വളരെ വേഗതയിലായിരുന്നു ഡ്രൈവിങ്. ഓഫീസിൽ നിന്നിറങ്ങാൻ വൈകി. ചിലരുടെ ഇൻകംടാക്സ് റിട്ടേൺ ഫയൽ ചെയ്യണമായിരുന്നു. രേഷ്മ ആറുമണിക്കു തന്നെ പോയി. ക്ലോസ് ചെയ്തിറങ്ങമ്പോൾ11 മണി കഴിഞ്ഞിരുന്നു. ആകാശം മൂടിക്കെട്ടി നിൽക്കുന്നു. നിമിഷങ്ങൾക്കകം മഴത്തുള്ളികൾ ചിതറും ഉറപ്പാണ് അതിനു മുമ്പ് വീട്ടിലെത്തണം. ആരുമില്ലാത്ത വീടാണെങ്കിലും രാത്രിയിൽ എന്നെ സഹിക്കുന്നത് ആ കൂരയാണ്. പുറത്ത് റോഡിൽ തീരെ ആളുകളില്ല… ഷോപ്പുകൾ മിക്കതും അടച്ചു കഴിഞ്ഞു… തെളിച്ചമില്ലാതെ കത്തുന്ന വഴി വിളക്കുകൾ നൽകുന്ന അരണ്ട വെളിച്ചം മാത്രം കാണാം… വണ്ടിയുടെ വെളിച്ചം റോഡിൽ നിരന്നൊഴുകിയപ്പോൾ മാത്രമാണ് മുൻവശത്തെ റോഡ് ചുരുൾ നിവരുന്നതറിയുന്നത്. പെട്ടന്നാണ് മഴ തുള്ളി തല്ലാൻ തുടങ്ങിയത്. വൈപ്പർ വടിച്ചു നീക്കുന്ന സമയം മാത്രമാണ് റോഡ് തെളിയുന്നത്…ഓ…എന്തു മഴയാണ്. കണ്ണുകാണാൻ കഴിയുന്നില്ലല്ലോ? കാറിലുണ്ടായിരുന്ന ടിഷ്യൂ പേപ്പർ കൊണ്ട് ഗ്ലാസിലെ നീരാവി തുടച്ചുനീക്കി… ഇന്നത്തെ ദിവസം വല്ലാത്ത പുക നിറഞ്ഞതായിരുന്നു. അൽപ സമയം പോലും സിസ്റ്റത്തിൽ നിന്നും കണ്ണുപറിക്കാനായില്ല അതുകൊണ്ടുതന്നെ പിരടിയ്ക്ക് സ്റ്റിഫ്നസ്സുണ്ട്. ചിലപ്പോൾ വശങ്ങളിലേയ്ക്ക് തിരിയ്ക്കുമ്പോൾ ആരോ നൂലിൽ വലിയ്ക്കുന്നതുപോലെ.. എങ്കിലും ഏതാണ്ട് ഇന്നലെ വരെയുള്ള ജോലികളെല്ലാം തീർത്തു കഴിഞ്ഞു. നാളെയിനി ഓഫീസില്ല. ഞായറാഴ്ചയാണ്. വീട്ടിൽ അല്ലറ ചില്ലറപ്പണികളുണ്ട്. പിന്നെ അലക്ക് കുളി ഒത്തെങ്കിൽ വൈകിട്ട് സിനിമയ്ക്കു പോകാം.. ഉള്ളൊഴുക്ക് ഒന്നു കാണണം.പാർവ്വതി തെരുവോത്തും ഉർവ്വശിയും കൂടി മത്സരിച്ചഭിനയിക്കുന്നുവെന്നു കേട്ടു …
കോലേഴൻ്റെ കടയും കടന്ന് മീൻ മാർക്കറ്റിനടുത്തെത്തിയപ്പോൾകാമീസ് മുൻവശത്തെ നിരക്ക് പാളി നീക്കി തുടങ്ങി… തങ്ങളുപ്പാപ്പാടെ തയ്കാവിൽ വൈകിട്ട് കുടിച്ചു തീർത്ത ചക്കര കഞ്ഞിയുടെ പ്ലാസ്റ്റിക് ഗ്ലാസുകൾ വഴിയിൽ ചിതറിക്കിടപ്പുണ്ട്. ഫോർട്ടു കൊച്ചിക്കാരുടെ മത്സ്യ തട്ട് റഷീദ് കഴുകുന്നുണ്ട്. ഇപ്പാൾ ഏറ്റവും കൂടുതൽ മീൻ വില്പന നടക്കുന്നത് ഇവിടാണ് മാർക്കറ്റിൻ്റെ മഹിമയും മൂപ്പും എന്നേ അസ്തമിച്ചു കഴിഞ്ഞു. ഷറഫ് അവിടെ നിന്നും കയ്യുയർത്തി കാണിക്കുന്നുണ്ട്. അവനെ നോക്കി ചുമ്മാ ചിരിച്ചു കാണിച്ചു. സുൽത്താൻ്റെ വീട്ടിനടുത്തെത്തിയപ്പോൾ ആ മതിൽ കെട്ടിലേയ്ക്ക് തല പൊന്തിച്ചു..ഇല്ല … ആകസേര പോലുമില്ല പിൻഗാമികൾ എല്ലാം തച്ചുതകർത്ത് മുന്തിയ മന്ദിരങ്ങൾ പണിഞ്ഞു. വഴി തിരിയുന്നിടത്ത് പാലാംകടവിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങളായി. പഞ്ചായത്തിൽ ഫണ്ടില്ലന്നാ പ്രസിഡൻ്റിൻ്റെ മുറവിളി . കുറ്റാകുറ്റിരുട്ടാണ്. വലിയ ഗതാഗതമില്ലാത്തതിനാൽ അപകടം കുറവാണ്.
മഴത്തുള്ളികൾ കൊണ്ട് ചില്ലിൽ ആഞ്ഞെറിയുന്ന മാതിരി മഴ വൈപ്പറിനൊന്നും കഴിയാത്ത തരത്തില്ല ഉളള വെള്ളപ്പാച്ചിൽ വണ്ടിയുടെ വെളിച്ചത്തിലും റോഡ് പ്രാപ്യമല്ല കടത്ത് കടവിൽ അൽപ നേരം നിർത്തിയാലോ… എന്നാലോചിച്ചു. വേണ്ട..നേരത്തേ ചെല്ലാം..റോഡുപണി നടക്കുന്നതിനാൽ പലയിടത്തും കയറ്റിറക്കങ്ങളാണ്. എതിർ ദിശയിൽ നിന്നോ പിന്നിൽ നിന്നോ ഒരു വാഹനം പോലും വരുന്നില്ല … ഇരുട്ടിന് ഇത്ര രൗദ്രമുണ്ടെന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. എന്നാലും വല്ലാത്ത കടുപ്പം തന്നെ. പള്ളി തൈക്യാമിനു മുന്നിൽ കത്തിയിരുന്ന വയസ്സൻ ബൾബും മരിച്ചിരുന്നു. എതിർവശത്ത് കരാറുകാരൻ ഉണ്ടാക്കിയ കടവിനടുത്തൊരു ചലനം പോലെ തോന്നി…പടവുകൾ കയറി ഒരു കറുത്ത രൂപം പോലെ .. ആരീ നേരത്ത് കുളിയ്ക്കാൻ … അല്ലെങ്കിലും ആ ഭാഗത്ത് നല്ല ആഴമുണ്ട്. തന്നെയുമല്ല റോഡു പണിയ്ക്കു കൊണ്ടിറക്കിയ പാറപലതും ആ കടവിൽ അടിഞ്ഞു കിടക്കുന്നുണ്ട്. അകത്തെ എസി ഓഫു ചെയ്തു. വല്ലാതെ തണുക്കുന്നു…
ശരിയാണ് ആരോ പടവുകയറി റോഡിൽ നിൽപുണ്ട്. മേൽക്കുപ്പായത്തിൽ വണ്ടിയുടെ വെളിച്ചം തട്ടിയപ്പോൾ ആണു കണ്ടതു ഒന്നും നോക്കിയില്ല ബ്രേക്കിൽ ആഞ്ഞുചവിട്ടി. അല്ലെങ്കിൽ ആരൂപം തെറിച്ചു പോയേനെ..
വല്ലാതെ ഭയപ്പെട്ടുപോയി. സംഭ്രമവും പരിഭ്രമവും നാവിൽ ഗുളികൻ വീഴാതെ തടഞ്ഞു.
ഇടതുകൈ മുന്നിലേയ്ക്കു നീട്ടി ആ രൂപം നിന്നു. മുഖം തീരെ കാണാനാവുന്നില്ല … കറുത്ത വസ്ത്രം മൂടിയിരുന്നു.. പുഴയിൽ തല്ലി അലച്ചു വീഴുന്ന മഴത്തുള്ളികളുടെ അലർച്ച മാത്രമേ കേൾക്കാവൂ.. ഈ സമയത്ത് അതിശക്തമായി ഒരു കൊള്ളിയാൻ ഞങ്ങൾക്കിടയിലൂടെ കടന്നുപോയി …തയ്ക്കാവിൽ രാത്രികാലങ്ങളിൽ മലക്കുകൾ നിസ്കരിക്കാൻ വരാറുണ്ടെന്നും അവർ അംഗശുദ്ധി വരുത്തി കടവിൽ നിന്നും കൂട്ടമായി തൈക്യാവിലേയ്ക്ക് പോകുന്നത് കാണാമെന്നും പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. അതിലൊന്നും അന്നും വിശ്വാസമില്ല .. ഇന്നു തീരെയുമില്ല..
നീട്ടിപ്പിടിച്ചകയ്യിലപ്പോഴാണ് ശ്രദ്ധിച്ചത് തിളങ്ങുന്ന കരിവളകളുണ്ട്…പക്ഷെ ആ കയ്യുകൾ ഈ മഴയെല്ലാമായിട്ടും നനഞ്ഞിരുന്നില്ല … മുൻ നെറ്റിയിലേയ്ക്ക് ഇടറി വീണ മുടിയിഴകൾ കാറ്റിൽ താളം പിടിച്ചു.. കണ്ണുകളിൽ തീ നാമ്പുകൾ ഉയർന്നിരുന്നു… ഉയർന്നു പൊങ്ങുന്ന മാറിടങ്ങളും ഒട്ടിയ അടിവയറും ആരുപത്തിൻ്റെ മികവുകളായിരുന്നു.
ഡോർ അൺലോക്ക് ചെയ്യരുതെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ് …പക്ഷെ..ഇടതുവശത്തെ ഗ്ലാസ് ആരൂപം തന്നെ താഴ്ത്തി. ലോക്ക് തുറക്കേണ്ടി വന്നില്ല. ഡോർ തുറന്ന് സീറ്റിൽ കയറിയിരുന്നു…കാറിലാകെ അതീന്ദ്രിയമായ ഒരു സുഗന്ധം നിറഞ്ഞു … പുതിയ കാറാണ് ആസീറ്റൊക്കെ നനച്ചു നശിപ്പിച്ചു ഞാൻ ഉള്ളിൽ വല്ലാതെ ഞെളിപിരിഞ്ഞു. പക്ഷെ അൽപം പോലും അവർ നനഞ്ഞിരുന്നില്ല…
വണ്ടിയെടുത്തോളൂ…. പോവാം…
എൻ്റെ കൈകൾ വിറക്കുന്നുവെന്നതുകൊണ്ടാവാം അവർ പഞ്ഞു.
ഇനി യാത്ര നമ്മൾ ഒരുമിച്ചാണ്…
കാലുകൾ നീട്ടി കൈകൾ പിറകോട്ട് വലിച്ച് അവർ ഇരിപ്പിനൊന്നു കൂടി പതം വരച്ചു. പുറത്ത് മഴ വല്ലാതെ കനച്ചു കൊണ്ടിരുന്നു. ഇരുട്ട് ഞങ്ങൾക്കിടയിൽ ഒളിച്ചു കളി തുടർന്നു. രാത്രിയുടെ കനത്ത ഇരുട്ടിൽ തണുപ്പ് കിതക്കുന്നുണ്ടായിരുന്നു. തുള്ളി തല്ലിത്തിമിർത്തു പെയ്യുന്ന മഴയിൽ നിന്നുകയറിയ അവരുടെ ശരീരം തീരെ നനഞ്ഞിരുന്നില്ല. ഗ്ലാസിൽ അലച്ചു വീഴുന്ന മഴത്തുള്ളികൾ അപ്രത്യക്ഷമാകാൻ അധിക സമയം വേണ്ടി വന്നില്ല. ശക്തമായി പെയ്തു കൊണ്ടിരുന്ന മഴ എൻ്റെ കാറിനെ ബാധിക്കുന്നേയില്ല. എൻ്റെ വഴിച്ചാലിൽ മഴയുടെ ഒരു ലക്ഷണവുമില്ല..
എൻ്റെ കൈകാലുകൾ വിറയ്ക്കാനും നാവ് തരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എൻ്റെ മുഖം വലിഞ്ഞു മുറുക്കുകയും കണ്ണുകൾ വല്ലാതെ തിളങ്ങുകയും ചെയ്തു.ആ കൊടും തണുപ്പിൽ ഞാൻ വിയർക്കുവാൻ തുടങ്ങി. എനിക്കുമുന്നിലെ റോഡ് നട്ടുച്ഛയിലെതുപോലെ നീണ്ടു നിവർന്നു കിടന്നു. വർഷങ്ങളായി പരിചിതമായ റോഡിൽ കയറ്റിറക്കങ്ങളോ, കുഴികളോ ഇല്ലായിരുന്നു. അക്ഷരാർഥത്തിൽ കാറിൻ്റെ നിയന്ത്രണം എന്നിൽ നിന്നും വഴുതിമാറുന്നത് ഞാനറിയുന്നുണ്ടായിരുന്നു…
ഞാനൊരു നിമിത്തമായി മാത്രം മാറിയിരുന്നു. അടുത്തിടെ പണിതീർന്ന കൈവരികളില്ലാത്ത പാലത്തിലൂടെ കയറുന്നതിനുമുമ്പ് ഞാൻ അവരെ സൂക്ഷിച്ച നോക്കി…അവരുടെ കണ്ണുകളിലെ അഗ്നി ശാന്തമായിരുന്നു. അനുപമമല്ലാത്ത തിളക്കവും, സജലതയും ഞാൻ ശ്രദ്ധിച്ചു. വെളുപ്പിനും, കറുപ്പിനുമിടയിലുള്ള ഒരു നിറമായിരുന്നു കവിളുകൾക്ക്. ശ്വാസഗതിയിലൂടെ പുറത്തേയ്ക്കു വരുന്ന നിശ്വാസങ്ങൾക്ക് കുന്തിരിക്ക പുകയുടെ മണമായിരുന്നു. അതീന്ദ്രിയവും,അൽഭുതാവഹവുമായിരുന്നു ആ സാന്നിദ്ധ്യം.
എന്തോ ചോദിക്കുവാനായി ഞാൻ തുനിഞ്ഞതും
” എന്താ പേടി തോന്നുന്നുണ്ടോ? എന്ന ചോദ്യം എൻ്റെ നാവിനെ മടക്കി.
ഞാൻ ഒന്നും മിണ്ടിയില്ല.
ഭൂമിയിൽ എത്ര നാൾ കൂടിയുണ്ടാവും എന്നു ചിന്തിച്ചിട്ടുണ്ടോ?
മറുപടി പറയാനാവാതെ എൻ്റെ നാവു വരണ്ടിരുന്നു..
എത്ര നാൾ കാണുമെന്നാർക്കറിയാം. ആർക്കു പറയാനാകും. അങ്ങിനെ ആരെങ്കിലും പറയുന്ന സമയം പാലിച്ചിട്ടുണ്ടോ? ചിലർ സമാധിയാകുന്ന സമയം കാലേക്കൂട്ടി പ്രവചിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ആ സമയത്തു മരിച്ചില്ലങ്കിൽ സുഹൃത്തുക്കൾ കൊന്നു കുഴിച്ചു മൂടുമായിരുന്നു. നിശ്ചിതസമയത്തു തന്നെ വിരുന്നുകാരനായി മരണമെത്തുക തന്നെ ചെയ്യും.. മരണം..അതൊന്നു മാത്രമാണ് നെറിയുള്ളത്. എന്തു പറയണമെങ്കിലും നാവു വഴങ്ങണമല്ലോ…അതിനു കഴിഞ്ഞിരുന്നില്ല ….
“ഇന്ന് നിങ്ങളുടെ ദിവസങ്ങൾ തീരും അതിനായി നിങ്ങളെ പ്രതീക്ഷിച്ച് ഒരാൾ പൂമുഖത്തു കാത്തിരിപ്പുണ്ട്. എന്നെ നിങ്ങളെ ആ കൈകളിൽ നിന്നും രക്ഷപ്പെടുത്താനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. ”
എല്ലാം ഇട്ടെറിഞ്ഞിട്ട് എങ്ങിനാ പോവുക. ഇടയ്ക്കു വച്ച് ശ്വാസഗതി പിടിച്ചു നിർത്തുന്നത് എത്ര ഹീനമായ നടപടിയാണ്. ഇനി പോകാൻ തയ്യാറെന്നു പറയാൻ താനൊരു ആത്മീയവാദിയൊന്നുമല്ലല്ലോ. ഉള്ളിൽ ഒരാന്തൽ ഉയരുന്നത് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.
അതിന് ഞാൻ ജീവിച്ച് കൊതി തീർന്നിട്ടില്ല. ഇനിയും ഒരുപിടി കാര്യങ്ങൾ ചെയ്യാനുണ്ട്. ഭാര്യ കുട്ടികൾ ആരുമി വിടില്ല…അവരെ പലതും പറഞ്ഞേൽപിക്കാനുണ്ട്. അവരെന്നെ കാത്തിരിക്കയല്ലേ..പിന്നെ മരിക്കാൻ എനിക്ക് ഭയമില്ല.. ജനിച്ചാൽ മരിക്കുമല്ലോ…
ഞാൻ വിക്കി വിക്കി പറഞ്ഞു.
.ഭയമില്ലങ്കിൽ പിന്നെന്തിനാ ജീവിച്ച തീർന്നില്ലന്നു പറയുന്നത്. ” അവരെങ്ങോട്ടാകും എന്നെ കൊണ്ടുപോവുക.
അതൊന്നും എനിക്കറിയില്ല. അത് അവരുടെ പരിധിയിൽ പെട്ട കാര്യങ്ങളാണ്…
മഴയുടെ കഠിനത കുറയുന്നില്ല പക്ഷെ അത് ഞങ്ങളെ ബാധിക്കുന്നേയില്ല…
എനിയ്ക്ക് വല്ലാതെ കരച്ചിൽ വന്നു. എൻ്റെ കണ്ണുകൾ നിറയുകയും, കൈകാലുകൾ മരവിക്കുന്നതുമായി അനുഭവപ്പെട്ടു…എവിടുന്നാകും മരണമെന്നെ കടന്നു പിടിക്കുക പെരുവിരലിൽ നിന്നാകുമോ… ഒരു കാലിൽ നിന്നോ, രണ്ടു കാലുകളിലും കൂടി ഒരുമിച്ചോ! അതോ ഉച്ചിയിൽ നിന്നോ… ചീകി മിനുക്കി സുഗന്ധം തൈലം പൂശി സംരക്ഷിക്കുന്ന എൻ്റെ മുടിയിഴകൾ വകഞ്ഞു മാറ്റുന്നുണ്ടോ എന്ന് വൃഥാ ആലോചിച്ചു…അതോ കൈകളിലൂടെയായിരിക്കുമോ… കൈകൾ ഞാൻ ഉയർത്തി പരിശോധിച്ചു.. ഒരനക്കവുമില്ല…അതിൻ്റെതായ ഒരു ലക്ഷണവുമില്ല …
“എന്താ പോകാൻ തിടുക്കമായോ, ഒരു യുക്തിയോടെ സംസാരിക്കുകയും, യുക്തിരഹിതമായ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടല്ലോ?”
ഞാനൊന്നും മിണ്ടിയില്ല. വീടടുക്കാൻ നിമിഷങ്ങൾ മതി. പെട്ടന്ന് വണ്ടിയുടെ ഹെഡ് ലൈറ്റുകൾ നിലച്ചു. കണ്ണിൽ ഇരുട്ട് ഉരുണ്ടു കയറി. ഒന്നും കാണാൻ സാധിക്കുന്നില്ല…
ഹെഡ് ലൈറ്റ് ഇനി വേണ്ട …അല്ലാതെ തന്നെ നിങ്ങൾ ലക്ഷ്യസ്ഥാനത്തെത്തും. പെട്ടന്നായിരുന്നു അവരുടെ മറുപടി
വണ്ടി ഓടുന്നത് മാത്രം ഞാനറിയുന്നുണ്ട്. ഒന്നും ദൃഷ്ടിയിലില്ല. ഒരാശ്വാസമായത് എൻ്റെ വീട്ടിലെ വെളിച്ചം കണ്ടപ്പോഴാണ് പ്രവേശന കവാടത്തിലെ തൂണുകളിലെ വെളിച്ചം എന്നിൽ ആശ്വാസം കൊള്ളിച്ചു. ഓടാമ്പൽ കൊണ്ട് പൂട്ടിയ പടി വാതിൽ താനെ തുറയുകയായിരുന്നു…
വീട്ടിലേയ്ക്ക് വണ്ടിയിറങ്ങുന്ന സമയം ഞാൻ അവരെ ശ്രദ്ധിച്ചു തീപാറുന്ന കണ്ണുകളായിരുന്നു. മുടിയിഴകൾ കൂർത്ത മുനയുള്ള കമ്പികൾ പോലെ. പല്ലുകൾ ഞെരിഞ്ഞമരുന്നതും ചുണ്ടുകൾ വിറക്കുന്നുമുണ്ടായിരുന്നു.
കാർ പോർച്ചിലേയ്ക്കു കടന്നപ്പോഴാണ് എൻ്റെ പൂമുഖത്ത് നിവർന്നിരിക്കുന്ന പുതിയ അതിഥിയെ ഞാൻ കാണുന്നത്. വളരെ സൗമ്യവും, ദീപ്തവുമായ ഒരാൾ രൂപം. കണ്ണുകൾ ആഴത്തിലുള്ളതും തോരാത്ത കണ്ണീർച്ചാലുകളുള്ളതുമാണ്… ചെവികൾ തലയുടെ ഇരുവശത്തുനിന്നും തെറിച്ചു വീണ വിശറി പോലെ കാണപ്പെട്ടു…വെള്ള വസ്തമണിഞ്ഞിരിക്കുന്നു. ആരാലും ഇഷ്ടപ്പെടുന്ന മൃദുലമായ രൂപം ഏകദേശം ആറരഅടി ഉയരം. മുന്നോട്ട് തള്ളി നിൽക്കുന്ന നെഞ്ചാം കൂട്. അറബികൾ ധരിക്കുന്ന കന്തൂറയാണ് വേഷം. അരക്കെട്ട് തടിച്ചു കൊഴുത്തതും തുടകൾ ഉരുണ്ടതുമാണ്.. കൈകൾ ഇരുമ്പു ദണ്ഡുകൾക്ക് സമാനവും, ബലിഷ്ടവുമാണ്. വലതുകയ്യിൽ മടക്കിപ്പിടിച്ച ഒരു പുസ്തകവും, ഇടതു കയ്യിൽ ഒരു ചങ്ങലയും ചങ്ങലയുടെ കണ്ണികൾ ദൃഢവും പരസ്പരം കോർക്കപ്പെട്ടതുമാണ്. അത് അരണ്ട വെളിച്ചത്തിൽ തിളങ്ങുന്നുണ്ട്. തലയുടെ പിൻഭാഗത്ത് അലൗകികമായ ഒരു വെളിച്ചം വളഞ്ഞു നിൽപുണ്ട്.
“ഞാൻ കവർന്നെടുക്കുന്നതിനു മുമ്പ് നിങ്ങൾ എൻ്റെ ഇരയെ കീഴ്പ്പെടുത്തിയല്ലേ … ”
അതിഥി എന്നോടൊപ്പമുള്ളവരോട് വെറുപ്പോടെ ചെവിയിൽ രഹസ്യം പറഞ്ഞു..
നിങ്ങൾ എനിക്കു മുമ്പേ ഇങ്ങെത്തും എന്ന് കരുതിയിരുന്നു. പക്ഷെ ഇത്ര നേരത്തെയെത്തുമെന്ന് ഓർത്തില്ല. നിങ്ങൾ ഇനിയിവിടെ നിൽക്കണമെന്നില്ല …ഇയാളെ നിങ്ങൾക്ക് വിട്ടു തരില്ല ….
അത് നിങ്ങൾ തീരുമാനിക്കുന്നതല്ലല്ലോ… അയാളുടെ കാലാവധി ഇന്നവസാനിക്കും…അതാണ് തെളിയുന്നത്.
അത് നിങ്ങളുടെ അറിവു മാത്രം. അയാളെ മന:പൂർവ്വം സംരക്ഷിക്കാനായി എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ വിവരം നിങ്ങളുടെ സഹായികൾ അറിയിക്കാത്തതാണ് പ്രശ്നം.
അവരുടെ രണ്ടു പേരുടെയും ശബ്ദം ഒരു ഇടയ്ക്കയിൽ പെരുക്കും പോലെ കയറിയിറങ്ങിക്കൊണ്ടിരുന്നു.. ക്ഷീണിതനായ ഞാൻ ഈ സമയം മുൻ കതകു തുറന്ന് അകത്ത് കടന്നിരുന്നു. പുറത്ത് മഴയേക്കാൾ ശബ്ദത്തിൽ അവർ കലഹിച്ചു കൊണ്ടിരുന്നു. അവരുടെ ശബ്ദം ഭിത്തിയിൽ വന്ന് തരിച്ചു നിന്നു… ഒരാൾ എന്നെ മരണത്തിലേയ്ക്കു കൊണ്ടുപോവാനും മറ്റേയാൾ എനിക്ക് പുനർജീവൻ നൽകാനും വന്നവരാണ്…. അടുത്ത വീടുകളെല്ലാം ഉറക്കത്തിലാണ്. അതുകൊണ്ടുതന്നെ ആരും ശ്രദ്ധിക്കുന്നില്ലന്നുറപ്പ്… അലങ്കോലമായി കിടക്കുന്ന ഊണുമേശയിൽ കഴിച്ച ഭക്ഷണപദാർഥങ്ങൾ പലയിടത്തും ഒട്ടിപ്പിടിച്ചിരിപ്പുണ്ട്. രാവിലെ കഴിച്ച പാത്രങ്ങൾ ഉണങ്ങിപ്പിടിച്ച നിലയിലാണ്. അതെല്ലാം എടുത്തു കൊണ്ടുപോയി സിങ്കിൽ ഇട്ട് കഴുകാൻ തുടങ്ങുമ്പോഴും പുറത്ത് അവർതമ്മിൽ തർക്കം നടക്കുന്നുണ്ട്. ചായ പാത്രത്തിൽ പാൽ പൊട്ടിച്ചൊഴിച്ച് സ്റ്റൗവിൽ വച്ചു. തിളച്ചുതുടങ്ങിയപ്പോൾ ഓട്ട്സ് ചേർത്ത് വാങ്ങി വച്ചു.. ശുചിമുറിയിൽ കയറി കൈകാലുകളും മുഖവും കഴുകി… കണ്ണാടിയിലെ രൂപം ക്ഷീണിതനായിരുന്നു. വീട്ടിലെ പല മുറികളും അടഞ്ഞുകിടക്കുകയാണ്. രാത്രി ഉറങ്ങുന്നതിനു മാത്രമുള്ള ഒരു സത്രമായി വീടു മാറിയിരിയ്ക്കുന്നു. ഈ വലിയ വീട്ടിൽ ഇപ്പോൾ ഉപയോഗത്തിലുള് ഇത് ഒരു കിടപ്പുമുറിയും അടുക്കളയും മുറിയോടു ചേർന്നുള്ള ശുചിമുറിയും മാത്രം.. തികട്ടി വന്ന ഉച്ചഭക്ഷണത്തിൻ്റെ അവശിഷ്ടം വാഷ്ബേസിനിൽ തുപ്പിക്കളഞ്ഞു. ഓട്ട്സ് കഴിച്ചു കൊണ്ടിരുന്നപ്പോൾ പുറത്ത് കലഹംഅധികരിക്കുന്നുണ്ടായിരുന്നു. എന്തിനാവും ഇവർ കലഹിക്കുന്നത് ഇവർക്കിടയിലും അധികാരത്തിനായുള്ള വഴക്കും പോരാട്ടവും നടക്കുമോ… നാട്ടിലാണെങ്കിൽ നിത്യവും കൊലപാതകവും, പീഠനവും, സംഘർഷവുമാണ്. ഇവിടുത്തേതിലും ദുരിതമായിരിക്കുമോ അവിടെ. ഏതായാലും ഇനിയും കാത്തിരിക്കാനില്ല … മുറിയിൽ കയറിക്കിടക്കാം… പൂമുഖത്ത് അവർ രണ്ടും വലിയ വാദപ്രതിവാദത്തിലാണ്. ഒരാളുടെ കയ്യിലിരിക്കുന്ന ചങ്ങലയുടെ കിലുക്കം കാതടപ്പിക്കുന്നതാണ്. എന്നോടൊപ്പം വന്നവർ കയ്യിൽ മിന്നൽ പിണരുമായി മറ്റേയാളിനെ നേരിടുന്നുണ്ട്. ഇടി മുഴക്കവും, കടാഹ ധ്വനികളും ഇടയ്ക്കു കേൾക്കുന്നുണ്ട്. ശൂന്യതയിൽ നിന്നും ആയുധങ്ങളെടുത്ത് ഇരുവരും പ്രയോഗിക്കുന്നുണ്ട്. ഇവരുടെ ഈ ദ്വന്ദയുദ്ധം തനിക്കു വേണ്ടിയാണല്ലോ എന്നോർത്തപ്പോൾ ഉള്ളിൽ ചിരി പൊട്ടി വരുന്നുണ്ട്. ഒരാൾ എന്നെ കൊണ്ടുപോകാനും മറ്റേയാൾ എന്നെ രക്ഷിക്കാനും.
ഞാനവർക്കിടയിൽ ചെല്ലാൻ മടിച്ചു നിന്നു…ഇതിലാരാവും വിജയിക്കുന്നത്. ആരുവി ജയിച്ചാലും തന്നെയാണ് അത് ബാധിക്കുക. ഏതായാലും ഇന്നത്തെതോടെ കാര്യങ്ങൾ വ്യക്തമാവും… ഞാനകത്തേയ്ക്കു തിരിഞ്ഞു നടന്നു. ആ കലഹത്തിൽ കക്ഷിയാവാതെ തന്നെ..
“നിങ്ങൾ കിടന്നോളൂ… ഞാൻ ഇയ്യാൾക്ക് നിങ്ങളെ വിട്ടുകൊടുക്കില്ല. നിശ്ചയം ഈ ചങ്ങലയിൽ ഞാൻ ഇയ്യാളെ തളച്ചിടും. ”
എൻ്റെ കൂടെ വന്നവർ പറഞ്ഞു…
ഇല്ല നിങ്ങളുടെ ഭൂമിയിലെ വാസം അവസാനിച്ചു… ഞാൻ നിങ്ങളെ കൂട്ടിപ്പോവും… നിങ്ങൾക്കായി നവസൃഷ്ടിയായി ഒരു ലോകം ഞങ്ങൾ പണിതുയർത്തിക്കഴിഞ്ഞു. അല്ലലും ഖിന്നതയും, വരുംവരായ്കകൾ ഭയപ്പെടാതെയും അവിടെക്കഴിയാം…അവിടെ നിങ്ങൾക്കായി മാധുര്യത്തോടെ ഒഴുകുന്ന അരുവികളും, രു ചിപൂർവ്വമായ മധുചഷകങ്ങളും, ലാവണ്യവതികളായ തരുണികളും ഒരിക്കലും അസ്തമിക്കാത്ത പകലുകളും കാത്തിരിയ്ക്കുന്നു. ദുരിത പൂർണ്ണവും, സംഘർഷ ഭരിതവും, തിക്കുമുട്ടലുമനുഭവിക്കുന്ന യാന്ത്രികവുമായ ഈ അന്തരീക്ഷത്തിൽ നിന്നും മോചനം നേടൂ… പ്രശോഭിതവും,തീവ്രസ്നേഹ പ്രഹർഷവും നിറഞ്ഞ ഒരു ലോകം നിങ്ങൾ ആഗ്രഹിക്കുന്നില്ലേ….”
അയാൾ കിതച്ചുകൊണ്ടു പറഞ്ഞു നിർത്തി…
ഈ സമയം എൻ്റെ സഹയാത്രികഅവരുടെ കയ്യിലെ മിന്നൽ പിണർ ഉപയോഗിച്ച് അയ്യാളുടെ തല പിളർന്നു … ചോര ഒരു പമ്പിലൂടെ തള്ളുന്ന ജലധാരകണക്കെ ചീറ്റി… അയാളുടെ കന്തുറയും ശരീരമാകേയും ചുടുചോര പരന്നൊഴുകി…. ഉയർന്ന മലയിൽ നിന്നും കടപുഴുകുന്ന ഒരു മരം കണക്കെ അയാൾ നിലത്തു അടർന്നു വീണു . ചക്രവാളത്തിൽ ശക്തമായ ഒരിടിവെട്ടി ലോകം പിളരുമാർ ഉള്ള ആശബ്ദം അവിടെയെല്ലാം എടുത്തടിക്കും പോലെ കുലുങ്ങി മറിഞ്ഞു…
ശത്രുവിനെ കീഴടക്കിയ ഒരു കുലസ്ത്രീയെ പോലെ അവരെ കാണപ്പെട്ടു. സന്തോഷവും, വിജയവും ആ മുഖത്ത് വിരുന്നു വന്നു …
“ഇനി നിങ്ങൾ കിടന്നോളൂ… ഞാൻ നിങ്ങൾക്ക് കാവലിരിയ്ക്കാം…. ഈ രാത്രി അവിസ്മരണീയവും, മറ്റാർക്കും അനുഭവ വേദ്യവുമല്ല … ഈ സുഷുപ്തിയും, സൗകുമാര്യതയും നിങ്ങൾക്ക് മാത്രമവകാശപ്പെട്ടതാണ്….
എന്നിട്ടവർ എൻ്റെ വട്ടമേശയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന മകൻ്റെ ഗിറ്റാർ കൈയ്യിലെടുത്തു. മഴ ക്ഷീണിക്കുകയും കാറ്റ് ഏതോ സ്വകാര്യം പറയാനുള്ളതുപോലെ ജനൽ പാളികളിൽ വന്ന് മുട്ടി വിളിച്ചും കൊണ്ടുമിരുന്നു.
എൻ്റെ തുടർജീവിതത്തിന് ഞാൻ നിങ്ങളോട് കടപ്പെട്ടിരിയ്ക്കുന്നു. വറ്റി വരണ്ട ഒരു ജലാശയത്തിൻ ജീവൻ്റെ ഉൾതുടിപ്പുമായി വന്ന നിങ്ങൾ ആരാണ്… ഓർമ്മ തെറ്റു പോലെ ദിശമാറി തുടങ്ങിയ എന്നെ ഇനി എത്ര നാൾ നിങ്ങൾ പിടിച്ചു നിർത്തും…
ഉരിയാട്ടം മുട്ടിയ പോലെയായിരുന്നു അവരുടെ ഭാവം. ഈ സമയം ഗിറ്റാറിൻ്റെ കമ്പികളിൽ നിന്നുയർന്ന കമ്പനങ്ങൾ ശ്രുതി പൂർവ്വവും മാധുര്യമേറിയതുമായിരുന്നു. അവർ അതിസാമർഥ്യത്തോടെ ആ സംഗീത ഉപകരണത്തിൽ നാദധാര തൊടുത്തു കൊണ്ടിരുന്നു.
ഗായകനും, ഗിറ്റാറിസ്റ്റുമായ ജോമി അലൻ ഹെൻ്റിക്സിൻ്റെ പ്രസിദ്ധമായ ആൾ എലോങ് ദി വാച്ച് ടവ്വർ എന്ന വിഖ്യാത ഗാനം അവരുടെ മാന്ത്രിക വിരലിലൂടെ ഗിറ്റാറിൽ ഒലിച്ചിറങ്ങി… അർദ്ധ മയക്കത്തിൽ നിന്നും വഴുതി വീഴുന്ന ഞാൻ ആ ഗാനനിർദ്ധരിയിൽ സ്വയം മറന്നുറങ്ങി….