Saturday, December 7, 2024
Homeമതംപ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന "ബൈബിളിലൂടെ ഒരു യാത്ര" - (104)

പ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന “ബൈബിളിലൂടെ ഒരു യാത്ര” – (104)

പ്രീതി രാധാകൃഷ്ണൻ

മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹ വന്ദനം.

മനുഷ്യന്റെ വ്യക്തിത്വത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്.
നമ്മുടെ വ്യക്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ് ആത്മാവും, ദേഹിയും. ഇവ രണ്ടും അദ്യശ്യമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ആത്‍മാവാണ് ദൈവവുമായി ബന്ധപ്പെടുന്ന നമ്മിലെ ഭാഗം. ആത്‍മാവാണ് നമ്മുക്ക് ദൈവബോധം തരുന്നത്.

1 തെസ്സലോനിക്യർ 5:23

“സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ. നിങ്ങളുടെ ആത്മാവും, പ്രാണനും, ദേഹവും, അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുവണ്ണം കാക്കപ്പെടുമാറാകട്ടെ ”

ദേഹി അഥവാ പ്രാണൻ ആണ് നമ്മിലെ ചിന്ത, വികാരം, തീരുമാനശക്തി, എന്നിവയുടെ ഇരിപ്പിടം. ആത്മാവും, ദേഹിയും ഒന്നിച്ചു കൂടുന്നതാണ് നമ്മിലെ യഥാർത്ഥ വ്യക്തത്വം. ഇവയെപ്പോഴും ഒന്നിച്ചു ചേർന്നിരിക്കുന്നുവെന്ന് കരുതപ്പെടുന്നു. നമ്മിലെ ഈ യഥാർത്ഥ വ്യക്തിക്ക് ഈ ഭൂമിയിൽ വസിപ്പാൻ നൽകപ്പെട്ട മൺ കൂടാരമാണ് ശരീരം.

എബ്രായർ 2- 7,8

“നീ അവനെ ദൂതന്മാരേക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിന്റെ കൈകളുടെ പ്രവ്യത്തികൾക്ക്‌ നീ അവനെ അധിപതിയാക്കി, സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നുവെന്ന് ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവനു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പ്പെടുത്താതെ വിട്ടിട്ടില്ല, എന്നാൽ ഇപ്പോൾ സകലവും അവനു കീഴ്പ്പെട്ടതായി കാണുന്നില്ല”

ദൈവം സ്വന്ത സാദ്യശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തെപ്പോലെ അവനും പൂർണ്ണ തേജസ്സിലായിരുന്നു. നഗ്നത മറയ്ക്കുവാൻ വസ്ത്രം അവനു ആവശ്യമായിരുന്നില്ല. എന്നാൽ പാപം ചെയ്തപ്പോൾ ദൈവ തേജസ്സ് അവനെ വിട്ടു പോയി. പാപം ചെയ്തപ്പോൾ മനുഷ്യന്റെ വ്യക്തിത്വത്തിലെ മൂന്ന് ഭാഗങ്ങളിൽ നിന്നും ദൈവ തേജസ്സ് വിട്ടു പോയി. ശരീരം നഗ്നമായി വിയർപ്പും, രോഗവും, വാർദ്ധക്യവും, കഷ്ടവും ശരീരത്തിൽ വന്നു ഭവിച്ചു. ദേഹി അഥവാ മനസ്സിൽ നിന്നും തേജസ്സ് നഷ്ടപ്പെട്ടു. അതോടെ ഭയം, സംശയം, പക, പിണക്കം, നിരാശ തുടങ്ങി സകല ഇരുട്ടിന്റെ സ്വഭാവങ്ങളും അവന്റെ മനസ്സിനെ പിടിച്ചടക്കി.

സങ്കീർത്തനം 8-5,6

” നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി. തേജസ്സും, ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിന്റെ കൈകളുടെ പ്രവ്യത്തികൾക്ക് നീ അവനെ അധിപതിയാക്കി. സകലത്തേയും അവന്റെ കാൽകീഴേയായിരിക്കുന്നു.”

ആത്മാവ് ശരിയായ ദൈവ ബോധമില്ലാതെ ദൈവം സംസാരിക്കുന്നതു കേൾക്കാൻ കഴിയാതെ ഇരുട്ടിൽ തപ്പിത്തടഞ്ഞു. സത്യ ദൈവത്തെ അറിയാതെ പ്രക്യതിയേയും വിഗ്രഹങ്ങളെയും ദൈവമായി ആരാധിച്ചു തുടങ്ങി. ദൈവ ബോധം ഉണ്ടെങ്കിലും ബുദ്ധിയും, ജഞാനവും ഉണ്ടെങ്കിലും ദൈവീക കാര്യങ്ങളിൽ അവൻ മൂഢനായി.

റോമർ 3-23

” ഒരു വ്യത്യാസവുമില്ല എല്ലാവരും പാപം ചെയ്തു ദൈവ തേജസ്സ് ഇല്ലാത്തവരായി തീർന്നു.”

മനുഷ്യന്റെ ഈ പതനത്തിൽ നിന്ന് അവനെ വീണ്ടും തേജസ്സിലേയ്ക്ക് മടക്കി കൊണ്ടുവരുവാൻ ദൈവം തീരുമാനിച്ചു. ക്രിസ്തു മുഖേന ദൈവം ഒരുക്കിയ ഈ പദ്ധതിയ്ക്കാണ് വീണ്ടെടുപ്പെന്ന് പറയുന്നത്. മനുഷ്യന്റെ യഥാർത്ഥ തേജസ്സിലേയ്ക്ക് മടക്കിക്കൊണ്ടു വരുന്നതിനെയാണ് വീണ്ടെടുപ്പ് എന്ന് പറയുന്നത്. ക്രിസ്തുവിന്റെ പ്രായശ്ചിത്ത മരണം മുഖേന നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗങ്ങളായ ആത്മാവ്, ദേഹി, ദേഹം ഇവ മൂന്ന് പൂർണ്ണ മഹത്വത്തിലേക്ക് വീണ്ടെടുക്കപ്പെടുന്നു. ആത്മാവ് വീണ്ടെടുക്കപ്പെട്ടു, ദേഹി അഥവാ മനസ്സ് വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. ശരീരം കർത്താവിന്റെ വരവിൽ വീണ്ടെടുക്കപ്പെട്ടു.

തേജസ്സു നഷ്ടപ്പെടുത്തിയ മനുഷ്യനെ കൈവിടാതെ അവനെ വീണ്ടെക്കുവാൻ സ്നേഹവാനായ ദൈവം തന്റെ ഏക ജാതനായ പുത്രനെ ദാനമായി തന്നു.
ക്രിസ്തുവിൽ വിശ്വസിച്ചു തന്റെ സകല ചിന്തകുലവും അവന്റെ മേൽ ഇട്ടു കൊണ്ടു മുന്നോട്ടു ജീവിതം നിത്യതയോളം തുടരാം. പ്രിയരേ വീണ്ടും കാണുന്നവരെ കർത്താവ് ധാരാളമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ : ആമേൻ 🙏🙏

പ്രീതി രാധാകൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments