Saturday, November 23, 2024
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ: (ഭാഗം - 26) ' ചൊവ്വാദോഷം ' ✍ സജി...

പള്ളിക്കൂടം കഥകൾ: (ഭാഗം – 26) ‘ ചൊവ്വാദോഷം ‘ ✍ സജി ടി. പാലക്കാട്

സജി ടി. പാലക്കാട്

താൻ ഒരുപാട് ചെറുപ്പക്കാരെ കണ്ടിട്ടുണ്ട്. എത്രയോ യുവ സുഹൃത്തുക്കൾ തനിക്കുണ്ട്… !
യുവാക്കളായ പല അധ്യാപകരും ഈ സ്കൂളിൽ ജോലി നോക്കിയിട്ടുണ്ട് ..!
പക്ഷേ, അവരോടൊന്നും തോന്നാത്ത ഒരു ഇഷ്ടം ഇപ്പോൾ തന്റെ മനസ്സിൽ ഉയരാൻ കാരണമെന്താണ്..?
സദാനന്ദൻ സാറിന്റെ സൗന്ദര്യം മാത്രമാണോ?
അതോ നിഷ്കളങ്കത തുളുമ്പുന്ന മുഖമോ?
അതോ വിനയമോ?
അതോ പുഞ്ചിരിയോ?
ഇടത്തുനിന്ന് വലത്തേക്ക് ഭംഗി യായി ചീകിയൊതുക്കിയ ഹെയർ സ്റ്റൈലും നെറ്റിയിലെ ചന്ദനക്കുറിയും ആരും നോക്കി നിന്നു പോകും, എന്നത് സത്യം തന്നെ…

എങ്കിലും ഇത്രയും അധികം ഇഷ്ടം തോന്നാൻ എന്താണ് കാരണം..?
ഉത്തരം കിട്ടാത്ത ചോദ്യം…!

‘ലതയുടെ ചേച്ചിക്ക് വിവാഹാലോചനകൾ വരുന്നില്ലേ…?’

അടുക്കള ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്ന ലത സദാനന്ദൻ മാഷിന്റെ ചോദ്യം കേട്ട് പെട്ടെന്ന് ചിന്തയിൽ നിന്നും ഉണർന്നു .

‘എന്താ സാർ…..?’

‘താനെന്താ സ്വപ്നം കാണുകയായിരുന്നുവോ?
ലതയുടെ ചേച്ചിക്ക് വിവാഹാലോചനകൾ വല്ലതും വരുന്നുണ്ടോ എന്ന്..?

‘ഉണ്ട് സാർ, പക്ഷേ ചേച്ചിയുടെ ജാതകത്തിൽ ദോഷം ഉള്ളതുകൊണ്ട് ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല.’

‘ദോഷമോ…?
അതെന്ത് ….?

‘സാർ ചൊവ്വാദോഷം എന്ന് കേട്ടിട്ടുണ്ടോ …..?’

‘ചൊവ്വ ദോഷമോ ..?
ഒന്ന് പറയൂ, കേൾക്കട്ടെ….

സദാനന്ദൻ മാഷ് ചിരിച്ചുകൊണ്ട് ചോദിച്ചു.

‘അതോ, ജ്യോതിഷ പ്രകാരം ഏറ്റവും കൂടുതൽ പാപമുള്ള ഗ്രഹമാണ് ചൊവ്വ. ചൊവ്വാദോഷം ഉള്ള സ്ത്രീക്ക് ഭർത്താവ് വാഴില്ല.
വൈധവ്യമോ, തമ്മിൽ പിരിഞ്ഞു താമസിക്കേണ്ട അവസ്ഥയോ വന്നുചേരും..!
അല്ലെങ്കിൽ, ഭർത്താവ് മരിക്കും. ചേച്ചിക്ക് ചോവ്വാ ദോഷം ഉണ്ട്.
അതുകൊണ്ട് വരുന്ന ആലോചനകളെല്ലാം മാറി മാറി പോകുന്നു, കല്യാണം നടക്കുന്നില്ല. …’

‘ആണോ ..?

മാഷ് പൊട്ടിച്ചിരിച്ചു…

‘അപ്പോൾ തൻ്റെ ചേച്ചി എന്നും അവിവാഹിതയായി കഴിയുവാനാണോ തീരുമാനം…?’

‘അല്ല സാർ , ജാതകം നോക്കിക്കഴിഞ്ഞാൽ ചെറുക്കൻ വീട്ടുകാർ ആലോചനയുമായി മുന്നോട്ടു പോകാൻ തയ്യാറാവുന്നില്ല. ചേച്ചി നന്നായി പ്രാർത്ഥിക്കുന്നുണ്ട്. തന്നെയുമല്ല, ചൊവ്വ പ്രീതി ലഭിക്കുവാൻ സുബ്രഹ്മണ്യസ്വാമിയെ നിത്യവും ഭജിക്കുന്നുണ്ട്. ജ്യോതിഷ ശാസ്ത്ര പ്രകാരം ചൊവ്വയുടെ ദേവനാണ് സുബ്രഹ്മണ്യസ്വാമി എന്ന് വിശ്വസിക്കുന്നു .
പിന്നെ , എല്ലാ പക്ക പിറന്നാളിനും ചേച്ചി ക്ഷേത്രത്തിൽ പോയി കുമാര പുഷ്പാഞ്ജലി കഴിക്കും, ഷഷ്ടി വ്രതവും എടുക്കും…
എന്നിട്ടും ഒരു കല്യാണവും ശരിയാവുന്നില്ല…
ചിലപ്പോൾ ചേച്ചിക്ക് മംഗല്യഭാഗ്യം ഉണ്ടാവില്ല…’

‘ഈ പാലക്കാട്ടുകാരുടെ ഒരു കാര്യം….!
ലതേ ……ചൊവ്വ എന്ന് പറയുന്നത് ഒരു നിർദ്ദോഷ ഗ്രഹം ആണ് .
ഒരു ദോഷവും അതിനില്ല.
പിന്നെ, എല്ലാ മനുഷ്യന്റെയും ജാതകത്തിലും ചൊവ്വ ഉണ്ട്. ചൊവ്വാദോഷം ഉള്ള സ്ത്രീ എന്നൊന്ന് ഇല്ല.
ഒരു സ്ത്രീയുടെയും പുരുഷന്റെയും സ്വഭാവം നല്ലതാണെങ്കിൽ നല്ല ജീവിതം ഉണ്ടാകും .
പരസ്പരം മനസ്സിലാക്കി വിട്ടുവീഴ്ചയിലൂടെയാണ് കുടുംബജീവിതം മുന്നോട്ട് പോകേണ്ടത്. അങ്ങനെ ഉള്ളവർക്ക് നല്ലകാലം വരും ഉറപ്പ് . അല്ലാത്തവർക്ക് എന്ത് ദോഷം ഉണ്ടായാലും ഇല്ലെങ്കിലും അവരുടെ ജീവിതം കട്ടപ്പൊക…. ‘

‘സാർ, ദൈവത്തെ നിന്ദിക്കരുത്…’

‘അതിന് ആര് ദൈവത്തെ നിന്ദിച്ചു..?
അമ്പലങ്ങളിൽ പോകുന്നതിനും പ്രാർത്ഥിക്കുന്നതിനും ഞാൻ എതിരൊന്നുമല്ല.
പക്ഷേ, ചൊവ്വാ ദോഷം എന്ന് പറഞ്ഞ് തന്റെ ചേച്ചിയുടെ ഭാവി കളഞ്ഞ് കുളിക്കരുത് , എന്നാണ് എനിക്ക് പറയാനുള്ളത്.

‘സാറിനോട് തർക്കിക്കാനൊന്നും ഞാൻ ആളല്ല. പക്ഷേ, ചില കാര്യങ്ങളിൽ വിശ്വാസം നല്ലതാണ്…’

‘അതിന് ഞാൻ തന്റെ വിശ്വാസത്തെ ഒന്നും ചോദ്യം ചെയ്തതല്ല. വെറുതെ അന്ധവിശ്വാസത്തിന്റെ പിറകെ പോയി ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കരുത്.’

‘ഞങ്ങൾ സാധാരണ നാട്ടിൻപുറത്തുകാരല്ലേ സാർ?
സാറിന്റെ തത്വജ്ഞാനമൊന്നും എനിക്ക് മനസ്സിലാവില്ല……’

അരി അടുപ്പിൽ നിന്നും വാങ്ങി വാർത്തുകൊണ്ട് ലത പറഞ്ഞു.

‘സാർ ഇനി ഞാൻ നടക്കട്ടെ…
ഇപ്പോൾ ഇറങ്ങിയാലേ സന്ധ്യക്ക് മുൻപ് വീട് എത്തുവാൻ പറ്റൂ….’

‘ഓക്കെ… ഞാൻ എത്ര സമയമായി തന്നോട് പൊയ്ക്കോളൂ എന്ന് പറയുന്നു… ‘

‘ഞാൻ ചോറ് വെച്ചില്ലെങ്കിൽ സാറ് പട്ടിണിയാകും എന്നറിയാം അതുകൊണ്ടാണ് ഇത്രയും നേരം നിന്നത്.

‘ഉം…
താൻ എങ്ങനെ പോകും രണ്ടുമൂന്ന് മണിക്കൂർ ഒറ്റയ്ക്ക് നടക്കാൻ പേടിയില്ലേ..?’

‘ഞാൻ കഴിഞ്ഞ ആറു വർഷമായി നടക്കുന്ന വഴിയല്ലേ …
ദൂരമൊന്നും എനിക്ക് പ്രശ്നമല്ല, പിന്നെ പേടി തീരെയില്ല..

ശരി, സർ തിങ്കൾ അവധി . നമുക്ക് ചൊവ്വാഴ്ച കാണാം.
ട്ടോ…’

ബാഗെടുത്ത് തോളിൽ ഇട്ടുകൊണ്ട് ലത ക്വാർട്ടേഴ്സിന്റെ മുറ്റത്തേക്ക് ഇറങ്ങി….
സ്കൂൾ മുറ്റത്തുകൂടെ നടന്ന് മണ്ണ് റോഡിലേക്ക് ഇറങ്ങിയപ്പോൾ സദാനന്ദൻ മാഷിനെ നോക്കി പുഞ്ചിരിക്കാനും മറന്നില്ല.

മെല്ലെ കുന്നിറങ്ങി. താഴെ എത്തിയപ്പോൾ പിന്നിലേക്ക് ഒന്ന് കൂടി
തിരിഞ്ഞു നോക്കി. പിന്നീട് മറ്റൊരു കുന്ന് മെല്ലെ കയറുവാൻ തുടങ്ങി. കണ്ണിൽ നിന്നും മറയുന്നതുവരെ അവളെത്തന്നെ നോക്കിക്കൊണ്ട് സദാനന്ദൻ മാഷ് മുറ്റത്ത് നിന്നു …..

എത്ര പെട്ടെന്നാണ് രണ്ട് മൂന്ന് മണിക്കൂർ കടന്നുപോയത്..!
തന്റെ സങ്കടങ്ങളെല്ലാം എത്ര പെട്ടെന്നാണ് അലിഞ്ഞ് ഇല്ലാതായത്..!
അതാണ് സ്നേഹത്തിന്റെ ശക്തി….!
ലതയുടെ സാമിപ്യം നൽകിയ സന്തോഷം എത്ര വലുതായിരുന്നു ..! തൻ്റെ കാര്യത്തിൽ ലതയ്ക്ക് പ്രത്യേക താൽപര്യം എന്തെങ്കിലുമുണ്ടോ… … ?
തന്നോട് ഇനി വല്ല പ്രണയവും?
ഏയ്..ഉണ്ടാവാൻ സാധ്യത ഇല്ല….

തൻ്റെ വിഷമങ്ങൾ ക്ഷമയോടെ മൂളികേൾക്കാൻ ഒരാൾ ഉണ്ടായി എന്നത് വലിയ കാര്യം …
കഴിഞ്ഞ രാത്രി കാള രാത്രി ആയിരുന്നു. ഒരു പോള കണ്ണുപോലും അടയ്ക്കാതെ സ്കൂളിന്റെ ബെഞ്ചിൽ കിടന്നപ്പോൾ മനസ്സിനകത്ത് ഒരു കരിങ്കല്ല് കയറ്റി വെച്ച ഭാരം ഉണ്ടായിരുന്നു …!

ഇന്ന് ലതയുടെ വാക്കുകൾ, സ്നേഹ നിർഭരമായ പെരുമാറ്റം, എന്നിവ കൊണ്ടാകാം എത്ര പെട്ടെന്നാണ് തന്റെ മനസ്സ് പഴയപോലെ ആയത്..!
സത്യം പറഞ്ഞാൽ, ഒരു ദിവസം മുഴുവൻ അവളുടെ അടുത്ത് ഇരിക്കുവാൻ കൊതി തോന്നി…
മനസ്സിൽ ഉയർന്ന കൊടുങ്കാറ്റിന്റെ ഭാരം മാഞ്ഞുപോയി. മനസ്സ് തീർത്തും ശാന്തം…
പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം ..
സ്നേഹം കൊണ്ട് തോൽപ്പിക്കാൻ കഴിയണം. ജീവിതത്തിൽ ആത്മാർത്ഥമായി സ്നേഹിക്കാൻ ഒരാളുണ്ടാവുക …!
അത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയിരിക്കും…

സജി ടി. പാലക്കാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments