Thursday, January 9, 2025
Homeകായികംപാരീസ് ഒളിമ്പിക്സ് 2024:- പ്രാദേശിക സമയം രാത്രി 8.24ന് ഗെയിംസ് വേദിയില്‍ ഒളിംപിക് ദീപം തെളിയും:...

പാരീസ് ഒളിമ്പിക്സ് 2024:- പ്രാദേശിക സമയം രാത്രി 8.24ന് ഗെയിംസ് വേദിയില്‍ ഒളിംപിക് ദീപം തെളിയും: ഇന്ത്യയിൽ നിന്ന് 117 താരങ്ങൾ പങ്കെടുക്കും

ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്  അരങ്ങുണരുകയായി. പ്രാദേശിക സമയം രാത്രി 8.24ന് ഗെയിംസ് വേദിയില്‍ ഒളിംപിക് ദീപം തെളിയും. ഒളിമ്പിക്സിന്റെ ദീര്‍ഘമായ ചരിത്രത്തില്‍ ഇതുവരെ കാണാന്‍ സാധിക്കാത്ത വ്യത്യസ്തമായ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും.

ഒളിമ്പിക്‌സിന്റെ 33ാം പതിപ്പില്‍ 206 രാജ്യങ്ങളില്‍ നിന്നായി 10,500 കായികതാരങ്ങളാണ് 16 ദിവസങ്ങളിലായി മല്‍സരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഒളിമ്പിക്‌സ് യോഗ്യത നേടിയ 117 താരങ്ങള്‍ ലോകവേദിയില്‍ മാറ്റുരയ്ക്കും. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സിനേക്കാള്‍ മെഡലുകള്‍ ഇന്ത്യ പാരിസില്‍ പ്രതീക്ഷിക്കുന്നുണ്ട്.ചരിത്രത്തില്‍ ആദ്യമായി പ്രധാനവേദിക്ക് പുറത്താണ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകള്‍ അരങ്ങേറുക.

ഗ്രീസിലെ ആതന്‍സില്‍ ഏപ്രില്‍ 16ന് കൊളുത്തിയ ദീപം പാരീസ് സമയം വെള്ളിയാഴ്ച രാത്രി 8.24ന് ഗെയിംസ് വേദിയിലേക്ക് പകരും. തുടര്‍ന്ന് സെന്‍ നദിയിലൂടെയാണ് താരങ്ങളുടെ മാര്‍ച്ചുപാസ്റ്റ് നടക്കുക. ട്രാക്കിലൂടെ മാര്‍ച്ച് ചെയ്ത് കാണികളെ അഭിവാദ്യം ചെയ്യുന്ന രീതി ഇത്തവണ ഉണ്ടാവില്ല.നഗരത്തിലെ പ്രധാന നദിയായ സെന്‍ നദിയിലെ ഒളപ്പരപ്പുകള്‍ കായിക താരങ്ങളെ വരവേല്‍ക്കും. ഫ്രഞ്ച് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുകൂടി നദിയിലൂടെ 6 കിലോമീറ്റര്‍ ഫ്‌ലോട്ടിങ് പരേഡുണ്ടാവും.

10,500 ഒളിമ്പിക് താരങ്ങളെ വഹിക്കാന്‍ 100 ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൗതുകങ്ങള്‍ നിറയ്ക്കുന്നതിനും സുരക്ഷാ കാരണങ്ങളാലും ചടങ്ങുകളുടെയും പങ്കെടുക്കുന്ന കലാകാരന്‍മാരുടെയും പൂര്‍ണവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.ഫ്‌ലോട്ടിങ് പരേഡ് ഓസ്റ്റര്‍ലിറ്റ്‌സ് പാലത്തിനടുത്തു നിന്ന് പുറപ്പെട്ട് നോട്രെ-ഡാം ഡി പാരീസ് കത്തീഡ്രലിലൂടെ യാത്ര ചെയ്ത് ഈഫല്‍ ടവറിന് സമീപം എത്തിച്ചേരും.

പോണ്ട് ഡെസ് ആര്‍ട്സ്, പോണ്ട് ന്യൂഫ് എന്നിവയുള്‍പ്പെടെയുള്ള പാലങ്ങള്‍ക്കും ഗേറ്റ്വേകള്‍ക്കുമിടയില്‍ ഇത് കടന്നുപോകും. നഗരത്തിലെ ഏറ്റവും പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളില്‍ പലതും ഉള്‍ക്കൊള്ളുന്നു.പാരിസിലെ ഈഫല്‍ ഗോപുരത്തിനുമുന്നിലെ ട്രക്കാഡറോ മൈതാനത്ത് മൂന്നുമണിക്കൂറോളം നീളുന്നതാണ് ഉദ്ഘാടനച്ചടങ്ങ്.

സമ്പന്നമായ ഫ്രഞ്ച് കലാ-സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന കലാപരിപാടികളുമുണ്ടാകും. മൂവായിരത്തോളം കലാകാരന്മാരാണ് ചടങ്ങ് വര്‍ണാഭമാക്കുക. സംഗീതമോ നൃത്തമോ പ്രകടനമോ നിറയാത്ത ഒരു നദീതീരമോ പാലമോ ഇവിടെ ഉണ്ടാകില്ല. ചരിത്ര സ്മാരകങ്ങള്‍, നദീതീരങ്ങള്‍, ആകാശം, വെള്ളം എന്നിവ ചടങ്ങിനായി പ്രയോജനപ്പെടുത്തും.സെന്‍ നദിക്കരയില്‍ നിന്ന് ജനങ്ങള്‍ക്ക് സൗജന്യമായി മാര്‍ച്ച് പാസ്റ്റ് വീക്ഷിക്കാനാവുന്ന വിധത്തിലാണ് സജ്ജീകരണങ്ങള്‍. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് നേരിട്ട് കാണാനാവും. പ്രത്യേക സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് 10,4000 പേര്‍ക്ക് ടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാന്‍ 80 ഓളം ബിഗ് സ്‌ക്രീനുകളും ഒരുക്കിയിരിക്കുന്നു. ലോകത്തുടനീളം ടെലിവിഷനിലൂടെ ഉദ്ഘാടന ചടങ്ങുകള്‍ കോടിക്കണക്കിന് ജനങ്ങളിലേക്ക് എത്തും.ഇന്ത്യന്‍ സമയം രാത്രി 11നാണ് ഉദ്ഘാടന ചടങ്ങുകള്‍. രാജ്യത്ത് ഒളിമ്പിക്‌സ് സംപ്രേഷണാവകാശം വയാകോം 18 ആണ് നേടിയിട്ടുള്ളത്. സ്പോര്‍ട്സ് 18 നെറ്റ്വര്‍ക്ക് ചാനലിലൂടെ ഉദ്ഘാടന ചടങ്ങും മത്സരങ്ങളും കാണാം. ജിയോ സിനിമ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും തല്‍സമയം ദൃശ്യമാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments