ആലപ്പുഴ; ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാര്‍. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളെല്ലാം എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.
2021 ഡിസംബര്‍ 19-നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18-ന് രാത്രി എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു രഞ്ജിത് ശ്രീനിവാസനെയും വെട്ടിക്കൊലപ്പെടുത്തിയത്.
ആലപ്പുഴ ഡി.വൈ.എസ്.പി.യായിരുന്ന എന്‍.ആര്‍. ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറില്‍പ്പരം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, സി.സി.ടി.വി. ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ചു.
പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയനേതാക്കള്‍ എന്നിങ്ങനെ വിവിധമേഖലയിലുള്ള സാക്ഷികളെയാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. കേസിലെ 15 പ്രതികളെ വിചാരണക്കോടതി ജഡ്ജി ക്രിമിനല്‍നടപടിനിയമം 313-ാം വകുപ്പ് പ്രകാരം ചോദ്യംചെയ്ത് ആറായിരത്തോളം പേജുകളിലാണ് മൊഴികള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പാ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്.