഛൻ ഡൽഹിക്ക് ട്രെയിനിൽ എസി കൂപ്പയിൽ നാല് ടിക്കറ്റങ്ങു ബുക്ക് ചെയ്തു. ‘മിഥുനം’ എന്ന ചിത്രത്തിലെ മോഹൻലാൽ -ഉർവശിയുടെ കുടുംബാംഗങ്ങളോടൊപ്പമുള്ള രസകരമായ ഹണിമൂൺ യാത്ര ഞങ്ങൾക്ക് അപരിചതമല്ലായിരുന്നു. സാധാരണ ആ കാലഘട്ടത്തിൽ ഹണിമൂൺ ട്രിപ്പ്💏 എന്നുപറഞ്ഞ് ഊട്ടി, കൊടൈക്കനാൽ, മൈസൂർ, ബാംഗ്ലൂർ…. .ഒക്കെ കറങ്ങി കുറച്ചു ഫോട്ടോയും എടുത്ത് തിരിച്ചു വരൽ ആണ് യുവമിഥുനങ്ങളുടെ പതിവ്. ജീവിതത്തിൽ എല്ലാ കാര്യങ്ങളും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹം ഉള്ള ആളായിരുന്നു മുത്തച്ഛൻ. മുത്തശ്ശനും മുത്തശ്ശിയും അമ്മാവനും അമ്മായിയും യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ഒക്കെ പൂർത്തിയാക്കി.
വൈകുന്നേരം നാലുമണിയോടെ എല്ലാവരോടും യാത്ര പറഞ്ഞ് തൃശൂർ ടു ഡൽഹി- ആ ദീർഘദൂര യാത്രയ്ക്ക് പുറപ്പെട്ടു. 🚅സ്വെറ്ററും മഫ്ളറും ഷോളും മങ്കിക്യാപ്പും ജാക്കറ്റുമോക്കെ എല്ലാവരും കരുതിയിരുന്നു. ആദ്യമായിട്ടാണ് നാലുപേരും ഇത്രയും ദൂരം ട്രെയിനിൽ സഞ്ചരിക്കുന്നത്. ട്രെയിൻ പുറപ്പെട്ട് സന്ധ്യയോടെ രാത്രി ഭക്ഷണത്തിന്റെ ഓർഡർ🥯🥘🥗 എടുക്കാനായി ഒരാൾ പ്രത്യക്ഷപ്പെട്ടു. അയാൾ മുത്തച്ഛനെ പെട്ടെന്ന് തിരിച്ചറിഞ്ഞു. കൂപ്പൺ കൊടുത്തിട്ട് രണ്ടുപേരും സംഭാഷണത്തിലേർപ്പെട്ടു.
അയാൾ പ്രത്യേകമായി ഒരു കാര്യം പറഞ്ഞു.ട്രെയിനിലെ മറ്റു യാത്രക്കാർ പലരും പരിചയപ്പെടാൻ വരും. അതൊക്കെ പിന്നീട് വലിയ പുലിവാലാകും. അതുകൊണ്ട് ആരോടും അമിതമായി സംഭാഷണത്തിലേർപ്പെടരുത്. പല പ്രശ്നങ്ങളും ഞാൻ ദിവസവും കാണുന്നതാണ്. ഓരോ സ്റ്റേഷനിലും നിർത്തുമ്പോൾ മിക്കവാറും എല്ലാവരും ഡൽഹിയിലേക്ക് ഉള്ളവർ ആയതുകൊണ്ട് മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ എന്നോർത്ത് മറ്റ് കമ്പാർട്ട്മെന്റിൽ സീറ്റുള്ളവർ ഇവിടെ വന്നിരുന്ന് സൗഹൃദ സംഭാഷണം തുടങ്ങും. അവസാനം അത് മോഷണം, പിടിച്ചുപറി പോലുള്ള ദുരന്തത്തിൽ കലാശിക്കും. ചേട്ടൻ സംഭാഷണ പ്രിയൻ ആയതുകൊണ്ട് ഒരു മുന്നറിയിപ്പ് തന്നതാണ് എന്ന് പ്രത്യേകിച്ച് പറഞ്ഞു. ഇതിനുവേണ്ടി മാത്രം ട്രെയിനിൽ കയറുന്ന മനുഷ്യർ വരെയുണ്ടത്രേ!
“ഹേയ്, ഞാനിനി ഡൽഹിയിലെത്തിയിട്ടേ മിണ്ടുകയുള്ളൂ” എന്ന് മുത്തച്ഛനും പ്രഖ്യാപിച്ചു. രാത്രി ഉറങ്ങി, 😴 പിറ്റേദിവസം ഒരു നീണ്ട പകൽ അത് കൂടി കഴിഞ്ഞപ്പോൾ എല്ലാവർക്കും ബോറടിച്ചു തുടങ്ങി. 🤔😳😒കുറെ നേരം ചീട്ടു കളിച്ചു, ഭക്ഷണം കഴിച്ചു, എത്രനേരം മുഖത്തോടുമുഖം നോക്കി ഇരിക്കും?
രണ്ടാമത്തെ ദിവസം മുതൽ മുത്തച്ഛനും അമ്മാവനുമൊക്കെ ട്രെയിൻ നിർത്തുമ്പോൾ പതുക്കെ ഇറങ്ങി സ്റ്റേഷനിൽ ഒക്കെ നടക്കാൻ തുടങ്ങി. 👣👥അന്ന് രാവിലെ സമയം പത്തുമണി. ഒരു സ്റ്റേഷനിൽ നിന്ന് വണ്ടി അനങ്ങി തുടങ്ങിയപ്പോൾ മുത്തച്ഛൻ തിരികെ എത്തിയില്ല. വാഷ്റൂമിൽ പോയതാകും എന്ന് കരുതി കുറച്ചുനേരം എല്ലാവരും ക്ഷമിച്ചു. അര മണിക്കൂർ കഴിഞ്ഞിട്ടും കാണാതായപ്പോൾ മൂന്നുപേരും പരിഭ്രാന്തരായി.😳🤔മുത്തച്ഛന് ഇനി തിരിച്ചു കയറാൻ പറ്റിയില്ലേ? തീവണ്ടി നിർത്താതെ അടുത്ത കമ്പാർട്ട്മെന്റിൽ കയറി നോക്കാനും പറ്റില്ലല്ലോ? ട്രെയിൻ നിർത്തിയപ്പോൾ അമ്മാവൻ ഇറങ്ങി അടുത്ത കമ്പാർട്ട്മെന്റിൽ ഒക്കെ നോക്കി. ഒരു രക്ഷയും ഇല്ല. അവിടെയെങ്ങും ഇല്ല. എസി കമ്പാർട്ട്മെൻറ്കൾ ഒന്നിച്ചാണ് ഇരിക്കുന്നത്. വെസ്റ്റി ബുൾ ( vestibule )ഇല്ല. പ്ലാറ്റ്ഫോമിൽ ഇറങ്ങി മറ്റു കമ്പാർട്ട്മെൻറ്കളിൽ നോക്കാനേ സാധിക്കുകയുള്ളൂ.
അവസാനം TTR നെ വിവരമറിയിച്ചു. അദ്ദേഹം പറഞ്ഞു. “നിങ്ങൾ വിഷമിക്കേണ്ട. ആരും ട്രെയിനിൽ കയറാതെയിരുന്നിട്ടില്ല.
എനിക്കത് ഉറപ്പാണ്. സാർ മറ്റേതെങ്കിലും കമ്പാർട്ട്മെന്റിൽ കയറി ഇരിപ്പുണ്ടാവും. ഞാൻ ഒരു അര മണിക്കൂറിനകം കണ്ടു പിടിച്ചു തരാം എന്ന്.” TTR പരക്കംപാഞ്ഞു എല്ലാ കമ്പാർട്ട്മെന്റിലും കയറി ഇറങ്ങി നോക്കിയപ്പോൾ, മുത്തച്ഛൻ എല്ലാം മറന്ന് മറ്റൊരു കംപാർട്മെന്റിൽ രണ്ടു പേരോട് ഇരുന്ന് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുകയാണ്. “എന്ത് പണിയാ ചേട്ടാ ചെയ്തത്? ഭാര്യയും മോനും മരുമകളും ഒക്കെ ആകെ വിഷമിച്ചിരിക്കുകയാണ്” എന്ന് പറഞ്ഞപ്പോൾ മുത്തച്ഛന്റെ മറുപടി “ഇത്രയും സമയം ആയോ? ഞാൻ ട്രെയിൻ നിർത്തി നടക്കാനിറങ്ങിയപ്പോൾ ഈ രണ്ട് മലയാളികളെ കണ്ടു. അടുത്ത അരമണിക്കൂർ കഴിയുമ്പോൾ അടുത്ത സ്റ്റേഷനിൽ നിർത്തുമല്ലോ, അപ്പോൾ നിങ്ങളുടെ അടുത്തു വരാം എന്ന് കരുതി. വലിയ സംഭാഷണ പ്രിയനായ മുത്തച്ഛൻ രണ്ടുദിവസമായി വർത്തമാനം പറയാതെ പിടിച്ചു വച്ചിരുന്ന കാര്യങ്ങളൊക്കെ സരസമായി പറയാൻ തുടങ്ങിയപ്പോൾ ഈ മൂന്നുപേരും ട്രെയിൻ നിർത്തിയതും അറിഞ്ഞില്ല പിന്നീട് പുറപ്പെട്ടതും അറിഞ്ഞില്ലത്രേ! ടിടിആർ മുത്തച്ഛനെ കയ്യോടെ കൂട്ടിക്കൊണ്ടുവന്ന് മുത്തശ്ശിയെ ഏൽപ്പിച്ചു. അപ്പോൾ മുത്തച്ഛനെ പിടിച്ച പിടി പിന്നെ ഡൽഹിയിൽ ചെന്നിട്ടാണ് മുത്തശ്ശി വിട്ടത്.
മകളും മരുമകനും റെയിൽവേ സ്റ്റേഷനിൽ നിന്നും എല്ലാവരെയും സ്വീകരിച്ച് വീട്ടിൽ കൊണ്ടുപോയി. ഓരോ ദിവസവും കാണേണ്ട സ്ഥലങ്ങൾ ചാർട്ട് വരെ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു അവർ. രാവിലെ തന്നെ എല്ലാവരും കൂടി എല്ലാ സ്ഥലങ്ങളും കാണാൻ പുറപ്പെടും. വൈകുന്നേരത്തോടെ തിരിച്ചുവരും. കണ്ടു കഴിഞ്ഞ സ്ഥലങ്ങളൊക്കെ മുത്തച്ഛൻ ഓരോ ദിവസവും വന്ന് ടിക്ക് ഇടും. മുത്തശ്ശി അമ്മായിയോട് പറയും ഇന്ന് നമ്മൾ കണ്ട സ്ഥലങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ ഒക്കെ ഞാൻ പറഞ്ഞുതരാം, അതൊക്കെ ചെറുകുറിപ്പുകൾ ആയി ഡയറിയിൽ 📝എഴുതി വയ്ക്കാൻ. കാരണം ടൂർ കഴിഞ്ഞ് നാട്ടിൽ എത്തുമ്പോൾ ഉച്ച നേരത്തെ മീറ്റിങ്ങിന് വരുന്ന അയൽവാസികളായ ഏലിക്കുട്ടിയോടും മാത്തിരിയേടത്തിയോടും റോസകുട്ടിയോടുമൊക്കെ ഡൽഹി വിശേഷങ്ങൾ പറയുമ്പോൾ ഒന്നും വിട്ടു പോകരുതല്ലോ, അതിനുവേണ്ടി ആണെന്ന്. 🥰😜
ഡൽഹിയിലെ ചരിത്ര സ്മാരകങ്ങൾ, ആഗ്രാ, ചെങ്കോട്ട, റെഡ് ഫോർട്ട്, കുത്തബ്മിനാർ, ഇന്ത്യാഗേറ്റ്, ലോട്ടസ് ടെമ്പിൾ, ഹുമയൂൺ ടോംബ്, രാഷ്ട്രപതിഭവൻ, രാജ്ഘട്ട്, ഗുരുദ്വാര ജമാ മസ്ജിദ്…. .മരുമകൻ ലീവ് എടുത്ത് ക്ഷമാപൂർവ്വം ഇതൊക്കെ കാണിച്ചു കൊടുക്കാൻ മുൻപന്തിയിലുണ്ടായിരുന്നു. സ്ഥലങ്ങളൊക്കെ കാണാൻ പോകുന്നതിനിടയ്ക്ക് മലയാളികളെ കണ്ടാൽ മുത്തച്ഛൻ സഡൻ ബ്രേക്ക് ഇട്ടത് പോലെ നിൽക്കും. പിന്നെ പരിചയപ്പെടൽ ആയി…… വിശേഷം ചോദിക്കൽ ആയി… .🥰😀
നാട്ടിൽ പ്രഭാത – സായാഹ്ന സവാരികൾ കൃത്യമായി ചെയ്തിരുന്ന ആളായതുകൊണ്ട് അത് മുടക്കാൻ പറ്റില്ല എന്ന് ശഠിച്ചിരുന്ന മുത്തച്ഛനെ മരുമകൻ കൃത്യമായി ഒരു പാർക്കിൽ എല്ലാ ദിവസവും കാറിൽ കൊണ്ടിറക്കി കൊടുക്കും. തിരിച്ച് മുക്കാൽ മണിക്കൂർ കഴിയുമ്പോൾ തിരികെ കൊണ്ടു വരും. ഒരു ദിവസം ആള് പിന്നെയും മിസ്സിംഗ് ആയി. ആ പാർക്കിന് നാലഞ്ച് ഗേറ്റുകൾ ഉണ്ട്. ഓരോ ഗേറ്റിൽ നിന്ന് ഡൽഹിയുടെ ഓരോ ഭാഗത്തേക്കാണ് പോകാൻ സാധിക്കുക.ഇറങ്ങുന്ന ഗേറ്റ് തെറ്റി പോയി കുറച്ചു ദൂരം നടന്ന് ഒരു സർദാർജിയോട് മരുമകന്റെ പേര് പറഞ്ഞപ്പോൾ അയാൾ ഒരു മലയാളിയുടെ അടുത്തെത്തിച്ചു. മരുമകൻ പോലീസിൽ അറിയിച്ച് അന്വേഷിച്ചു ചെന്നപ്പോൾ ആൾ ടെറസിനു മുകളിൽ നിൽക്കുന്ന രണ്ടു മലയാളികളുമായി താഴെ സംസാരിച്ച് നിൽക്കുകയാണ്. വഴി തെറ്റിയാലും കുഴപ്പമില്ല മലയാളികളെ കണ്ടല്ലോ എന്ന സന്തോഷത്തിലായിരുന്നു ആൾ. 😀😜
നാട്ടിലെ പോലെ അല്ലെങ്കിലും ഡൽഹി തെരുവുകളിലും ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നു.ഒരു കാരണവശാലും മുത്തച്ഛനെ മലയാളം കുർബാനയ്ക്ക് പള്ളിയിൽ കൊണ്ടുപോകേണ്ട എന്ന് തീരുമാനിച്ചു ബാക്കിയുള്ളവർ.കാരണം ആ പള്ളിയിൽ പത്ത് ഇരുനൂറ്റി അമ്പത് മലയാളികൾ വരും. എല്ലാവരോടും മുത്തച്ഛൻ ഹലോ പറഞ്ഞു വരുമ്പോഴേ അന്ന് രാത്രിയാകും! ഹിന്ദിയി ലുള്ള പാതിരാകുർബാന കണ്ടുവന്ന മുത്തച്ഛൻ ഇന്നത്തെ കുർബാനകാഴ്ചയൊരു ചൊവ്വായില്ല എന്ന് പറഞ്ഞു കൊണ്ടേയിരുന്നു. ശബ്ദമുഖരിതമായ സംഗീതാലാപനം മാത്രമേ മുത്തച്ഛന് അതിൽ ഇഷ്ടമായുള്ളു.
ഡൽഹി മുഴുവൻ കണ്ട് സന്തോഷമായി നാളെ ഉച്ചയോടെ മടക്ക യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴാണ് മരുമകന് ഒരു ആഗ്രഹം. ഇവർ ഹോട്ടൽ അശോക് കണ്ടില്ലല്ലോ, അതുകൂടി ഒന്ന് കാണിക്കണമെന്ന്. എല്ലാവരും കൂടി അങ്ങോട്ട് പുറപ്പെട്ടു. അവിടുത്തെ പ്രശ്നം ആണുങ്ങളൊക്കെ സ്യൂട്ട് ധരിക്കണം അന്നത്തെ കാലത്ത്. സ്ത്രീകൾ സാരിയും സ്വെറ്ററും ധരിച്ചാൽ മതി. മുത്തച്ഛൻ പാന്റ്സ് ഇന്നുവരെ ധരിച്ചിട്ടില്ല. ഇനിയിപ്പോൾ ഇതിനുവേണ്ടി സൂട്ടും കോട്ടുമൊന്നും തയ്പ്പിക്കാനും വയ്യ. ആറടി പൊക്കവും ഒത്തവണ്ണവും ഉള്ള മുത്തച്ഛന് ധരിക്കാനുള്ള മുണ്ടും ജുബ്ബയും തന്നെ തൃശൂർ സാധാരണ കടയിൽ പ്രത്യേകം പറഞ്ഞു വരുത്തിച്ചിരുന്നതാണ് അക്കാലത്ത്. അതുപോലെതന്നെ കാലിനു പറ്റിയ വലിയ ചെരുപ്പും കടക്കാർ ഉണ്ടാക്കി കൊടുക്കുകയായിരുന്നു. മുണ്ടും ജുബ്ബയും സ്വറ്ററും ഷാളും ധരിച്ച്, മകൾ പിറന്നാൾ സമ്മാനമായി കൊടുത്ത വടിയും പിടിച്ച് ‘ടക് ടക്’ എന്ന ശബ്ദത്തോടെ അങ്ങോട്ട് നടന്നു ചെന്നതോടെ ആരും തടഞ്ഞില്ല എന്ന് മാത്രമല്ല ചിലരൊക്കെ ഇത് ആരാണാവോ എന്ന് കരുതി എഴുന്നേറ്റ് ബഹുമാനം കാണിക്കുകയും ചെയ്തു. ആ ഹോട്ടലിൽ നിന്ന് ഡിന്നർ കഴിച്ച് ആ ഹോട്ടലിന്റെ ഭംഗിയും ആസ്വദിച്ചു അടുത്ത ദിവസം മടക്കയാത്രക്കായി ട്രെയിൻ കയറി. രണ്ടാഴ്ചത്തെ ഡൽഹി സന്ദർശനവും അവിടുത്തെ കാലാവസ്ഥയും ട്രെയിൻ യാത്രയും കഴിഞ്ഞപ്പോൾ തന്നെ ബാക്കി മൂന്നു പേരും വശംകെട്ടു. കാരിരുമ്പിന് സമമായുള്ള ശരീരവും അധ്വാനവും ആയുർവേദ വൈദ്യന്മാർ നിഷ്കർഷിക്കുന്നത് പോലുള്ള ജീവിതരീതികൾ അതേരീതിയിൽ പിന്തുടരുന്നത് കൊണ്ടാകാം മുത്തച്ഛനെ ഇതൊന്നും ബാധിച്ചതേയില്ല. ഡൽഹിയിലെ കൊടുംതണുപ്പോ കൊടുംചൂടോ മുത്തച്ഛന്റെ രോമത്തിൽ പോലും തൊട്ടില്ല. ഡൽഹി യാത്രയെപ്പറ്റി ചോദിക്കുന്നവരോടൊക്കെ മുത്തച്ഛൻ പറഞ്ഞു. “എല്ലാം കൊള്ളാം. ഒരേ ഒരു വിഷമം മാത്രമേ ഉള്ളൂ. അവരുടെ ഭാഷ നമുക്ക് വശമില്ലല്ലോ. അതുകൊണ്ട് ആരോടും ഒന്ന് ഇഷ്ടം പോലെ വർത്താനം പറയാൻ പറ്റിയില്ല.’മ്മക്ക് മ്മടെ തൃശൂർ തന്നെഇഷ്ടം.’
മുത്തച്ഛനും മുത്തശ്ശിയും വിട പറഞ്ഞിട്ട് അനേകം വർഷങ്ങൾ ആയെങ്കിലും ഓരോ ക്രിസ്തുമസ് എത്തുമ്പോഴും ഞങ്ങൾ ഇതൊക്ക ഓർത്തും പറഞ്ഞും ചിരിക്കാറുണ്ട്.
സന്തോഷത്തിന്റെയും സഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ ഈ ക്രിസ്തുമസ് രാവിൽ എല്ലാവരിലും നിറയട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ!