Sunday, December 22, 2024
Homeകേരളംശബരിമല മണ്ഡലകാല വാർത്തകൾ/വിശേഷങ്ങൾ

ശബരിമല മണ്ഡലകാല വാർത്തകൾ/വിശേഷങ്ങൾ

മണ്ഡലകാലത്തിന് ശരണം വിളികളോടെ തുടക്കം : ശ്രീ കോവില്‍ നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. വൈകുന്നേരം നാലുമണിയോടെയാണ് നട തുറന്നത്. ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി പ്രവേശനം ലഭിക്കും.തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു.

നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ പതിനായിരം പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

തീർഥാടനകാലം മികവുറ്റതാക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി
-ദേവസ്വം മന്ത്രി വി.എൻ. വാസവൻ

ശബരിമല: ഈ വർഷത്തെ തീർത്ഥാടനകാലം ഭംഗിയായി പൂർത്തിയാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ദേവസ്വം ബോർഡും സർക്കാരുംപൂർത്തിയാക്കിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പൂർണ്ണമായും നവീകരിച്ച സന്നിധാനത്തെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ശബരി ഗസ്റ്റ് ഹൗസിന്റെയും പമ്പയിലെ വിഗ്നേശ്വര ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .

ഇത്തവണ വിപുലവും വിശാലവുമായ സാഹചര്യങ്ങൾ ദേവസ്വം ബോർഡും സർക്കാരും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കലിൽ 8000 വാഹനങ്ങൾക്കുണ്ടായിരുന്ന പാർക്കിംഗ് സൗകര്യം 10,000 ആക്കി വർധിപ്പിച്ചു. നിലയ്ക്കലിൽ തന്നെ പതിനേഴായിരം ചതുരശ്ര അടി പന്തൽ നിർമ്മിച്ച് 2700 പേർക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കി. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും കിടത്തി ചികിത്സാ സൗകര്യങ്ങളോടുള്ള ആശുപത്രി പ്രവർത്തിച്ചുതുടങ്ങി. ഭക്തജനങ്ങൾക്ക് വെള്ളം, ലഘുഭക്ഷണം എന്നിവ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

മരക്കൂട്ടത്ത് നിന്ന് കയറുമ്പോൾ വിശ്രമിക്കാനായി ആയിരം പേർക്കുള്ള സ്റ്റീൽ കസേര തയ്യാറാക്കുന്നുണ്ട്. കാനനപാതയിൽ 132 കേന്ദ്രങ്ങളിൽ വിശ്രമിക്കാനും കുടിവെള്ളം നൽകാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ശബരിമല ഗസ്റ്റ് ഹൗസ് 54 മുറികളുടെ ആധുനിക സൗകര്യങ്ങളുമായാണ് പുനരുദ്ധരിച്ചിട്ടുള്ളത്. സന്നിധാനത്ത് പരമാവധി ഭക്തർക്ക് വെയിലും മഴയും കൊള്ളാതെ നിൽക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 40 ലക്ഷം അരവണ ടിന്നുകൾ ബഫർ സ്റ്റോക്ക് ആക്കി സൂക്ഷിക്കാനും ദേവസ്വം ബോർഡ് ഇത്തവണ ശ്രദ്ധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.

അഡ്വ.പ്രമോദ് നാരായണൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ.കെ. യു ജനീഷ് കുമാർ എംഎൽഎ,ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വംബോർഡ് അംഗങ്ങളായ അഡ്വ.കെ.അജികുമാർ, സി.ജി.സുന്ദരേശൻ, എക്‌സിക്യൂട്ടീവ് ഓഫീസർ ബി.മുരാരി ബാബു, ദേവസ്വം കമ്മീഷണർ വി.പ്രകാശ്, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ രഞ്ജിത് കെ.ശേഖർ എന്നിവർ പ്രസംഗിച്ചു.

ശബരിമല തീര്‍ഥാടനം : നാടാകെ ചാറ്റ്‌ബോട്ട് വിവരങ്ങളിലേക്ക്

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടം കൊണ്ടുവന്ന ചാറ്റ്‌ബോട്ടിലേക്കെത്താനുള്ള ‘വഴി’ഒരുങ്ങി. ക്യു. ആര്‍. കോഡ് വഴിയാണ് സ്വാമി ചാറ്റ്‌ബോട്ടിലെ വിവരങ്ങളിലേക്കുള്ള ‘പ്രവേശനവാതില്‍’ തുറക്കുന്നത്.

ജനശ്രദ്ധയാകര്‍ഷിക്കുന്ന ഇടങ്ങളിലെല്ലാം ക്യു. ആര്‍. കോഡ് പതിപ്പിക്കുകയാണ്. ജില്ലാതല അടിയന്തരഘട്ട പ്രതികരണവിഭാഗത്തിലേക്കും സന്ദേശം ലഭിക്കുംവിധമാണ് സംവിധാനം. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കോഡ് പതിപ്പിച്ച് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പ്രചാരണം ഉദ്ഘാടനം ചെയ്തു.

ആറു ഭാഷകളില്‍ സമഗ്രവിവരങ്ങള്‍ ലഭ്യമാകുന്ന ആധുനിക സംവിധാനം പുതിയൊരു ചരിത്രമാണ് തീര്‍ക്കുന്നതെന്ന് പറഞ്ഞു. പരമാവധി പേര്‍ ഇതുപ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.

ശബരിമല ക്ഷേത്ര സമയങ്ങൾ/പൂജാ സമയം

രാവിലെ 3.00 – ഉച്ചയ്ക്ക് 1.00
വൈകുന്നേരം 3.00 – രാത്രി 11.00

പൂജാ സമയം

നെയ്യഭിഷേകം- രാവിലെ 3.30 മുതൽ
ഉഷഃപൂജ- രാവിലെ 7.30
ഉച്ചപൂജ- 12.30
ദീപാരാധന-വൈകിട്ട് 6.30
അത്താഴപൂജ-രാത്രി 9.30
രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും

സന്നിധാനത്ത് മണ്ഡലകാലത്തെ ആദ്യ പോലീസ് സംഘം ചുമതലയേറ്റു

ശബരിമല: ഭക്തരെ സഹായിക്കാനും സുരക്ഷ ഉറപ്പുവരുത്താനുമായി ആദ്യ ഘട്ടത്തിൽ സന്നിധാനത്തു മാത്രമുള്ളത് ആയിരത്തി അഞ്ഞൂറോളം പോലീസുകാർ. ശബരിമല പോലീസ് സ്‌പെഷ്യൽ ഓഫീസർ കെ. ഇ. ബൈജുവിന്റെ നേതൃത്വത്തിലാണ് പോലീസിന്റെ പ്രവർത്തനം.

രാവിലെ പുതിയ ബാച്ചിന് സ്‌പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ നിർദ്ദേശങ്ങൾ നൽകി. ചടങ്ങിൽ ജില്ല പോലീസ് മേധാവി വി.ജി.വിനോദ്കുമാർ, ജോയിന്റ് സ്‌പെഷ്യൽ ഓഫീസർമാരായ അങ്കിത് സിങ് ആര്യ, സി. ബാലസുബ്രഹ്‌മണ്യം എന്നിവർ പങ്കെടുത്തു.

ഒരു പോലീസ് മേധാവിയുടെ കീഴിൽ രണ്ട് അഡീഷണൽ എസ്.പി.മാർ, 10 ഡിവൈ.എസ്.പി. മാർ , 27 സി.ഐ. മാർ എന്നിവരുടെ മേൽനോട്ടത്തിലാണ് സേനയുടെ വിന്യാസം. 90 എസ്.ഐ. മാരും 1250 സിവിൽ പോലീസ് ഓഫീസർമാരുമാണുള്ളത്.

12 ദിവസം വീതമാണ് ഓരോ ടീമിന്റെയും ഡ്യൂട്ടി. പതിനെട്ടാംപടി കയറാൻ ഭക്തരെ സഹായിക്കുന്ന പോലീസുകാർ 15 മിനിറ്റ് കൂടുമ്പോൾ മാറിക്കൊണ്ടിരിക്കും. മുൻവർഷങ്ങളിൽ 20 മിനിറ്റിലായിരുന്നു മാറിയിരുന്നത്.

ശബരിമലയിൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കി ബി.എസ്.എൻ.എൽ.

പൂങ്കാവന പ്രദേശത്ത് ലഹരിമുക്ത മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments