സെന്റ് വിന്‍സന്റ്: വീരോചിതം അഫ്ഗാന്‍. ഏകദിന ലോകകപ്പില്‍ അഫ്ഗാന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞ മാക്‌സ്വെല്ലും സംഘവും ഇക്കുറി അതാവര്‍ത്തിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. കിങ്‌സ്ടൗണിലെ ആര്‍മോസ് വാലെ ഗ്രൗണ്ടില്‍ അഫ്ഗാന്‍ കുതിച്ചുയര്‍ന്നു. ഓസീസിനെ 21 റണ്‍സിന് തകര്‍ത്ത് അഫ്ഗാന്റെ സുന്ദരമായ തിരിച്ചടി. 149 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 127 റണ്‍സിന് ഓള്‍ഔട്ടായി. ഓസീസിനെ തകര്‍ത്ത് അഫ്ഗാനിസ്താന്‍ സെമി സാധ്യതകള്‍ സജീവമാക്കി. തോറ്റാല്‍ പുറത്താകുന്ന കളിയിലാണ് അഫ്ഗാന്‍ ജീവന്‍ തിരിച്ചുപിടിച്ചത്.
അഫ്ഗാന്‍ ഉയര്‍ത്തിയ 149-റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് അക്കൗണ്ട് തുറക്കും മുമ്പേ ട്രാവിസ് ഹെഡിനെ നഷ്ടമായി. നവീന്‍ ഉള്‍ ഹഖ് താരത്തെ ബൗള്‍ഡാക്കി. പിന്നാലെ മിച്ചല്‍ മാര്‍ഷും(12)ഡേവിഡ് വാര്‍ണറും(3) മടങ്ങിയതോടെ ഓസീസ് പ്രതിരോധത്തിലായി. 32-3 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ വീണു. എന്നാല്‍ ഗ്ലെന്‍ മാക്‌സ്വെല്ലും സ്‌റ്റോയിനിസും ചേര്‍ന്ന് ടീം സ്‌കോര്‍ 50-കടത്തി.
സ്‌റ്റോയിനിസിനേയും(11) പിന്നാലെയിറങ്ങിയ ടിം ഡേവിഡിനേയും(2) പുറത്താക്കിയതോട അഫ്ഗാന് ജയപ്രതീക്ഷ കൈവന്നു. അര്‍ധ സെഞ്ചുറി തികച്ച മാക്‌സ്വെല്‍ മറുവശത്ത് ഓസീസിന്റെ രക്ഷയ്‌ക്കെത്തി. എന്നാല്‍ ടീം സ്‌കോര്‍ 106-ല്‍ നില്‍ക്കേ മാക്‌സ്‌വെല്ലിനെ പുറത്താക്കിയ ഗുല്‍ബാദിന്‍ അഫ്ഗാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അഞ്ച് റണ്‍സെടുത്ത മാത്യു വെയ്ഡിനേയും കൂടാരം കയറ്റി റാഷിദ് ഖാന്‍ ഓസീസിനെ വന്‍ പ്രതിരോധത്തിലാക്കി. ഓസ്‌ട്രേലിയ 108-7 എന്ന നിലയിലായി. പാറ്റ് കമ്മിന്‍സിനും (3) ആഷ്ടണ്‍ അഗറിനും കാര്യമായി ഒന്നും ചെയ്യാനായില്ല. സാംപയും
ഹെയ്‌സല്‍വുഡും പൊരുതിനോക്കിയെങ്കിലും സാംപയെ പുറത്താക്കി അഫ്ഗാന്‍ 21 റണ്‍സ് ജയവുമായി മടങ്ങി.
അഫ്ഗാനായി ഗുല്‍ബാദിന്‍ നാല് വിക്കറ്റെടുത്തപ്പോള്‍ നവീന്‍ ഉള്‍ ഹഖ് മൂന്ന് വിക്കറ്റെടുത്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന്‍ നിശ്ചിത 20-ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ഗുര്‍ബാസിന്റേയും ഇബ്രാഹിം സദ്രാന്‍ഡറേയും അര്‍ധസെഞ്ചുറികളാണ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
മികച്ച തുടക്കമാണ് ഗുര്‍ബാസും സദ്രാനും ചേര്‍ന്ന് നല്‍കിയത്. വിക്കറ്റ് നഷ്ടപ്പെടുത്താതെ ബാറ്റേന്തിയ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ നൂറുകടത്തി. 15-ഓവറില്‍ ടീം 109-റണ്‍സിലെത്തി. 118-ല്‍ നില്‍ക്കേ ഗുര്‍ബാസിനെ സ്‌റ്റോയിനിസ് പുറത്താക്കി. 49-പന്തില്‍ നിന്ന് നാല് വീതം ഫോറുകളുടേയും സിക്‌സറുകളുടേയും അകമ്പടിയോടെ താരം 60-റണ്‍സെടുത്തു. എന്നാല്‍ പിന്നീടാര്‍ക്കും അഫ്ഗാന്‍ നിരയില്‍ തിളങ്ങാനായില്ല. അസ്മത്തുള്ള(2), കരിം ജാനത്ത്(13), റാഷിദ് ഖാന്‍(2) ഗുല്‍ബാദിന്‍(0) എന്നിവര്‍ നിരാശപ്പെടുത്തി. 48-പന്തില്‍ നിന്ന് 51 റണ്‍സെടുത്ത സദ്രാന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കി.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക് നേടിയ കമ്മിന്‍സാണ് അഫ്ഗാന്‍ ബാറ്റിങ് നിരയെ തളച്ചത്. ആദം സാംപ രണ്ട് വിക്കറ്റെടുത്തു.