Tuesday, January 14, 2025
Homeസ്പെഷ്യൽഇന്ന് ഭഗവാൻ യോഗനിദ്രയിൽ നിന്ന് ഉണരുന്ന മകരവിളക്ക്.

ഇന്ന് ഭഗവാൻ യോഗനിദ്രയിൽ നിന്ന് ഉണരുന്ന മകരവിളക്ക്.

ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന സ്ഥലമാണ് മണിമണ്ഡപം. ഇവിടെ വെച്ചാണ്
അയപ്പസ്വാമി ശാസ്താ വിഗ്രഹത്തിലോട്ട് വിലയം പ്രാപിച്ചതെന്ന് പറയുന്നു. അയ്യപ്പ സ്വാമിയെ അവസാനമായി കണ്ട സ്ഥലമെന്നും അതല്ല സമാധിയിൽ കുടികൊള്ളുന്ന സ്ഥലമെന്നും പറയുന്ന മണിമണ്ഡപം മാളികപ്പുറത്തമ്മയുടെ ശ്രീ കോവിലിന് പുറകിലായാണ് സ്ഥിതി ചെയ്യുന്നത്. മകരവിളക്കിനോടനുബന്ധിച്ചു നടക്കുന്ന കളമെഴുത്തും പാട്ടും നടക്കുന്നത് മണിമണ്ഡപത്തിലാണ്.

റാന്നി കുന്നക്കാട് കുറുപ്പൻമാരാണ് പരമ്പരാഗതമായി ശബരിമലയിൽ കളമെഴുതുന്നത്. മകരം ഒന്ന് മുതൽ അഞ്ച് വരെ നടക്കുന്ന കളമെഴുത്തിൽ ബാലകൻ, ,വില്ലാളിവീരൻ, രാജകുമാരൻ, പുലി വാഹനൻ , തിരുവാഭരണവിഭൂഷിതനായ ശാസതാവ് എന്നീ രൂപങ്ങളാണ് കളമെഴുതുന്നത്.

മകര സംക്രമ ദിവസം പൊന്നമ്പലമേട്ടിൽ തെളിയുന്ന മകര ജ്യോതിയോടെയണ് മകരവിളക്ക് മഹോത്സവത്തിന് തുടക്കം കുറിക്കുന്നത്. മകരം ഒന്ന് മുതൽ അഞ്ച്
വരെ നടക്കുന്ന ഈ ഉത്സവം ഉത്തരായന കാലത്തിന്റെ ആരംഭത്തിലാണ് നടക്കുന്നത്. ആദ്യ നാല് ദിവസങ്ങളിലും മണി മണ്ഡപത്തിൽ നടക്കുന്ന കളമെഴുത്തും അതിനോടനുബന്ധിച്ച് പതിനെട്ടാംപടി വരെ നടത്തുന്ന വിളക്കെഴുന്നെള്ളിപ്പുമാണ് മകര വിളക്ക് എന്നു പറയുന്നത്. അഞ്ചാം ദിവസം നടക്കുന്ന വിളക്കെഴുന്നെള്ളിപ്പ് ശരംകുത്തിയാൽ വരെ എഴുന്നെള്ളുന്നു. ജീവസമാധിയിലോട്ട് ആക്കിയ ഭഗവാനെ കൊമ്പൻ മീശയോടു കൂടിയ തിരുമുഖമുള്ള തിടമ്പിലോട്ട് ആവാഹിച്ചാണ് മകരം അഞ്ചിന് നടക്കുന്ന വിളക്കെഴുന്നെള്ളിപ്പിന് എഴുന്നെള്ളിക്കുന്നത് എന്നത് പ്രധാന പ്രത്യേകതയാണ്.

പന്തളം കൊട്ടാരത്തിൽ നിന്ന് കൊടുത്തയക്കുന്ന തിരുവാഭരണപ്പെട്ടികളിൽ പ്രധാനമാണ് വീരയോദ്ധാവിന്റെ തിരുമുഖമുള്ള തിടമ്പ് . സംക്രമ ദിവസത്തെ ദീപാരാധനക്ക് മുമ്പായി തിരുവാഭരണപ്പെട്ടികൾ സന്നിധാനത്ത് എത്തിച്ചേരുകയും പ്രധാന ആഭരണപ്പെട്ടി ശ്രീ കോവിലിലേക്കും മറ്റു രണ്ടുപെട്ടികൾ മണിമണ്ഡപത്തിലുമാണ് വയ്ക്കുന്നത്. അഭിഷേകപ്പെട്ടിയെന്നും കൊടിപ്പെട്ടിയെന്നും അറിയപ്പെടുന്ന തിരുവാഭരണപ്പെട്ടികളിൽ പ്രധാനപ്പെട്ടതാണ് തലപ്പാറ മലയേയും ഉടുമ്പാറ മലയേയും പ്രതിനിധീകരിക്കുന്ന കൊടികളും കുടകളും. തലപ്പാറമലയുടെ വിജയക്കൊടിക്ക് ചുവപ്പ് മുത്തുക്കുടയും ഉടുമ്പാറ മലയുടെ വിജയ കൊടിക്ക് കറുത്ത മുത്തുക്കുടയുമാണ് വെക്കുന്നത്. രണ്ട് കൊടികളുടെയും അകമ്പടിയോടെയാണ് അയ്യപ്പസ്വാമി ശരംകുത്തിയിലേക്ക് എഴുന്നെള്ളുന്നത്.

മകരവിളക്ക് മഹോത്സവത്തിന്റെ അഞ്ചാം ദിവസമാണിത് നടക്കുന്നത്. മണിമണ്ഡപത്തിൽ നിന്നും ഭഗവാന്റെ എഴുന്നെള്ളിപ്പിന് മാളികപ്പുറത്തെ എഴുന്നെള്ളിപ്പ് എന്ന് പറയുന്നു. അതാണ് മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളിപ്പായി തെറ്റിദ്ധരിക്കപ്പെട്ടത്. ശരംകുത്തിയിൽ ചെന്ന് നായാട്ടുവിളി നടത്തിയശേഷം അയപ്പ സ്വാമി മണിമണ്ഡപത്തിലേക്ക് മടങ്ങുന്നു .തിരിച്ചുള്ള യാത്രയിൽ തീവെട്ടികൾ അണച്ച് വാദ്യമേളങ്ങൾ ഇല്ലാതെയാണ് പോകുന്നത്. അയ്യപ്പസ്വാമി യുടെ ശരംകുത്തിയിൽ നിന്നുള്ള എഴുന്നെള്ളപ്പിൽ ഭൂതഗണങ്ങളും മലദൈവങ്ങളും അനുഗമിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് മേളങ്ങളും വിളക്കുകളും ഇല്ലാത്തത്. ശബരിമലയിലെ മകരവിളക്കുത്സവത്തിന്റെ സമാപനം കുറിച്ച് തന്റെ ഭക്തരെ യാത്രയാക്കുക എന്ന സങ്കല്പമാണ് ശരംകുത്തിയിലോട്ടുള്ള എഴുന്നെള്ളിപ്പിന്റെ പിന്നിലുള്ളത് . അയ്യപ്പൻ തന്റെ ശരങ്ങളും ആയുധങ്ങളും ശരംകുത്തിയിൽ ഉപേക്ഷിച്ചിട്ടാണ് ശബരിമലയിൽ യോഗനിദ്രയിലേക്ക് പ്രവേശിച്ചത് എന്ന് ഐതീഹ്യങ്ങൾ പറയുന്നു.

ശബരിമലയിൽ നടക്കുന്ന അത്യപൂർവ്വമായ ഒരു ചടങ്ങാണ് നായാട്ടു വിളി. പദ്യരൂപത്തിലുള്ള അയ്യപ്പ ചരിതമാണ് നായാട്ടുവിളി എന്നറിയപ്പെടുന്നത്. ശബരിമലയിലും പെരുനാട് കക്കാട് കോയിക്കൽ ക്ഷേത്രത്തിലും നായാട്ടു വിളി നടക്കുന്നു. ശബരിമലയിൽ ചാർത്തുന്ന തിരുവാഭരണം പുറത്തൊരു ക്ഷേത്രത്തിൽ ചാർത്തുന്നത് പെരുനാട്ടിലെ ശാസ്താ ക്ഷേത്രത്തിലാണ്. തിരുവാഭരണം കൊണ്ടുള്ള മടക്കയാത്രയിൽ മകരം ഏഴിനാണ് പെരുനാട്ടിൽ തിരുവാഭരണ ദർശനം നടക്കുന്നത്. ഇവിടെ നിന്ന് കൊണ്ടാണ് പന്തളം രാജാവ് ശബരിമലയിൽ ക്ഷേത്രം പണിതത് എന്ന് ഐതീഹ്യങ്ങൾ പറയുന്നു.

പണ്ട് മകരവിളക്ക് ഉത്സവം ആദ്യത്തെ അഞ്ച് ദിവസം ശബരിമലയിലും പിന്നീടുള്ള അഞ്ച് ദിവസത്തെ ഉത്സവം പെരുനാട്ടിലുമായിരുന്നു നടത്തിയിരുന്നതെന്നും പറയപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments