പുന്നമട കായലിലെ ഹൗസ് ബോട്ടു യാത്ര
പുന്നമടക്കായലും ആ കായലിലൂടെയുള്ള ഹൗസ് ബോട്ടും തമ്മിൽ ഒരു ഭായ് – ഭായ് ബന്ധമാണല്ലോ.
കായലും കടൽത്തീരവും ഇടകലർന്ന കേരളത്തിലെ മനോഹരമായ സ്ഥലമായ’കിഴക്കിൻ്റെ വെനീസ്’ എന്നറിയപ്പെടുന്ന ആലപ്പുഴയിൽ നിന്നാണ് ഞങ്ങളുടെ ബോട്ട് യാത്ര ആരംഭിക്കുന്നത്. ആലപ്പുഴയെ സഞ്ചാരികളുടെ പറുദീസ ആക്കി മാറ്റിയത് കെട്ടുവള്ളങ്ങളില്‍ ഉള്ള ഈ യാത്രകളാണല്ലോ.
കായലിന്‍റെ തീരങ്ങളില്‍, നൂറുകണക്കിനു ഹൌസ് ബോട്ടുകള്‍ വിശ്രമിക്കുന്നുണ്ട്. ഹൌസ് ബോട്ടുകള്‍ യാത്ര പുറപ്പെടുന്നതും, അവസാനിപ്പിക്കുന്നതും അവിടെയാണ്. പകല്‍ ഒന്‍പതു മുതല്‍ അടുത്ത പകല്‍ ഒന്‍പതു വരെയാണ് അവയുടെ ദിവസങ്ങള്‍. അതിനാല്‍ തന്നെ പല ബോട്ടുകാരും സന്ദര്‍ശകരെ ഇറക്കുന്നതിന്‍റെയും, കയറ്റുന്നതിന്‍റെയും തിരക്കിലാണ്.
രണ്ടു – മൂന്നു ഹൗസ് ബോട്ടുകളുടെ ഉള്ളിലൂടെ ക്രോസ്സ് ചെയ്താണ് ഞങ്ങളുടെ കെട്ടു വള്ളത്തിൽ എത്തിയത്. വൈകുന്നേരം 5 മണി മുതൽ രാവിലെ 9 മണി വരെയുള്ള ആ പാക്കേജിലാണ് ഞങ്ങളുടെ യാത്ര. അതിനായിട്ടുള്ള ഞങ്ങളുടെ സ്യൂട്ട്കെയ്സും മറ്റും ബോട്ടിലെത്തിക്കാനായിട്ടുള്ള സഹായികൾ ധാരാളം. അതിൽ ചിലർ സർക്കാരിൻ്റെ വെള്ളം കുടിച്ചിട്ടുണ്ടോ എന്ന് കൂടെയുള്ള സഹായികൾക്ക് സംശയം. എന്തായാലും ഞങ്ങളുടെ ബോട്ടിലുണ്ടായിരുന്ന ഡ്രൈവറും കുക്കും ഹെൽപ്പറും അങ്ങനെയല്ല എന്ന വിശ്വാസത്തോടെ ….
ബോട്ടിലെ ഡ്രൈവര്‍ ഞങ്ങള്‍ക്ക് ഗൈഡു കൂടിയായിരുന്നു. യാത്ര തുടങ്ങി നിമിഷങ്ങൾക്കകം ഞങ്ങൾ പുന്നമടക്കായലിൽ എത്തി.പുന്നമടക്കായൽ എന്നു പറയുമ്പോൾ നമുക്ക് മനസ്സിലേക്ക് ഓടി വരുക എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയാണല്ലോ. 1952 ലെ തിരു-കൊച്ചി സന്ദര്‍ശന സമയത്ത്, പുന്നമടക്കായലിലെ വള്ളം കളി കണ്ട പണ്ഡിറ്റ്‌ജി ഡല്‍ഹിയില്‍ എത്തിയ ശേഷം ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയില്‍ ഒരു വെള്ളിക്കപ്പ് ഉണ്ടാക്കി ജേതാവിന് സമ്മാനിക്കുവാനായി അയച്ചു കൊടുത്തു. കുട്ടനാടിന്‍റെ മക്കള്‍ ആ ആവേശം ഏറ്റെടുത്തപ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മത്സരാധിഷ്ഠിതവും ജനപ്രിയവുമായ വള്ളംകളിയായി മാറി . പുന്നമടക്കായലിലുള്ള യാത്രയിൽ ഇത്തരം കഥകൾ വിജ്ഞാനപരം.നെഹ്‌റു ട്രോഫി വള്ളം കളിയുടെ ആരംഭ-അവസാന സ്ഥലങ്ങള്‍ അദ്ദേഹം ഞങ്ങള്‍ക്കായി വിവരിച്ചു തന്നു.
എയർ കണ്ടീഷണർ ഉള്ള കിടപ്പുമുറികൾ, സിറ്റ്-ഔട്ടുകൾ, അടുക്കള, ആധുനിക ബാത്ത്, ടോയ്‌ലറ്റ് സൗകര്യങ്ങളോടെയുള്ള ബോട്ടുകളാണിവ. 8 ബെഡ് റൂം ഉള്ള ഹൗസ് ബോട്ടുകൾ വരെയുണ്ട്. ഏകദേശം 1000 ഹൗസ് ബോട്ടുകൾ ഉണ്ടത്രെ അവിടെ. പല സിനിമാ നടന്മാർക്കും ഇത്തരം ഹൗസ് ബോട്ടുകളുടെ ബിസിനസ്സ് ഉണ്ടെന്നാണ് പറഞ്ഞത്. കൊറോണ സമയത്ത് ഓട്ടം ഒന്നുമില്ലാതിരുന്നതുകൊണ്ട് പലർക്കും വലിയ നഷ്ടത്തിൽ വിൽക്കേണ്ടിവന്നിരുന്നുവത്രേ!
————————————-
ഇതുപോലെയുള്ള പല കഥകളും ഡ്രൈവർക്ക് പറയാനുണ്ടായിരുന്നു. പലതരത്തിലുള്ള ഇത്തരം കഥകളുമായി, കുട്ടൻ നാടൻ ഗ്രാമക്കാഴ്ചകൾ കണ്ടു കൊണ്ടുള്ള യാത്രയും രസകരം.
സന്ധ്യയാകുന്നതോടെ ബോട്ടിനെ ഒരു സ്ഥലത്ത് കെട്ടിയിട്ട് ഡ്രൈവർ റ്റാറ്റാ പറഞ്ഞു പോയി. ബോട്ടിൽ നിന്നിറങ്ങി കരയിൽ കൂടി നടക്കാനെല്ലാം സാധിക്കും. രാത്രി കേരള രുചിയോടെയുള്ള ഭക്ഷണവും ഒട്ടും മോശമല്ല.
“കായലിലെ സൂര്യോദയം കാണാൻ നല്ല ഭംഗിയായിരിക്കും, അല്ലേ? എവിടെ നിന്ന് നോക്കിയാലാണ് കാണുക? അതിനായി എത്ര മണിക്ക് എണീക്കണം?”
“ സൂര്യൻ ഉദിക്കുന്നത് എവിടെയാണെന്ന് നിങ്ങൾ പഠിച്ചിട്ടില്ലേ?”
“ നിങ്ങൾ കണ്ണു തുറക്കുമ്പോൾ കിഴക്കോട്ടേക്ക് നോക്ക്, ….. അപ്പോൾ കണ്ടാൽ കണ്ടു .”
ബോട്ടിൽ താമസിക്കുന്ന കുക്ക് മായിട്ടുള്ള ചില സംഭാഷണങ്ങളാണിതൊക്കെ.
He is so rude….. എന്നു പറഞ്ഞു കൊണ്ട് പുതിയ തലമുറയിലെ കുട്ടികൾ ആ സംഭാഷണത്തിൽ നിന്നും പിൻവാങ്ങി. എനിക്കാണെങ്കിൽ വലിയൊരു തറവാട്ടിലെ, കാർന്നവരോട് വർത്തമാനം പറയുന്നതുപോലെയാണ് തോന്നിയത്. എന്നാൽ പിറ്റെ ദിവസം രാവിലെ സൂര്യോദയ സമയത്ത് ഞങ്ങളെ വിളിച്ച് കാണിച്ചു തരുകയും ചെയ്തു. മലയാളികൾ rude ആയിട്ടാണ് വർത്തമാനം പറഞ്ഞാലും അതിലൊരു ആത്മാർത്ഥത ഉണ്ട് എന്ന് പറയുന്നത് ഇത്തരം ആളുകളെ മുന്നിൽ കണ്ടാവും അല്ലേ?
സൂര്യോദയക്കാഴ്ച പോലെ സുന്ദരമായിരുന്നു V ആകൃതിയിൽ പറക്കുന്ന ഒരു കൂട്ടം പക്ഷികളുടെ പറക്കൽ. ആകാശത്ത് ‘ചുമ്മാ തേരാ പേരാ’ അങ്ങോട്ടും ഇങ്ങോട്ടും പറക്കുമ്പോഴും ആ V ഷേയ്പിൽ പറന്നു പോകാൻ ശ്രമിക്കുന്നുണ്ട്.
വെള്ളത്തിലാണെങ്കിൽ തലയും കഴുത്തും പുറത്തുകാണിച്ചു കൊണ്ട് നീന്തുകയും ഊളയിടുകയും ചെയ്യുന്ന തിരക്കിലാണ് നീർക്കാക്കകൾ. ഇവർ ഊളിയിട്ടു പോകുമ്പോഴാണ് ഇര പിടിക്കുന്നത്. മീനുകളാണ് ഇഷ്ട ഭക്ഷണം. വെള്ളത്തിനടിയിൽ പിടിച്ച മത്സ്യത്തെ വെള്ളത്തിനു പുറത്തു വന്നാണ് കഴിക്കുന്നത്. ഒരു ദിവസം ഓരോ പക്ഷിക്കും മൂന്നു കിലോയോളം ഭക്ഷണം വേണമെന്നാണ് പറയുന്നത്.
രാവിലെ ഏഴരയോടെ ബോട്ട് ഡ്രൈവർ തിരിച്ചെത്തി. ഞങ്ങളെല്ലാം കയ്യടിച്ചാണ് അദ്ദേഹത്തെ വരവ് ഏറ്റത്. പല പ്രാവശ്യം ഇത്തരം ബോട്ടു യാത്ര നടത്തിയിട്ടുണ്ടെങ്കിലും രാത്രിയിലെ യാത്ര ആദ്യമായിട്ടാണ്. എന്നാലും പകലുള്ള യാത്ര തന്നെയാണ് എനിക്ക് കൂടുതൽ ഇഷ്ടം. ഇത്തരം ബോട്ടുകൾ ഓടിക്കുന്നതിനും ലൈസൻസ് വേണം.
ഡൈവ്രർ വന്നതോടെ കേരളത്തിലെ ഏറ്റവും വലിയ കായലും, ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകവുമായ വേമ്പനാട് കായലിലേക്കായി ഞങ്ങളുടെ യാത്ര.ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാട് കായൽ. ഇതിൻ്റെ നീളവും വീതിയുമെല്ലാം സ്കൂളിൽ പഠിച്ചു കാണുമായിരിക്കും എന്നാലും കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന കായൽ കാണാൻ സുന്ദരം.
കായലിൽ ‘ സ്പീഡ് ബോട്ട് യാത്ര ‘ നടത്തുന്നതിനായി അത്തരം പല ബോട്ടുകാരും ഹൗസ് ബോട്ടിലെ യാത്രക്കാരോട് അന്വേഷിച്ചു കൊണ്ടിരിപ്പുണ്ട്.
ലൈഫു ജാക്കറ്റും മറ്റുമായി അത്തരമൊരു യാത്രയും നടത്തി. സ്പീഡിൽ പോകുന്ന ആ ബോട്ടു യാത്രയിൽ പെട്ടെന്നുള്ള ‘വെട്ടിച്ചു കൊണ്ടുള്ള തിരിക്കൽ’ ശരിക്കും കിടുക്കി കളഞ്ഞു.
സാഹസം ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകളുടെ ഇടയിലായതുകൊണ്ട് എൻ്റെ കിടുക്കത്തിനൊന്നും വലിയ പ്രാധാന്യമില്ല.
ഒൻപത് മണിയോടെ ഹൗസ് ബോട്ടിനോട് യാത്ര പറഞ്ഞ് വീണ്ടും താമസ്ഥലത്തോട്ട്…….
Thanks